കന്നഡനടി കൃഷി താപ്പണ്ടയുടെ ബെംഗളൂരുവിലെ വീട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളുരു:കന്നഡ താരം കൃഷി താപ്പണ്ടയുടെ രാജാരാജേശ്വരി നഗറിലുള്ള വീട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് ആണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം. കൃഷി താപ്പണ്ട ,യെലഹങ്ക(വടക്കൻ ബാംഗ്ലൂരിലെ ഒരു പ്രദേശം )യിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വൈശാഖ് കൃഷി താപ്പണ്ടയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വൈശാഖ് കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയുമായി ഒരു മാസമായി അകന്നുകഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അഭിഭാഷകനായ അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ വൈശാഖ് അറസ്റ്റിലായിരുന്നു. സംഭവത്തിൽ രാജാരാജേശ്വരി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.