നോക്ക് ഔട്ടിൽ കളിച്ച കേപ് വെർഡെക്ക് ഫിഫയുടെ പ്രതിഫലം 196 കോടി

മുംബൈ : ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ് വെർഡെ ലോകകപ്പ് നോക്ക് ഔട്ടിൽ അർജന്റീനയോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. ചരിത്രത്തിൽ എഴിതിവെക്കപ്പെട്ട ആ പോരാട്ടത്തിനൊടുവിൽ കേപ് വെർഡെക്ക് ലഭിക്കുന്ന ഫിഫയുടെ സമ്മാനത്തുകയാണ് ഇപ്പോൾ വാർത്തയാകുന്നത്. വെറും 5.3 ലക്ഷം ജനസംഖ്യയുള്ള ഈ രാജ്യം ആദ്യമായി ലോകകപ്പിന് യോഗ്യത നേടി റൗണ്ട് ഓഫ് 32വരെ എത്തിയതോടെ ഫിഫയിൽനിന്ന് കോടികളുടെ വരുമാനമാണ് ഉറപ്പിച്ചത്.
2026 ലോകകപ്പിനായി ഫിഫ ആകെ 871 മില്യൺ ഡോളർ റെക്കോർഡ് സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതിൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്മാനത്തുകയ്ക്ക് പുറമെ, ലോകകപ്പിന് യോഗ്യത നേടിയ എല്ലാ 48 ടീമുകൾക്കും 10 മില്യൺ ഡോളർ യോഗ്യതാ തുകയും 2.5 മില്യൺ ഡോളർ ടൂർണമെന്റ് ഒരുക്കങ്ങൾക്കുള്ള ഗ്രാന്റും ലഭിക്കും.
ഗ്രൂപ്പ് ഘട്ടം കടന്ന് റൗണ്ട് ഓഫ് 32 വരെ എത്തിയ ടീമുകൾക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 11 മില്യൺ ഡോളർ കൂടി ലഭിക്കും. അതായത് കേപ് വെർഡെ ഫുട്ബോൾ ഫെഡറേഷന്റെ ആകെ വരുമാനം 23.5 മില്യൺ ഡോളർ. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 196 കോടി രൂപ വരും.
ഇത്രയും വലിയ തുക താരങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതല്ല. ദേശീയ ഫുട്ബോൾ ഫെഡറേഷനാണ് പണം ലഭിക്കുന്നത്. പിന്നീട് താരബോണസ്, പരിശീലകസംഘത്തിൻ്റെ പ്രതിഫലം, ഫുട്ബാേൾ വികസിപ്പിക്കാനുള്ള പണം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ പദ്ധതികൾക്കാണ് ഈ തുക വിനിയോഗിക്കുന്നത്.
ലോകകപ്പ് വിജയിക്കുന്ന ടീമിന് ഇത്തവണ ഫിഫ നൽകുന്നത് ഏകദേശം 417 കോടി രൂപ സമ്മാനമാണ്. ഇതിന് പുറമെ 10 മില്യൺ ഡോളർ യോഗ്യതാ തുകയും 2.5 മില്യൺ ഡോളർ ഒരുക്ക ഗ്രാന്റും ലഭിക്കും. അതായത് ചാമ്പ്യൻ ടീമിന്റെ ആകെ വരുമാനം 62.5 മില്യൺ ഡോളറിലെത്തും. റണ്ണറപ്പിന് 33 മില്യൺ ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 29 മില്യൺ ഡോളറുമാണ് ലഭിക്കുക.