കശുവണ്ടി അഴിമതി: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി

കശുവണ്ടി  അഴിമതി: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി

എറണാകുളം: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ വിവരം സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്നലെ രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ ഇന്നുണ്ടാകും.

 500 കോടി രൂപയുടെ അഴിമതി

കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നൽകിയ മാപ്പപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ട് ഹാജരായ അദ്ദേഹം ഖേദപ്രകടനം നടത്തുകയും രേഖാമൂലം മാപ്പപേക്ഷ നൽകുകയും ചെയ്തിരുന്നു. സർക്കാരിനെതിരെ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്ക് നേരിട്ട് ഹാജരാകേണ്ടി വന്നത്. ഈ വിഷയത്തിലും കോടതിയുടെ തീരുമാനം ഇന്ന് നിർണായകമാകും.2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.

വിദേശ രാജ്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങിയതിലൂടെ കോർപറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഇതിനുപുറമെ, ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്തു. അക്കാലത്ത് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചത് ജെഎംജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് മാത്രമായിരുന്നു. ഇതിനായി ചട്ടങ്ങൾ ലംഘിച്ചതായും ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ചതായും ആരോപണമുണ്ട്.

കോർപറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ്, ജെഎംജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസും പിന്നീട് 2015ൽ സിബിഐയും കേസ് അന്വേഷിച്ചു. അന്വേഷണത്തിൽ കോർപറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തുകയും 2020ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി നൽകാൻ മുൻ എൽഡിഎഫ് സർക്കാർ തയാറായിരുന്നില്ല. മൂന്ന് തവണയാണ് മുൻ സർക്കാർ ഈ അനുമതി നിഷേധിച്ചത്.

വഴിത്തിരിവായത് ഹൈക്കോടതി ഇടപെടൽ 

അഴിമതി നിരോധന നിയമമനുസരിച്ച് കുറ്റപത്രം ഫയൽ ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്തതിനെതിരെ പരാതിക്കാരനായ പൊതുപ്രവർത്തകൻ കടകംപള്ളി മനോജ് 2021ൽ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് ഹൈക്കോടതി നടത്തിയ ശക്തമായ ഇടപെടലുകളാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്. നിലവിലെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കേസിൽ നിർണായക തീരുമാനമുണ്ടായത്.കോൺഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ ഏറ്റവും മുതിർന്ന നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാൻ യുഡിഎഫ് സർക്കാർ തന്നെ അനുമതി നൽകി എന്നത് കേസിൻ്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. ഐഎൻടിയുസി ബൈലോ അനുസരിച്ച് അഴിമതിക്കേസിൽ ഉൾപ്പെട്ടാൽ സ്ഥാനത്തുനിന്ന് മാറിനിൽക്കേണ്ടി വരും എന്നതിനാൽ ആർ. ചന്ദ്രശേഖരൻ്റെ ഭാവിയും ഇനി നിർണായകമാണ്.

പതിനെട്ട് വർഷം നീണ്ട നിയമപോരാട്ടത്തിൻ്റെ വിജയമാണ് സർക്കാരിൻ്റെ പുതിയ തീരുമാനമെന്ന് കടകംപള്ളി മനോജ് പ്രതികരിച്ചു. 2008ൽ തൻ്റെ മകൾ ജനിച്ച സമയത്ത് തുടങ്ങിയ പോരാട്ടമാണിത്. പാവപ്പെട്ട കശുവണ്ടി തൊഴിലാളികളെ കൊള്ളയടിച്ച കേസിൽ പ്രകൃതിയുടെ നിയമം നടപ്പിലാക്കാൻ താനൊരു നിമിത്തമായി മാറി. സുപ്രീം കോടതി വരെ എത്തിയ കേസിൽ പ്രതികൾ പല രീതിയിലും സ്വാധീനം ചെലുത്താൻ ശ്രമിച്ചു. അഭിഭാഷകരെ വരെ സ്വാധീനിക്കാൻ ശ്രമമുണ്ടായി.എന്നാൽ, മുഖ്യമന്ത്രി വി.ഡി സതീശൻ്റെ സത്യസന്ധമായ ഇടപെടലും വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സ്വീകരിച്ച അനുകൂല നിലപാടുമാണ് കേസിൽ നിർണായകമായതെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവകൃപ കൊണ്ടാണ് ഇത്രയും നാൾ പോരാടാൻ കഴിഞ്ഞതെന്നും കേസിൽ നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും കടകംപള്ളി മനോജ് കൂട്ടിച്ചേർത്തു.