ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് പരീക്ഷാ മുല്യനിർണയത്തിൽ മാറ്റം വരുത്തി സിബിഎസ്‌ഇ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് എക്‌സാം മുല്യനിർണയത്തിൽ മാറ്റം വരുത്തി സിബിഎസ്‌ഇ . പുതിയ പരീക്ഷ നടത്തുന്നതിനുപകരം, വിദ്യാർഥി ഇതിനകം എഴുതിയ പേപ്പറുകളുടെ മാർക്ക് അടിസ്ഥാനത്തിൽ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന രീതിയാണിതെന്ന് ബോർഡ് വ്യക്തമാക്കി.
സംഘർഷം രൂക്ഷമായതോടെ സിബിഎസ്ഇ പത്ത്, 12 ക്ലാസിലെ ബോർഡ് എക്‌സാമുകൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയത്തിൽ മാറ്റം വരുത്തിയത്. ഇതിനോടകം വിദ്യാർഥി എഴുതിയ പരീക്ഷ പേപ്പറാണ് വിലയിരുത്തുക. ഓരോ വിഷയങ്ങളിലെ ശരാശരി മാർക്ക് പരിഗണിച്ചായിരിക്കും അന്തിമ ഫലം പ്രഖ്യാപിക്കുക. ഫെബ്രുവരി 17 മുതൽ ഫെബ്രുവരി 28 വരെ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഈ കാലയളവിൽ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, സയൻസ് എന്നീ പ്രധാന വിഷയങ്ങളും ഭാഷാ വിഷയങ്ങളും സ്‌കിൽ പേപ്പറുകളും ഉൾപ്പെടെ മൊത്തം 44 പേപ്പറുകളിലാണ് പരീക്ഷ നടന്നതെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു.
മൂല്യനിർണയം ഇങ്ങനെ
വിദ്യാർഥികൾ എഴുതിയ പരീക്ഷകളുടെ എണ്ണം കണക്കിലെടുത്ത് നാല് വിഭാഗങ്ങളിലായാണ് മാർക്ക് നിശ്ചയിക്കുക. എല്ലാ പരീക്ഷകളും എഴുതിയവർക്ക് യഥാർത്ഥ മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കും. നാല് പരീക്ഷകൾ എഴുതിയവർക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മികച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ബാക്കിയുള്ള വിഷയങ്ങൾക്ക് നൽകും. മൂന്ന് പരീക്ഷകൾ എഴുതിയവർക്ക് മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്കും രണ്ട് പരീക്ഷകൾ മാത്രം എഴുതിയവർക്ക് എഴുതിയ രണ്ട് പരീക്ഷകളുടെ ശരാശരി മാർക്കും ബാക്കിയുള്ള പേപ്പറുകൾക്ക് കണക്കാക്കും. ഈ മൂല്യനിർണയ സംവിധാനം ഉപയോഗിച്ച് തയ്യാറാക്കുന്ന ഫലങ്ങൾ അന്തിമമായിരിക്കുമെന്നും പ്രത്യേക പരീക്ഷ നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.
ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. മേഖലയിൽ തുടരുന്ന സംഘര്‍ഷങ്ങൾ കണക്കിലെടുത്ത്, വിദ്യാലയങ്ങളില്‍ നിന്നും അധികൃതരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരീക്ഷകള്‍ റദ്ദാക്കിയിരിക്കുന്നത്. ഒപ്പം വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദവും ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് പരീക്ഷകൾ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ബോർഡ് കൂട്ടിച്ചേർത്തു.
ഗർഫ് മേഖലയിൽ ഏകദേശം 150 ലധികം സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളാണുള്ളത്. പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടങ്ങിൽ നിന്ന് വിദ്യാഭ്യാസം നേടുന്നത്. അതേസമയം ദുബായ്, അബുദാബി, ദോഹ, റിയാദ് എന്നിവയാണ് ഗള്‍ഫിലെ പ്രധാന പരീക്ഷാ കേന്ദ്രങ്ങള്‍. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ഇന്ത്യയിലും തെരഞ്ഞെടുത്ത വിദേശ കേന്ദ്രങ്ങളിലും വര്‍ഷം തോറും നടത്തിപ്പോരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇരുപക്ഷത്തിൻ്റെയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നതുമൂലം വലിയ പ്രതിസന്ധിയാണ് വിദ്യാഭ്യാസ മേഖലയിൽ സൃഷ്‌ടിച്ചിരുക്കുന്നത്.