ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി

ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചതായി ഔദ്യോഗിക പ്രഖ്യാപനം. 2026 മാർച്ച് 16 വരെ പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) ഇ ന്നറിയിച്ചു.പുതിയ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.
"ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിയും വിദ്യാർഥികളുടെ മാനസികാവസ്ഥയും നിലവിലുള്ള അനിശ്ചിതത്വവും കണക്കിലെടുത്താണ് തീരുമാനം. വിഷയം വിമർശനാത്മകമായി അവലോകനം ചെയ്‌ത ശേഷം, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവയ്ക്കാൻ ബോർഡ് തീരുമാനിച്ചു" സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് പറഞ്ഞു.പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. തുടർന്നുള്ള പരീക്ഷകൾക്ക്, മാർച്ച് 14 ന് സാഹചര്യം അവലോകനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് സിബിഎസ്ഇ മാർച്ച് 2, 5, 7, 9, 10, 11 തീയതികളിലെ പരീക്ഷകൾ ഈ മേഖലകളിൽ മാറ്റിവച്ചിരുന്നു. മാർച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും ഫലപ്രഖ്യാപനം പ്രത്യേകം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പരീക്ഷകൾ പൂർണമായി റദ്ദാക്കിയെന്ന തരത്തിൽ വ്യാജ സർക്കുലറുകൾ പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും പരീക്ഷകള്‍ തത്‌ക്കാലം മാറ്റിവയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്നും ദുബായിലെ സിബിഎസ്ഇ റീജിയണൽ ഓഫിസ് ഡയറക്‌ടര്‍ ഡോ. രാം ശങ്കർ അറിയിച്ചു. വിവരങ്ങൾക്കായി വിശ്വസനീയമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ അദ്ദേഹം വിദ്യാർഥികളോടും രക്ഷിതാക്കളോടും അഭ്യർഥിച്ചു.