എഫ്‌സിആർഎ ചട്ടങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ : വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകൾക്ക് പുതിയ നിയന്ത്രണങ്ങൾ

എഫ്‌സിആർഎ ചട്ടങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ : വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകൾക്ക്  പുതിയ നിയന്ത്രണങ്ങൾ

ന്യൂഡൽഹി: വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻ.ജി.ഒകൾക്കും സന്നദ്ധ സംഘടനകൾക്കും  കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2026 ജൂൺ 22-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ എഫ്.സി.ആർ.എ(Foreign Contribution Regulation Act) നിയമത്തിൽ സമൂലമായ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവന്നത്. വിദേശ ഫണ്ട് ഉപയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

എൻ.ജി.ഒകൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ കൃത്യമായ ഉദ്ദേശ്യവും സംസ്ഥാനവും/കേന്ദ്രഭരണപ്രദേശവും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത് അപേക്ഷയിൽ വ്യക്തമാക്കണം. ഓരോ പുതിയ പ്രവർത്തനത്തിനോ സംസ്ഥാനത്തിനോ അധികമായി 300 രൂപ ഫീസും നൽകണം. മതപരമായ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വീകരിക്കാമെങ്കിലും, ‘മതംമാറ്റം’ കർശനമായി ഒഴിവാക്കണം. മതപരമായ വിദ്യാഭ്യാസം, സത്സംഗങ്ങൾ, ധ്യാനങ്ങൾ എന്നിവയ്ക്ക് ഈ നിബന്ധന ബാധകമാണ്.ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാർ പ്രധാന പദവികൾ വഹിക്കുന്ന സംഘടനകൾക്ക് സാധാരണയായി എഫ്.സി.ആർ.എ രജിസ്ട്രേഷൻ അനുവദിക്കില്ല. പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് ഇതിൽ ഇളവ് നൽകാൻ അധികാരമുണ്ടായിരിക്കും. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടിൽ നിന്ന് ചെലവഴിച്ചിട്ടില്ലാത്ത സംഘടനകളുടെ ലൈസൻസ് റദ്ദാക്കപ്പെടാം. ‘മുൻകൂർ അനുമതി’ ഉള്ള സംഘടനകൾക്ക് പഴയ ഫണ്ട് 75 ശതമാനമെങ്കിലും ചെലവഴിച്ചാൽ മാത്രമേ അടുത്ത ഗഡു ലഭിക്കൂ.രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോൾ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം. വിദേശ ഫണ്ട് ഇടനിലക്കാർ വഴിയാണ് വരുന്നതെങ്കിൽ, യഥാർത്ഥ സംഭാവന നൽകിയ വ്യക്തിയെ വെളിപ്പെടുത്തണം. സംഘടനകളോ അതിന്റെ ഭാരവാഹികളോ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നൽകണം. ഇത്തരം സംഘടനകൾക്ക് ‘വാർത്തകളോ സമകാലിക വിഷയങ്ങളോ’ പ്രക്ഷേപണം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ അനുവാദമില്ല. 2026-ന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ സംഘടനകളും തങ്ങളുടെ പ്രവർത്തന ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വർഷത്തിനുള്ളിൽ സർക്കാരിനെ അറിയിക്കണം. വാർഷിക റിപ്പോർട്ടുകളിൽ സാമ്പത്തിക കണക്കുകൾക്കൊപ്പം ‘വിശദമായ പ്രവർത്തന റിപ്പോർട്ടും’ ഇനി നിർബന്ധമാണ്