ബിഎൽഒമാർക്കെതിരെ അതിക്രമം; കർശന നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: മലപ്പുറത്തും ഇടുക്കിയിലും ബൂത്ത് ലെവൽ ഓഫീസർമാരെ (ബിഎൽഒ) തടഞ്ഞ സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ബിഎൽഒമാരുടെ ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ബിഎൽഒമാർക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ സൈബർ പൊലീസിൻ്റെ നേതൃത്വത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉദ്യോഗസ്ഥർക്ക് ഭരണഘടനാ പരിരക്ഷയുണ്ട്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഖേൽക്കർ പറഞ്ഞു. കണ്ണൂർ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.
വോട്ടർ പട്ടിക പരിഷ്കരണം: സഹകരണം അഭ്യർഥിച്ച് കമ്മീഷൻ
വോട്ടർ പട്ടിക പരിഷ്കരണം ബിഎൽഒമാരുടെ മാത്രം ചുമതലയല്ലെന്നും ഇതിൽ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു. ബിഎൽഒമാരുടെ പരാതികൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.ആവശ്യമായ ഫോമുകളുടെ വിതരണം 97% പൂർത്തിയായി. ലിസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ട 55,000 പേരിൽ 29,000 പേർ മരിച്ചവരും 4500 പേർ അജ്ഞാതരും 20,000 പേർ കേരളം വിട്ടുപോയവരുമാണ്. ബിഎൽഒമാരുടെ നിർദ്ദേശമനുസരിച്ച് ഈ ലിസ്റ്റ് പുനഃപരിശോധിച്ച് കരട് പട്ടികയിൽ പ്രസിദ്ധീകരിക്കും.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സഹകരിക്കുന്നുണ്ടെന്നും 4000 ബിഎൽഎ (ബൂത്ത് ലെവൽ ഏജൻ്റ് ) മാരുടെ വർധനവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോം തിരിച്ചുവാങ്ങുന്ന പ്രക്രിയയുടെ ഭാഗമായി ജില്ലാതല ക്യാമ്പുകളും ഡിജിറ്റലൈസേഷന് വേണ്ടി ഐടി സെല്ലുകളുടെ പ്രവർത്തനവും പുരോഗമിക്കുകയാണ്. എല്ലാ ദിവസവും രാവിലെ ജില്ലാ കലക്ടർമാരുടെ യോഗം ചേരാറുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ വലിയ പിന്തുണ നൽകുന്നുണ്ടെന്നും, ജില്ലാ അടിസ്ഥാനത്തിൽ വിവരശേഖരണം പൂർത്തിയാക്കി ഡിസംബർ 9-ന് തന്നെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രത്തൻ യു ഖേൽക്കർ അറിയിച്ചു.
ബിഎൽഒയുടെ മരണത്തിൽ പ്രതിഷേധ മാർച്ചിനിടെ ജോലിയിൽ നിന്ന് വിട്ടുനിന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ ബിഎൽഒമാരുടെ മനോവീര്യം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണം മാത്രമാണ് ബിഎൽഒമാരുടെ ജോലി. കൂട്ടായ പ്രവർത്തനത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബിഎൽഒമാർക്ക് പരമാവധി മറ്റു സമ്മർദങ്ങളില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.