"മുഖ്യമന്ത്രി വി.ഡി.സതീശൻ അഹങ്കാരി ": ആവർത്തിച്ച് ജി. സുകുമാരൻനായർ

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശൻ്റെ നിലപാടുകൾ അഹങ്കാരമാണെന്ന് വിശേഷിപ്പിച്ച സുകുമാരൻ നായർ, സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന അദ്ദേഹത്തിൻ്റെ പഴയ പരാമർശത്തെയും ഓർമ്മിപ്പിച്ചു.പണ്ട് എൻ.എസ്.എസ് ആസ്ഥാനത്ത് വന്ന് തന്നെ കാണാൻ കാത്തുനിന്ന വ്യക്തിയാണ് സതീശൻ. അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയും അഹങ്കാരിയായി മാറുകയും ചെയ്തു.
കെബി. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല
ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, മറിച്ച് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചെന്നും വീണ്ടും എടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.എസ്.എസിൽ ജനാധിപത്യം ഉണ്ടെന്നും, അർഹതയുള്ള ഒട്ടേറെപ്പേർക്ക് അവസരം നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമക്കേട് നടന്നു എന്ന് ഗണേഷ് കുമാർ കരുതുന്നുണ്ടെങ്കിൽ നിയമപരമായി കേസ് കൊടുക്കാമെന്നും, അതിനുള്ള ആർജ്ജവം അദ്ദേഹം കാണിക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു. ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.