ഡോ .കെ ജെ റീനയുടെ സ്ഥലംമാറ്റം: ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

എറണാകുളം: ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ കെജെ റീനയുടെ സ്ഥലംമാറ്റത്തിനുള്ള സ്റ്റേ ഉത്തരവിനെതിരെ സര്‍ക്കാർ ഹൈക്കോടതിയിൽ അപ്പീല്‍ നൽകി. കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവിനെതിരെയാണ് അപ്പീൽ.സ്ഥലംമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.2026 ഫെബ്രുവരിയിൽ കെജെ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചുവെന്നും
കാലാവധി നീട്ടി നൽകാതെയാണ് ആരോഗ്യ വകുപ്പ് ഡയറക്‌ടറായി തുടർന്നിരുന്നതെന്നും അപ്പീലിൽ സർക്കാർ വാദമുന്നയിക്കുന്നു. എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബോറട്ടറി ചുമതലയിലേക്ക് മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്‌ത ശേഷം എന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി.ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ആരോഗ്യവകുപ്പ് ഡയറക്‌ടർ (DHS) ആയിരുന്ന ഡോ കെ ജെ റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്‌ടറായി മാറ്റി നിയമിച്ചുകൊണ്ട് ജൂൺ 12-നാണ് സർക്കാർ ഉത്തരവിറക്കിയത്. ചട്ടവിരുദ്ധമായാണ് സ്ഥലംമാറ്റമെന്ന് കാണിച്ച് ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു തിരുവനന്തപുരം അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബഞ്ചിൻ്റെ സ്റ്റേ നടപടി.സർക്കാർ വിശദീകരണം തൃപ്‌തികരമല്ലെന്ന കാരണം ചൂണ്ടികാണിച്ചായിരുന്നു സർക്കാർ നടപടി കോടതി സ്റ്റേ ചെയ്‌തത്. പുതുതായി നിയമിച്ച ഡോ വി മീനാക്ഷി 13ന് ചുമതല ഏറ്റെന്നും ആരോഗ്യ വകുപ്പ് ഡയറക്‌ടർ സ്ഥാനത്ത് റീന മൂന്ന് വർഷം പൂർത്തിയായത്തിനാലുള്ള സ്വാഭാവിക സ്ഥലം മാറ്റം ആണെന്നുമുള്ള സർക്കാർ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. റീനയെ തതുല്യ തസ്‌തികയിലേക്കാണ് മാറ്റിയിട്ടുള്ളതെന്നും അവരുടെ ശമ്പളത്തിലോ മറ്റ് ആനുകല്യങ്ങളിലോ യാതൊരു കുറവും വരില്ലെന്ന സർക്കാർ വാദവും ട്രിബൂണൽ തള്ളി.പകർച്ചവ്യാധിക്കാലത്ത് ഡോ റീന 15 ദിവസം അവധി ആവശ്യപ്പെട്ടെന്ന് സ്ഥലംമാറ്റ ഉത്തരവിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു ശരിയല്ലെന്നും 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാൽ താൻ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ റീന ഇ ടിവി ഭാരതിനോട് പറഞ്ഞിരുന്നു.
ആരോഗ്യവകുപ്പ് അഡീ ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ റീന രണ്ട് ദിവസത്തെ അവധിക്കാണ് അപേക്ഷിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലീവെടുത്ത് വിശ്രമിക്കാനും നിർദ്ദേശിച്ചിരുന്നുവെന്ന് റീന പറഞ്ഞു. 30 വർഷം സർവീസുള്ള ഒരാളെ മാറ്റിയ നടപടി ശരിയായില്ല. നീതിനിഷേധമാണ് നടന്നതെന്നും ഡോ. റീന നേരത്തെ പറഞ്ഞിരുന്നു. പബ്ലിക്ക് ഹെൽത്ത് ലാബ് ഡയറക്‌ടർ ആയി എറണാകുളത്തേക്കാണ് സർക്കാർ റീനയെ സ്ഥലം മാറ്റിയിരുന്നത്.