രണ്ട് കണ്ണുംവേണം മൊബൈലിൽ അടിമകളായ മക്കളിൽ...

രണ്ട് കണ്ണുംവേണം  മൊബൈലിൽ അടിമകളായ മക്കളിൽ...

 ഇൻ്റർനെറ്റിനെ ആശ്രയിക്കാതെ മെച്ചപ്പെട്ട ഭൗതിക നിലവാരത്തിലുള്ള ഒരു ജീവിതം കുട്ടികള്‍ക്ക് ഉറപ്പു നൽകാൻ   എഐ യുഗത്തിൽ സാധിക്കില്ല എന്ന വർത്തമാനകാല യാഥാർഥ്യം  നിലനിൽക്കുമ്പോൾ തന്നെ നമ്മുടെ കുട്ടികള്‍ സൈബർലോകത്ത്  എത്രകണ്ട്  സുരക്ഷിതരാണ്  എന്നത് ഇന്നത്തെ കാലത്ത് ഓരോ രക്ഷിതാക്കളുടേയും  മനസിൽ ഉയരുന്ന പ്രധാന ആശങ്കയായി മാറിയിരിക്കയാണ് .പഠനം, വിനോദം, ബന്ധങ്ങള്‍ തുടങ്ങി പല കാര്യങ്ങൾക്കും കുട്ടികളുൾപ്പെടെയുള്ളവർക്ക് ഇന്റർനെറ്റിനെയും ഗൂഗിളിനേയും   ആശ്രയിക്കേണ്ടിവരുന്നുണ്ട് . എന്നാൽ ഇന്ന് ഈ സാങ്കേതിക വിദ്യയുടെ ഉപശാഖകളിലേയ്ക്ക് അവരുടെ  ജിജ്ഞാസ വഴിമാറുമ്പോൾ  അപകടകരമായ ഒരു ലോകത്തേയ്ക്ക് അവർ എത്തിപ്പെടുന്നുമുണ്ട് . സൗഹൃദ, പ്രണയ സല്ലാപങ്ങൾക്ക് ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പുകളിലെ ചതിക്കുഴികളിൽ നമ്മുടെ നിരവധി കുട്ടികള്‍ ഇതിനോടകം വീണുകഴിഞ്ഞു.

18 വയസിന് മുകളിലുള്ളവർക്ക് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ആപ്പുകള്‍ വയസ് കൂട്ടിക്കാണിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഉപയോഗിക്കുന്നത്. ഇ‍ൗ ആപ്പ് ഉപയോഗിക്കുന്നതിന് പൂർണമായ വ്യക്തിവിവരങ്ങൾ ആവശ്യമില്ലെന്നതാണ് ഇതിന് പ്രധാന കാരണം.പ്രായം പതിനെട്ട്‌ വയസ് പൂർത്തിയായെന്ന്‌ ഉപയോക്താവ് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും സ്ഥിതി ഇത് തന്നെ. ഇങ്ങനെയാണ് കുട്ടികൾ ആപ്പിൽ അക്കൗണ്ട് എടുത്ത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്‌ത് ഉപയോഗിക്കാൻ തുടങ്ങുന്നത്.

ഓൺലൈൻ ഡേറ്റിംഗ് ആപ്പുകളുടെ അപകടങ്ങൾ എടുത്തുകാണിക്കുന്ന ഒരു കേസ് കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. സ്വവർഗ ഡേറ്റിങ് ആപ്പ് ഉപയോഗിച്ച ആണ്‍കുട്ടിയെ നിരവധി പേർ ചേർന്ന് പീഡിപ്പിച്ച വിവരം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. കാസർകോട് ജില്ലയിലെ 16 വയസുകാരനാണ് ഡേറ്റിംഗ് ആപ്പ് വഴി ലൈംഗിക അതിക്രമത്തിന് ഇരയായത്.ഈ കേസ് ഡേറ്റിംഗ് ആപ്പുകളുടെ ഇരുണ്ട വശം തുറന്നുകാട്ടുന്നതാണ്. 2 വർഷകാലമായി കുട്ടി ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചു വരുന്നതാണെന്നും 14 വയസിൽ അക്കൗണ്ട് എടുത്തതായും കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. പ്ലാറ്റ്‌ഫോമിൽ സജീവമായി തുടരാൻ വ്യാജ പ്രൊഫൈലുകൾ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. സർക്കാർ ജീവനക്കാർ ഉൾപ്പെടെ 14 പേർക്കെതിരെ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.

സൈബർ ലോകത്തെ ചതിക്കുഴികൾ 

വ്യക്തമായ ധാരണ ഇല്ലായ്‌മയിലൂടെ കുട്ടികൾ വലിയ ചതിക്കുഴികളിലാണ് വീഴുന്നത്. തെറ്റിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് അറിയാതെ പലരും ഇത് തുടരുന്നതും ചതിക്കപ്പെട്ടുവെന്ന് പുറത്ത് പറയാതിരിക്കുന്നതുമാണ് വലിയ സൈബർ കുറ്റങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നത്. അതിനാൽ ഇത്തരം കേസുകളുടെ യഥാർഥ കണക്കുകൾ ഇന്നും വ്യക്തമല്ല.കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തെ ആശ്രയിച്ചവരിൽ പലരും ഡേറ്റിങ് ആപ്പുകൾ രഹസ്യമായി ഉപയോഗിക്കുന്നുണ്ടെന്നാണ് സൈബർ വിദഗ്‌ധർ പറയുന്നത്. ചിലർ ആപ്പിലൂടെയുള്ള പണം തട്ടലിലും സെക്‌സ് റാക്കറ്റുകളുടെ ഭീഷണിയിലും കുടുങ്ങുകയും ചെയ്യുന്നു. സ്വകാര്യവിവരങ്ങളും പശ്ചാത്തലവും മനസിലാക്കിയാണ് കുട്ടികളെ പിന്തുടർന്ന് കെണിയിലാക്കുന്നത്.

രാജ്യത്തെ ആദ്യ പദ്ധതി 'ഡി-ഡാഡ്'

നിലവിൽ ഈ പദ്ധതിക്ക് കീഴിൽ 6 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ഇതുള്ളത്. രക്ഷിതാക്കൾ, സ്‌കൂളുകൾ, ബാലാവകാശ പ്രവർത്തകർ എന്നിവരുടെ ശക്തമായ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ, 2025-26 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ പൊലീസ് പദ്ധതിയിടുന്നുണ്ട്.ഔദ്യോഗിക കണക്കുകൾ പ്രകാരം, 2023 മാർച്ചിനും 2025 ജൂലൈയ്ക്കും ഇടയിൽ ഡി-ഡാഡ് കേന്ദ്രങ്ങൾ 1,992 ഡിജിറ്റൽ പ്രേരിത കേസുകൾ കൈകാര്യം ചെയ്‌തു. ഇതിൽ 571 എണ്ണം ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായ കുട്ടികള്‍ ഉൾപ്പെടുന്നതാണ്.ഈ പദ്ധതിയ്‌ക്ക് കീഴിൽ, നൂറുകണക്കിന് കുട്ടികളെ സമയബന്ധിതമായ ഇടപെടലിലൂടെ സുരക്ഷിതരാക്കാൻ ആയിട്ടുണ്ട്.

 "ആൺകുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നതും പെൺകുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതുമാണ് നമ്മൾ കാണുന്ന പ്രവണത. ഈ ശീലങ്ങളെ മറികടക്കുന്നതിനും മാതാപിതാക്കളെ ഈ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനുമുള്ള പ്രായോഗിക മാർഗങ്ങൾ ഞങ്ങളുടെ കൗൺസിലർമാർ നിർദേശിക്കുന്നു" എന്ന് എറണാകുളത്തെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്പിസി) പ്രോജക്‌ടിൻ്റെ നോഡൽ ഓഫിസറും ജില്ലയിലെ ഡി-ഡാഡ് സെൻ്ററിൻ്റെ കോർഡിനേറ്ററുമായ സൂരജ് കുമാർ പറഞ്ഞു.പദ്ധതിയുടെ പ്രധാന ഫോക്കസുകളിലൊന്ന് മാതാപിതാക്കളുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തുന്നതിലായിരുന്നു. മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് പോലെ മൊബൈൽ ഫോൺ ഉപയോഗം ഒരു ആസക്തിയായി അംഗീകരിക്കാൻ പല കുടുംബങ്ങളും വിസമ്മതിച്ചിരുന്നു.ഇപ്പോൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഡിജിറ്റൽ ആസക്തി യഥാർഥമാണെന്ന് മാതാപിതാക്കൾ മനസിലാക്കുന്നു. അവരുടെ കുട്ടികൾ അതിൽ നിന്ന് പുറത്തുവരണമെന്ന് അവർ ആഗ്രഹിക്കുന്നു" എന്ന് സൂരജ് കുമാർ വ്യക്തമാക്കി.

കുട്ടികൾക്കിടയിൽ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ സമ്മേളനത്തിലും ഉയർന്നുവന്നു. എംഎൽഎ കെ ജെ മാക്‌സിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ, മൊബൈൽ ഫോണുകളുടെയും ഇൻ്റർനെറ്റിൻ്റെയും ദുരുപയോഗം മൂലം 2021 ജനുവരി മുതൽ 2025 സെപ്റ്റംബർ 9 വരെ 41 കുട്ടികൾ ആത്മഹത്യ ചെയ്‌തതായി വെളിപ്പെടുത്തി.ഇതേ കാലയളവിൽ തന്നെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ലൈംഗിക അല്ലെങ്കിൽ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 30 കുട്ടികള്‍ നിയമ നടപടി നേരിട്ടതായും അദ്ദേഹം പറഞ്ഞു.സൈബർ നിയമ വിദഗ്‌ധനും സൈബർ സുരക്ഷാ ഫൗണ്ടേഷൻ സ്ഥാപകനുമായ അഡ്വ. ജിയാസ് ജമാൽ, ഡി-ഡിഎഡി പ്രോഗ്രാമിനെ മറ്റ് സംസ്ഥാനങ്ങൾ അനുകരിക്കേണ്ടതാണെന്നും ഒരു മാതൃക സംരംഭമെന്നും വിശേഷിപ്പിച്ചു. എന്നാൽ പ്രായപൂർത്തിയാകാത്തവരിൽ ഡേറ്റിംഗ് ആപ്പുകളുടെ വർധിച്ചുവരുന്ന ദുരുപയോഗം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി."18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഉപയോഗാനുമതി എങ്കിലും, കൗമാരക്കാർക്കിടയിൽ ഡേറ്റിംഗ് ആപ്പുകൾ വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ ആപ്പുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികളെ ചൂഷണം ചെയ്യുന്നതിനുമുള്ള ഒരു കേന്ദ്രമായി വേഗത്തിൽ മാറുകയാണ്" 

ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമങ്ങൾ കൊണ്ടുവന്നതുപോലെ, സോഷ്യൽ മീഡിയയ്ക്കും ഡേറ്റിംഗ് ആപ്പുകൾക്കും സമാനമായ കർശനമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഈ ഡേറ്റിംഗ് ആപ്പുകൾ വഴി ആളുകൾ ഒരുക്കുന്ന കെണികളിൽ കുട്ടികൾ പലപ്പോഴും വീഴാറുണ്ടെന്നും സാമ്പത്തിക നേട്ടങ്ങൾക്കായി ബ്ലാക്ക് മെയിൽ ചെയ്യുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കപ്പെടുകയോ ചെയ്യാറുണ്ടെന്നും ജമാൽ പറഞ്ഞു."പണം നഷ്‌ടപ്പെട്ടതിനുശേഷം മാത്രമേ മാതാപിതാക്കൾക്ക് കുട്ടികൾ വീണുപോയതിൻ്റെ കെണി മനസിലാകൂ. ഇത്തരത്തിൽ നിരവധി കേസുകൾ എൻ്രെ മുമ്പിലെത്തിയിട്ടുണ്ട്. ചിലർ അനാശാസ്യം, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികൾക്കായി കുട്ടികളെ ചൂഷണം ചെയ്യുന്നു" എന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന് പുറമേ, വനിതാ ശിശു വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും കുട്ടികളെയും രക്ഷിതാക്കളെയും ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുന്നതിന് നിരവധി പരിപാടികൾ നടത്തുന്നുണ്ട്. ഡിജിറ്റൽ ആസക്തി ഉൾപ്പെടെ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്‌കരണ പരിപാടികൾ നടത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെയുള്ള 1,227 സ്‌കൂളുകളിൽ ഔർ റെസ്‌പോൺസിബിലിറ്റി റ്റു ചിൽഡ്രൻ (ORC) സംരംഭം അവതരിപ്പിച്ചിട്ടുണ്ടെന്ന് ഡബ്ല്യുസിഡി ഉദ്യോഗസ്ഥർ പറഞ്ഞു.വിദ്യാഭ്യാസ വകുപ്പുമായി ഏകോപിപ്പിച്ച്, 1,012 സ്‌കൂളുകളിൽ സൈക്കോ-സോഷ്യൽ കൗൺസിലർമാരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഐഎൻസിഎസും ഉണ്ട്. ദുർബലരായ കുട്ടികളെ തിരിച്ചറിയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി തിരുവനന്തപുരം ജില്ലയിലെ ഒരു പഞ്ചായത്തിൽ വൾനറബിലിറ്റി മാപ്പിംഗ് എന്ന മറ്റൊരു സംരംഭം നടപ്പിലാക്കുന്നുണ്ട് എന്നും ഡബ്ല്യുസിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ട് കണ്ണുംവേണം...

കുട്ടികൾ ആപ്പുകളും സമൂഹമാധ്യമങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയുന്നതിൻ്റെ ആദ്യപടി വീടുകളിൽ നിന്നാണ് തുടങ്ങേണ്ടത്. മാതാപിതാക്കളുടെ ചെറിയ ശ്രദ്ധ മതി ഇത്തരം പ്രവണതകൾ തടയാൻ. കുട്ടികൾ ഏതൊക്കെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത് എന്ന് രക്ഷിതാക്കൾ നിരീക്ഷിക്കണം.കുട്ടികൾ മൊബൈലും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുമ്പോൾ അവരുടെ അക്കൗണ്ടുകൾ രക്ഷിതാക്കളുടെ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യുന്നത് പോലെയുള്ള ഓപ്‌ഷനുകൾ ഇപ്പോൾ സാധ്യമാണ്. കൂടാതെ പാരൻ്റൽ കൺട്രോൾ എന്ന ഓപ്‌ഷനിലൂടെയും നിയന്ത്രണം ഏർപ്പെടുത്താം.ഇത് വഴി പ്രായപൂർത്തിയായവർക്ക്‌ മാത്രം പ്രവേശിക്കാവുന്ന ആപ്പുകളും സമൂഹമാധ്യമങ്ങളും ലോക്ക്‌ ചെയ്യാം. അമിത ഉപയോഗം തടയാൻ സമയപരിധി നിർദേശിക്കാം. കുട്ടികൾ സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രൊഫൈൽ പ്രൈവറ്റ്‌ ഓപ്‌ഷനാക്കാം. കൂടാതെ ഇവയുമായി ബന്ധപ്പെട്ടുള്ള ബോധവത്‌കരണ ക്ലാസുകൾ പോലുള്ളവയിൽ പങ്കെടുക്കാം.

സാമൂഹികമാധ്യമ അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് പങ്കുവയ്‌ക്കരുത്. കഴിവതും ഡേറ്റിങ് ആപ്പുമായി ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ അക്കൗണ്ടുകൾ ലിങ്ക് ചെയ്യാതിരിക്കുക. വ്യക്തിയെ കുറിച്ച് കൃത്യമായ വിവരം നൽകാത്ത പക്ഷം പ്രൊഫൈലുകളോട് ഇടപെടാതിരിക്കുക. പണമിടപാടുകളിൽ നിന്നും വിട്ടുനിൽക്കുക. അത്തരം കോളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി കൊടുക്കാതെ നിയമ സഹായം തേടുക.