പാക്-അഫ്‌ഗാന്‍ വെടിനിർത്തൽ പ്രഖ്യാപനം സ്വാഗതം ചെയ്‌ത് ചൈന

ബെയ്‌ജിങ്: പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചൈന . ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവും നിലനിൽക്കുന്നതുമായ ഒരു ഉടമ്പടിയിലെത്താനും ചൈന ആഹ്വാനം ചെയ്‌തു.
"പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും താൽക്കാലിക വെടിനിർത്തൽ നടപ്പിലാക്കാൻ തീരുമാനിച്ചതും സൃഷ്‌ടിപരമായ സംഭാഷണത്തിലൂടെ പരിഹാരം തേടുമെന്നും ഞങ്ങൾ അറിഞ്ഞു. ഇത് ഇരുപക്ഷത്തിൻ്റേയും പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും മേഖലയെ സമാധാനപരവും സുസ്ഥിരവുമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ചൈന ഈ ശ്രമത്തെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു"- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.പൂർണവും നിലനിൽക്കുന്നതുമായ വെടിനിർത്തൽ കരാറിലൂടേയും സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിൽ ചൈന പിന്തുണ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും സമാധാനവും സ്ഥിരതയും നിലനിർത്തിക്കൊണ്ട് രാഷ്ട്രീയ ഒത്തുതീർപ്പിൻ്റെ പാതയിലേക്ക് മടങ്ങണമെന്നും ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിന് ചൈന ക്രിയാത്മകമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.