ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ചൈന

ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന  ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ചൈന

ബീജിങ്: രഹസ്യമായി ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ചൈന. അത് പൂർണമായും തെറ്റാണെന്നും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.ചൈന, റഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നതായും അമേരിക്കയ്‌ക്കും ആണവായുധ പരീക്ഷണങ്ങൾ ആവശ്യമാണെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി ചൈന രംഗത്തെത്തിയത്.

"യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗവും ആണവായുധ രാഷ്‌ട്രവും എന്ന നിലയിൽ, ആണവായുധങ്ങൾ ആദ്യം ഉപയോഗിക്കില്ല എന്ന നയം ചൈന പാലിക്കുന്നു, സ്വയം പ്രതിരോധ ആണവ തന്ത്രം നിലനിർത്തുന്നു, ആണവ പരീക്ഷണം നിർത്തിവയ്ക്കാനുള്ള പ്രതിജ്ഞാബദ്ധതയെ മാനിക്കുന്നു," മാവോ പറഞ്ഞു. സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയെ (സിടിബിടി) ചൈന പിന്തുണയ്ക്കുന്നുണ്ടെന്നും അതേ ഉടമ്പടി പ്രകാരമുള്ള ഉത്തരവാദിത്വങ്ങള്‍ പാലിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.റഷ്യ, ചൈന, ഉത്തരകൊറിയ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് ട്രംപ് തൻ്റെ അഭിമുഖത്തിൽ അവകാശപ്പെട്ടു, അമേരിക്ക സ്വന്തം പരീക്ഷണ പരിപാടി പുനരാരംഭിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. "റഷ്യയും ചൈനയും ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്, പക്ഷേ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മറ്റ് രാജ്യങ്ങൾ പരീക്ഷിക്കുന്നു. പരീക്ഷിക്കാത്ത ഒരേയൊരു രാജ്യം ഞങ്ങളാണ്, അവർ പരീക്ഷിക്കുകയും മറ്റുള്ളവരും പരീക്ഷിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങൾ പരീക്ഷിക്കാൻ പോകുന്നു. തീർച്ചയായും ഉത്തരകൊറിയ പരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.പോസിഡോൺ അണ്ടർവാട്ടർ ഡ്രോൺ ഉൾപ്പെടെയുള്ള നൂതന ആണവ ശേഷിയുള്ള സംവിധാനങ്ങൾ റഷ്യ അടുത്തിടെ പരീക്ഷിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്.