ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന: "ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന്, ഞങ്ങൾ മധ്യസ്ഥത വഹിച്ചു"

ബീജിങ് : ഇന്ത്യ-പാക് സംഘർഷത്തില്‍ ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിച്ചതായി ചൈനയും അവകാശപ്പെട്ടു. ഇന്ത്യ-പാക് പ്രശ്‌നം ഉള്‍പ്പെടെ നിരവധി ആഗോള സംഘർഷങ്ങളിൽ ചൈന മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അന്താരാഷ്ട്ര സാഹചര്യത്തെയും ചൈനയുടെ വിദേശ ബന്ധങ്ങളെയും കുറിച്ചുള്ള സിമ്പോസിയത്തിൽ സംസാരിച്ച ശേഷം എക്‌സിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്.
"ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന്, ഞങ്ങൾ വസ്‌തുനിഷ്‌ഠവും നീതിയുക്തവുമായ നിലപാട് സ്വീകരിച്ചു, മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സമീപനമാണ് ചൈനയുടേത്. വടക്കൻ മ്യാൻമറിൽ ഇറാനിയൻ ആണവ പ്രശ്‌നം, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ, പലസ്‌തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്‌നങ്ങൾ, കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സമീപകാല സംഘർഷം എന്നിവയിൽ ഞങ്ങൾ മധ്യസ്ഥത വഹിച്ചു," വാങ് പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്‌മീരിലെ പഹൽഗാം താഴ്‌വരയിൽ 26 ജീവനുകള്‍ അപഹരിച്ച ഭീകരാക്രമണത്തെത്തുടർന്ന് മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഹ്രസ്വവും എന്നാൽ തീവ്രവുമായ ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്‌മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ തർക്കുന്നതിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന് തുടക്കമിട്ടു. ഇത് നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന അവകാശവാദവുമായി രംഗത്തെത്തിയത്.
നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചത് താൻ ആണെന്ന് പലകുറി അവകാശപ്പെട്ടിരുന്നു. എന്നാല്‍ നാല് ദിവസത്തെ ഏറ്റുമുട്ടലിലൂടെ, അതായത് സൈനിക ആശയവിനിമയത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് വ്യക്തമാക്കി ഇന്ത്യ മൂന്നാം കക്ഷി ഇടപെടലിനെ നരന്തരം തളളുകയായിരുന്നു.
അതേസമയം, നവംബറിൽ, യുഎസ്-ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മിഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍, ഓപ്പറേഷൻ സിന്ദൂറിന് ശേഷം ചൈന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് പറയുന്നുണ്ട്. ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങളുടെ വിൽപ്പനയെ ദുർബലപ്പെടുത്താനും സ്വന്തം ജെ-35 വിമാനങ്ങളുടെ വില്‍പന ത്വരിതപ്പെടുത്താനുമായി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വിമാന ഭാഗങ്ങളുടെ എഐ നിർമിത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്ന് യുഎസ് കോൺഗ്രസിന്‍റെ ഉപദേശക സമിതി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്‍റെ ആദ്യ ദിവസം തന്നെ നയതന്ത്രപരമായി സംയമനം പാലിക്കണമെന്ന് ചൈന ആഹ്വാനം ചെയ്‌തിരുന്നു. ഇന്ത്യയുടെ ആക്രമണങ്ങളിൽ ചൈന ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.