"ശാശ്വതമായ സമാധാനവും അനശ്വരമായ സന്തോഷവും, ലോകത്തിന് നൽകിയ ചരിത്ര സംഭവത്തിൻ്റെ ഓർമ്മയാണ് ക്രിസ്‌മസ്"
എറണാകുളം: സമാധാനവും സന്തോഷവും മറ്റുള്ളവർക്ക് നൽകുകയെന്നതാണ് ക്രിസ്‌മസ് നൽകുന്ന സന്ദേശമെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. മതേതരത്വത്തിനു പുകൾപറ്റ മണ്ണിലും വിശ്വാസത്തിൻ്റെ ആഘോഷങ്ങള്‍ വിലക്കപ്പെടുന്നു. ക്രിസ്‌തുവിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നതിൻ്റെ കണ്ണീര്‍ക്കാഴ്‌ചകൾ കാണണമെന്നും മേജർ ആർച്ച് ബിഷപ്പ് ക്രിസ്‌മസ് സന്ദേശത്തിൽ ആവശ്യപ്പെട്ടു.ക്രിസ്‌മസ് സമാധാനത്തിൻ്റെയും ആനന്ദത്തിൻ്റെയും തിരുനാളാണ്. മനുഷ്യരാശിയുടെ കലഹങ്ങളുടെയും ഭീതിയുടെയും നടുവിൽ, ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട് ശാശ്വതമായ സമാധാനവും അനശ്വരമായ സന്തോഷവും, ലോകത്തിന് നൽകിയ ചരിത്ര സംഭവത്തിൻ്റെ ഓർമ്മയാണ് ക്രിസ്‌മസ്. സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതുമാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുക എന്നതുകൂടിയാണ് ക്രിസ്‌മസിൻ്റെ ലക്ഷ്യം.
ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നത് ഇടം ഒരുക്കുന്നതിൻ്റെയും സ്വീകരിക്കുന്നതിൻ്റെയും ആത്മീയതയാണ്. ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്‌മസ് പൂർണ്ണമാകുന്നില്ലെന്നാണ് വിശുദ്ധരുടെ ജീവിത മാതൃകകൾ നമ്മെ ഓർമിപ്പിക്കുന്നതെന്ന് റഫേൽ തട്ടിൽ ചൂണ്ടിക്കാട്ടി.
പിറവിക്ക് വേണ്ടി പുൽത്തൊട്ടിൽ എന്ന ചോദ്യത്തിൻ്റെ ലളിതമായ ഒരുത്തരം, കാലിത്തൊഴുത്തിലേയ്‌ക്ക് എത്തുവോളം മനുഷ്യഗന്ധമുള്ള ഇടങ്ങളെല്ലാം അവനു മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടതുകൊണ്ട് എന്നാണ്. മനുഷ്യരുടെ വാതിലുകൾ അടഞ്ഞുനിന്നപ്പോൾ, ദൈവം നിശബ്‌ദമായ ഒരു പുൽക്കൂടിൽ അഭയം തേടി.
ഇത് വെറും ചരിത്രവിവരണം മാത്രമല്ല മറിച്ച്, എല്ലാ കാലങ്ങളിലുമുള്ള മനുഷ്യ ഹൃദയത്തിൻ്റെ അവസ്ഥയെ വെളിപ്പെടുത്തുന്ന യാഥാർഥ്യമാണ്. ഇന്നത്തെ ലോകം അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ആത്മഹത്യകളും യുദ്ധങ്ങളും സാമൂഹിക അസ്ഥിരതകളും, ഈ ആത്മീയ ശൂന്യതയുടെ ഭയാനകമായ ഫലങ്ങളാണ്. ദൈവത്തിന് ഇടം നല്‍കുന്നിടത്താണ് മനുഷ്യജീവിതം സമ്പൂർണ്ണമാകുന്നത്. ദൈവത്തെ ജീവിതത്തിൻ്റെ കേന്ദ്രത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത്, പുരോഗതിയെ നിരസിക്കലല്ല; മറിച്ച് പുരോഗതിക്ക് മനുഷ്യമുഖവും അർഥവും നൽകലാണ്.തിരുകുടുംബത്തിൻ്റെ ജീവിതം നമ്മുടെ മുന്നിൽ ഒരു ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. ഹെറോദേസിൻ്റെ ഭീഷണിയിൽ നിന്നും രക്ഷപ്പെടാൻ യൗസേപ്പും മറിയവും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്‌തിൽ അഭയം തേടിയത് ചരിത്രത്തിലെ ആദ്യ കുടിയേറ്റ കഥകളിലൊന്നാണ്.
അവർ അന്യദേശത്തായിരുന്നു. എന്നാൽ അവർ ആ നാടിൻ്റെ സംസ്‌കാരത്തെയും സാഹചര്യങ്ങളെയും ആദരിച്ചു ജീവിച്ചു. അധികാരം തേടിയോ കലാപം സൃഷ്‌ടിച്ചോ അല്ല, സഹിഷ്‌ണുതയോടും, വിനയത്തോടെയും കൂടെ അവിടെ അവർ അധ്വാനിച്ചു ജീവിച്ചു. അതുവഴി, കുടിയേറ്റം എങ്ങനെ മാനുഷികവും സമാധാനപരവുമായ അനുഭവമായി മാറാമെന്നതിന് തിരുകുടുംബം ലോകത്തിനു മാതൃകയായി.ദൈവത്തിനു ഹൃദയത്തിൽ ഇടം നൽകുന്ന മനുഷ്യർക്ക് മറ്റുള്ളവർക്കു നേരെ വാതിലുകൾ അടയ്ക്കാൻ കഴിയില്ല. എന്നാൽ അതുപോലെ തന്നെ, മറ്റുള്ളവരുടെ വാതിലുകൾക്കുള്ളിൽ കടക്കുന്നവർ അവിടെയുള്ള ജീവിതക്രമത്തെയും സാംസ്‌കാരിക പൈതൃകത്തെയും മാനിക്കേണ്ട ഉത്തരവാദിത്വവും ക്രിസ്‌മസ് നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വീകരണവും ഉത്തരവാദിത്വവും ഒരുമിച്ച് നടക്കുമ്പോഴാണ് കുടിയേറ്റം അനുഗ്രഹമായി മാറുന്നത്. അല്ലെങ്കിൽ അത് ഭയത്തിൻ്റെയും വിഭജനത്തിൻ്റെയും കാരണമായിത്തീരും.
ലോകമെങ്ങും യുദ്ധത്തിൻ്റെയും യുദ്ധഭീതിയുടെയും സംഘര്‍ഷങ്ങളുടെയും അസമാധാനത്തിൻ്റെയും സങ്കീര്‍ണസാഹചര്യങ്ങള്‍ക്കു നടുവില്‍, നിസഹായരായി നില്‍ക്കുന്നവരിലേക്കു ക്രിസ്‌മസ് കാലത്ത് നമ്മുടെ കാഴ്‌ചകളെ എത്തിക്കാം. രാഷ്ട്രീയത്തിനും വിഭാഗീയ താത്പര്യങ്ങള്‍ക്കുമെല്ലാം അപ്പുറത്ത്, ഭൂമിയിലെ കാഴ്‌ചകള്‍ എല്ലാം കാണുന്ന ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വിശാലമാകാം.
ജീവിത വ്യഗ്രതയാല്‍ കുടുംബാംഗങ്ങള്‍ വരെ പരസ്‌പരം സംസാരിക്കാനോ പങ്കുവയ്ക്കാനോ സമയം കണ്ടെത്താത്ത ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സംഭാഷണത്തിൻ്റെ, പങ്കുവയ്ക്കലിൻ്റെ ഒരു പുതിയ ശൈലി നമുക്കു രൂപപ്പെടുത്താം. പരിശുദ്ധ മറിയവും ഗബ്രിയേൽ മാലാഖയും തമ്മിലുള്ള സംഭാഷണം മറിയത്തിൻ്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റപ്പെടാൻ ഉപയുക്തമാകുകയും, അത് ലോകത്തിനുതന്നെ രക്ഷാകരമായിമാറുകയും ചെയ്‌തു.നമ്മുടെ സംഭാഷണങ്ങള്‍ പുതിയ സാധ്യതകള്‍ തേടുന്നതാകട്ടെ. ഇന്നലെ വരെ കാണാതിരുന്ന അല്ലെങ്കില്‍ മനസിലാക്കാതിരുന്ന സമന്വയത്തിൻ്റെ സാധ്യതകളെ സംഭാഷണങ്ങളിലൂടെ സ്വായത്തമാക്കാം. സമരങ്ങളിലും കലഹങ്ങളിലുമല്ല, സംഭാഷങ്ങളിലാണ് പരിഹാരങ്ങള്‍ കണ്ടെത്താനാകുന്നത്.
ദൈവം മനുഷ്യനായി പിറന്നതിൻ്റെ അനശ്വരമായ ഈ ഓർമ്മയാചരണം, മനുഷ്യൻ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാനുള്ള പ്രചോദനമാകട്ടെ. ലാളിത്യവും കാരുണ്യവും കരുതലും ദൈവഹിതമറിഞ്ഞുള്ള പ്രയാണവുമെല്ലാം ഓര്‍മപ്പെടുത്തുന്ന കാലിത്തൊഴുത്തിൻ്റെ പാഠങ്ങളില്‍ കാലത്തിൻ്റെ ചുവരെഴുത്തുകൾ വായിക്കാൻ നമുക്ക് സാധിക്കട്ടെ. അങ്ങനെ, ഇടങ്ങള്‍ തേടുന്നവരിലേക്കുള്ള തീര്‍ഥാടനമാകട്ടെ ഈ ക്രിസ്‌മസ്. എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്‌മസ് ആശംസിക്കുന്നതായും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ വ്യക്തമാക്കി.