ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്ത് അമേരിക്ക: 38 മരണം ,400ലധികം പേര്‍ക്ക് പരിക്ക്

ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്ത് അമേരിക്ക: 38 മരണം ,400ലധികം പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനില്‍ നടത്തിയ  യുഎസ്‌. ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചാബഹാറിലെ ഷാഹിദ് കലന്താരി തുറമുഖത്തെ പാലങ്ങൾ, വൈദ്യുതി നിലയങ്ങള്‍ തുടങ്ങി സാധാരണക്കാരെ ആശങ്കയാക്കുന്ന തരത്തിലുള്ള ആക്രമണമാണ് യുഎസ്‌ അഴിച്ചുവിടുന്നതെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.ഹോർമോസ്‌ഗാൻ, ബുഷെഹർ, സിസ്റ്റാൻ, ബലൂചിസ്ഥാൻ, ഖുസെസ്ഥാൻ, ലോറെസ്ഥാൻ എന്നിവിടങ്ങളില്‍ വ്യാഴാഴ്‌ച മുതല്‍ ആക്രമണം തുടരുകയാണ്. ഇവിടെ മാത്രം 4 പേര്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് പേര്‍ സ്‌ത്രീകളും ഒരു കുട്ടിയുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചാബഹാറിലെ ഷാഹിദ് കലന്താരി തുറമുഖത്തെ ടവറും ആക്രമണത്തിൽ തകർന്നു. എന്നാല്‍ തുറമുഖത്ത് നിലവില്‍ ചരക്ക് നീക്കം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്ത് ആളപായമൊന്നുമില്ല.

ഷാഹിദ് കലന്താരി തുറമുഖത്തെ വാച്ചിങ് ടവര്‍ വിജയകരമായി നശിപ്പിച്ചൂവെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്‌ ഒമാൻ ഉൾക്കടലിൽ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഷിപ്പിങ് നിരീക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥലത്ത് നാശനഷ്‌ടങ്ങള്‍ വിലയിരുത്താനും പ്രദേശത്ത് സുരക്ഷയൊരുക്കാനും തുറമുഖത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം പുനരാരംഭിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചൂവെന്ന് ഇറാനിയൻ വാർത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം ചരക്ക് ലോഡിങ്, അൺലോഡിങ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും.ഖമിർ കൗണ്ടിയിലെ ആറ് പാലങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലുണ്ടായ യുഎസ്‌ ആക്രമണത്തില്‍ വലിയ നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ഹോർമോസ്‌ഗാൻ പ്രവിശ്യയിലെ അധികാരികൾ പറഞ്ഞു. ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഹോർമോസ്‌ഗാൻ ഗവർണറുടെ ഓഫിസ് അറിയിച്ചു.

ബന്ദർ അബ്ബാസ്, ബന്ദർ ഖമിർ, ലാർ എന്നിവയെ ബന്ധിപ്പിക്കുന്ന ഗതാഗത മാര്‍ഗങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട്. ബന്ദർ അബ്ബാസ് നഗരത്തിലും വന്‍ നാശനഷ്‌ടങ്ങളാണ് ഉണ്ടായതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ജനവാസ മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ബുഷെർ പ്രവിശ്യയിൽ രണ്ട് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും ഗവർണർ മുഹമ്മദ് മൊസാഫാരി പറഞ്ഞു. ഖുസെസ്ഥാനില്‍ അഹ്വാസിന് ചുറ്റുമുള്ള പ്രദേശങ്ങൾ യുഎസ് സൈന്യം ലക്ഷ്യമിട്ടതായും നാശനഷ്‌ടത്തിന്‍റെ വ്യാപ്‌തി അധികൃതർ വിലയിരുത്തുന്നുണ്ടെന്നും ഡെപ്യൂട്ടി ഗവർണർ വലിയൊള്ള ഹയാതി പറഞ്ഞു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കാന്‍സര്‍ ചികിത്സ ആശുപത്രിയായ ഷാഹിദ് ബഗായ്‌യിലെ രോഗികളെ താത്‌ക്കാലികമായി ഒഴിപ്പിച്ചു.പടിഞ്ഞാറൻ ഇറാനിലെ ലോറെസ്ഥാനിലും ആക്രമണമുണ്ടായിട്ടുണ്ട്. തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സൈറ്റുകൾ, ലോജിസ്റ്റിക്‌സ്‌ ഇൻഫ്രാസ്ട്രക്‌ചര്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നു. ഇവിടെ ഒന്നിലധികം തവണ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് യുഎസ്‌ ആക്രമണമെന്ന് ഇറാന്‍ പറഞ്ഞു. അതേസമയം ഇറാന്‍റെ സൈനിക ശേഷി ഇല്ലാതാക്കാനും തങ്ങളുടെ രാജ്യത്തിനെതിരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ വിജയകരമാണെന്ന് വാഷിങ്‌ടണ്‍ പറഞ്ഞു.