കുവൈറ്റിലെ ജല-ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം

കുവൈറ്റിലെ ജല-ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം

ദുബായ്: ഗൾഫ് മേഖലയിലെ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ കൂടുതൽ ജനവാസ മേഖലകളിലേക്ക് വ്യാപിക്കുന്നു. കുവൈറ്റിലെ പ്രമുഖ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ വൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി കുവൈറ്റ് മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ തീപിടുത്തമുണ്ടാവുകയും നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ തകരുകയും ചെയ്തിട്ടുണ്ട്.

കുവൈറ്റ് ഫയർ ഫോഴ്സ് എത്തി പ്ലാന്റിലെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവിൽ അടിയന്തര സുരക്ഷാ പ്ലാനുകൾ സജീവമാക്കിയതായും, തകരാറിലായ യൂണിറ്റുകൾ വേഗത്തിൽ പ്രവർത്തനസജ്ജമാക്കാനും പവർ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്നും കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങൾ സഹകരിക്കണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി 90 ശതമാനത്തിലധികം കടൽജല ശുദ്ധീകരണ പ്ലാന്റുകളെ ആശ്രയിക്കുന്ന കുവൈറ്റ് പോലുള്ള ഒരു രാജ്യത്തിന്, ഇത്തരം പ്ലാന്റുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതേസമയം, കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങൾ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) അവകാശവാദം. മേഖലയിലുടനീളമുള്ള തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നും കുവൈറ്റ് അതിർത്തിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി മിസൈലുകളും ഡ്രോണുകളും തകർത്തതായും കുവൈറ്റ് ജനറൽ സ്റ്റാഫ് അറിയിച്ചു.