ഇറാൻ ഗതാഗതമേഖലകൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു

ഇറാൻ ഗതാഗതമേഖലകൾ  ലക്ഷ്യമിട്ട് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാനിൽ വീണ്ടും ആക്രമണം തുടർന്ന് യുഎസ്. ആക്രമണത്തിൽ ഇന്ന് രാവിലെ ഏഴ് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തുടർച്ചയായ ആറാം ദിവസമാണ് ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തുന്നത്.ബന്ദർ അബ്ബാസിലെ റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ നിരവധി നഗരങ്ങൾ ആക്രമിച്ചതായാണ് വിവരം. വിമാനത്താവളം, ഹോര്‍മുസ്‌ഗാന്‍ മേഖലയിലെ രണ്ട് പാലങ്ങൾ എന്നിവിടങ്ങളിലെല്ലാം ആക്രമണമുണ്ടായെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇറാനിലെ ഇറാന്‍ഷഹ്റിലെ വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.

കഴിഞ്ഞ ദിവസമാണ് ഇറാനിലെ തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാസിൽ കുട്ടികളുടെ പ്രത്യേക ആശുപത്രിക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് നൂറുക്കണക്കിന് കുട്ടികളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. അതേസമയം അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി കൂവൈറ്റും ജോർദാനും അടക്കം ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചു. സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബഹറൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി ബഹ്‌റൈൻ മന്ത്രാലയം അറിയിച്ചു.പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയുമായി ഇനി ചർച്ചയ്‌ക്കില്ലെന്ന് നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു. ജൂൺ 17ലെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും അമേരിക്കൻ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്‌മാഈൽ ബഗായി അറിയിച്ചിരുന്നു.

എന്നാൽ ഇറാൻ ചർച്ചയ്‌ക്ക് വഴങ്ങിയില്ലെങ്കിലോ അവര്‍ക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കിലോ കടുത്ത ആക്രമണത്തെ നേരിടേണ്ടി വരുമെന്നും പിന്നെ ഇറാനില്‍ ആരും അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്‍റെ പ്രധാന നഗരങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും പാലങ്ങള്‍ക്കും നേരെയുള്ള ആക്രമണം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.സംഘർഷത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹോർമുസ് ഒരുക്കലും തിരിച്ചുവരില്ല. ഒരു സാഹചര്യത്തിലും ഒരു വിദേശ രാജ്യമെന്ന നിലയിൽ ഹോർമുസ് കടലിടുക്കിൽ ഇടപെടാൻ തങ്ങൾ അമേരിക്കയെ അനുവദിക്കില്ലെന്ന് ഇറാൻ സൈനിക വക്താവ് കേണൽ ഇബ്രാഹിം സോൾഫാഗാരി ട്രംപിന് മറുപടി നൽകിയിരുന്നു.ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി 60 ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് കൊണ്ടുള്ള ഇടക്കാല കരാറാണ് ഇതോടെ തകരുന്നത്. അമേരിക്ക ഇടക്കാല കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ പൂർണമായ സൈനിക ഏറ്റുമുട്ടലിന് ഇറാൻ സജ്ജമാണെന്ന് പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്.