അഫ്‌ഗാൻ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ:തിരിച്ചടിയെന്ന് താലിബാൻ

ഇസ്ലാമാബാദ്: പാക് -അഫ്‌ഗാൻ സേനകൾ തമ്മിൽ അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇന്നലെ രാത്രി ഖൈബർ, പഖ്‌തൂൺഖ്വ, ബലൂചിസ്ഥാൻ അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകളിൽ താലിബാൻ സൈന്യം നടത്തിയ വെടിവെപ്പാണ് കനത്ത ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പാകിസ്ഥാൻ്റെ ആറു പ്രവിശ്യകളിലാണ് കനത്ത ആക്രമണം നടന്നത്.ഖൈബർ- പഖ്‌തൂൺഖ്വയിലെ അഗൂർ അദ്ദ, ബജൗർ, കുറം, ദിർ ചിത്രാൽ, ബലൂചിസ്ഥാനിലെ ബരംച ഉൾപ്പെടെയുള്ള നിരവധി സൈനിക പോസ്റ്റുകളിൽ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ആഴ്‌ചയിൽ അഫ്‌ഗാൻ തലസ്ഥാനത്ത് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി അഫ്‌ഗാനിസ്ഥാൻ ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ആക്രമണമെന്ന് താലിബാൻ പറഞ്ഞു.
പാക്- അഫ്‌ഗാൻ അതിർത്തി പ്രദേശങ്ങളിലെ കുനാർ, നൻഗർഹാൽ, പക്തിക, ഖോസ്റ്റ്, ഹെർമണ്ട് പ്രവിശ്യകളിലാണ് പാക് സൈനിക ഏറ്റുമുട്ടൽ ഉണ്ടായതായായാണ് താലിബാൻ വ്യക്തമാക്കിയത്. എന്നാൽ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ഇന്നലെ നടന്ന പ്രത്യാക്രമണത്തിൽ പാക് സൈന്യം നിരവധി അഫ്‌ഗാൻ സൈനിക പോസ്റ്റുകളെ ലക്ഷ്യം വച്ചിരുന്നതായി പാക് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചെന്ന് മാധ്യമങ്ങൾ പറഞ്ഞു. പാകിസ്ഥാൻ്റെ പ്രത്യാക്രമണത്തിൽ അഫ്‌ഗാൻ സേനയ്ക്ക് കാര്യമായ നാശ നഷ്‌ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകള്‍.അതേസമയം, ടെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന ഭീകരവാദ സംഘടനയ്ക്ക് പാകിസ്ഥാനിലേയ്ക്ക് അനധികൃതമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.അഫ്‌ഗാൻ സേനയ്‌ക്ക് നേരെയുള്ള പ്രത്യാക്രമണത്തിൽ ഒരുപാട് അഫ്‌ഗാൻ സൈനികരും ഖ്വാരിജുകളും (തീവ്ര വിഭാഗം) കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ അഫ്‌ഗാൻ സർക്കാരിൻ്റെ പിന്തുണയോടെ പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ടിടിപിയ്ക്ക് സഹായം നൽകുന്നത് നിർത്തണമെന്ന് പാകിസ്ഥാൻ ആഹ്വാനം ചെയ്‌തതായാണ് റിപ്പോർട്ട്.കാബൂളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ മുൻ അമേരിക്കൻ പ്രതിനിധി സൽമയ് ഖലീൽസാദ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. "ഈ ആഴ്‌ചയുടെ തുടക്കത്തിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി അഫ്‌ഗാനിസ്ഥാനാണ് ആക്രമണത്തിന് തുടക്കമിട്ടത്. ആക്രമണങ്ങളുടെ ലക്ഷ്യങ്ങൾ പ്രതികാരവും പ്രതിരോധവുമായിരുന്നുവെന്ന് തോന്നുന്നു". സൽമയ് ഖലീൽസാദ് എക്‌സിൽ കുറിച്ചു.
പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ ചർച്ചയ്ക്ക് ആഹ്വാനം ചെയ്‌തതായി ഖലീൽസാദ് കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ച വൈകുന്നേരം കാബൂളിൽ സ്ഫോടന ശബ്‌ദം കേട്ടതായി അഫ്‌ഗാൻ വക്താവ് സബിഹുള്ള പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും സബിഹുള്ള പറഞ്ഞു.അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി ഒരാഴ്‌ച നീണ്ടു നിൽക്കുന്ന ഇന്ത്യൻ സന്ദർശനം നടത്തുമ്പോഴാണ് ആക്രമണം. അമീർ ഖാൻ മുത്താഖി കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തിയത്. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യയിലേയ്ക്കുള്ള ആദ്യ ഉന്നതതല സന്ദർശനമാണ്.ടെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരവാദ സംഘടന തുടര്‍ച്ചയായി പാകിസ്ഥാന്‍ സര്‍ക്കാരിന് തലവേദന സൃഷ്‌ടിക്കുകയായിരുന്നു. തുടര്‍ച്ചയായ ബോംബ് സ്ഫോടനങ്ങളില്‍ നിരവധി പാക്‌സൈനികർ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഖൈബര്‍ പക്തൂണ്‍ക്വായില്‍ കഴിഞ്ഞ ദിവസം പാക് സൈന്യവുമായ ഏറ്റുമുട്ടലില്‍ ഒരു പാക് മേജറും ലഫ്റ്റനൻ്റ് കേണലും ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യ-അഫ്‌ഗാൻ ഉഭയകക്ഷി ബന്ധം ശക്തമെന്ന് ആമിർ ഖാൻ മുത്താക്കി
ലഖ്‌നൗ: ഇന്ത്യ അഫ്‌ഗാനിസ്ഥാൻ ഉഭയകക്ഷി ബന്ധം ശക്തമെന്ന് അഫ്‌ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി. ഊഷ്‌മളമായ സ്വീകരണത്തിന് ദാർ ഉൽ ഉലമയ്ക്കും ജനങ്ങൾക്കും മുത്താക്കി നന്ദി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ അഫ്‌ഗാനിസ്ഥാൻ പ്രദേശം ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയും വ്യക്തിയെയും സർക്കാർ അനുവദിക്കില്ലെന്നും ആമിർ ഖാൻ മുത്താക്കി വ്യക്തമാക്കി."ഇതുവരെയുള്ള യാത്ര വളരെ മികച്ചതായിരുന്നു. ദാറുൽ ഉലൂമിലെ ജനങ്ങൾ മാത്രമല്ല, പ്രദേശത്തെ എല്ലാ ജനങ്ങളും ഇവിടെയെത്തി. അവർ എനിക്ക് നൽകിയ ഊഷ്‌മളമായ സ്വീകരണത്തിന് ഞാൻ അവരോട് നന്ദിയുള്ളവനാണ്. ഈ ഊഷ്‌മളമായ സ്വീകരണത്തിന് ദിയോബന്ദിലെ ഉലമയ്ക്കും പ്രദേശത്തെ ജനങ്ങൾക്കും ഞാൻ പറയുന്നു. ഇന്ത്യ-അഫ്‌ഗാനിസ്ഥാൻ ബന്ധത്തിൻ്റെ ഭാവി വളരെ ശോഭനമായി തോന്നുന്നു" - ആമിർ ഖാൻ മുത്താക്കി പറഞ്ഞു.
ഇന്ത്യൻ സന്ദർശനത്തിൻ്റെ ഭാഗമായി ഉത്തർപ്രദേശിലെത്തിയ അഫ്‌ഗാൻ മന്ത്രി ഇന്നലെ ദാറുൽ ഉലൂം എന്ന സ്ഥാപനത്തിൻ്റെ പൊതു പരിപാടിയിൽ പങ്കെടുത്ത് വിദ്യാർഥികളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്തു.ലോകമെമ്പാടുമുള്ള ഇസ്ലാമിക പണ്ഡിതന്മാർ മതപഠനം നടത്തിയ സ്ഥാപനമാണ് ദാറുൽ ഉലൂം ദിയോബന്ദ്. 1800കളുടെ അവസാനത്തിൽ സയ്യിദ് മുഹമ്മദ് ആബിദ്, ഫസ്ലുർ റഹ്മാൻ ഉസ്‌മായി, മഹ്താബ് അലി ദിയോബന്ദി തുടങ്ങിയവരാണ് സ്ഥാപനം സ്ഥാപിച്ചത്. മുത്താക്കി ഇന്ന് ആഗ്രയിലെ താജ്‌മഹൽ സന്ദർശിക്കും.