"നാശനഷ്‌ടങ്ങൾക്ക് നഷ്‌ടപരിഹാരം, ഗൾഫിൽ നിന്ന് യുഎസ് പൂർണമായി പിൻവാങ്ങുക": പ്രതികാര നടപടി അവസാനിപ്പിക്കുമെന്ന് ഇറാൻ

"നാശനഷ്‌ടങ്ങൾക്ക്   നഷ്‌ടപരിഹാരം, ഗൾഫിൽ നിന്ന് യുഎസ് പൂർണമായി പിൻവാങ്ങുക":  പ്രതികാര നടപടി  അവസാനിപ്പിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയ്‌ക്ക് മുന്നറിയിപ്പുമായി മുൻ ഐആർജിസി കമാൻഡർ മൊഹ്‌സെൻ റെസായി. ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും യുഎസ് യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും മുന്നറിയിപ്പ്. മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) കമാൻഡർ മൊഹ്‌സെൻ റെസായിയാണ് അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസം അമേരിക്ക ഖാർഗ് ദ്വീപ് ആക്രമിച്ചതിന് പിന്നാലെ ഹോർമുസ് തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഇറാൻ്റെ മറുപടി.

''തന്ത്രപ്രധാനമായ ജലപാത അടച്ച് തന്നെ തുടരും, ഒരു യുഎസ് യുദ്ധക്കപ്പലും പേർഷ്യൻ ഗൾഫ് ജലാശയത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല'' - മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) കമാൻഡർ മൊഹ്‌സെൻ റെസായി പറഞ്ഞു.

യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്‌ടങ്ങൾക്ക് പൂർണമായ നഷ്‌ടപരിഹാരം ലഭിക്കുകയും പേർഷ്യൻ ഗൾഫിൽ നിന്ന് യുഎസ് പൂർണമായി പിൻവാങ്ങുകയും ചെയ്‌താൽ മാത്രമേ ഇസ്ലാമിക് റിപ്പബ്ലിക് പ്രതികാര നടപടികൾ അവസാനിപ്പിക്കുന്നത് പരിഗണിക്കുകയുള്ളൂവെന്നും റെസായി വ്യക്തമാക്കി. ഗള്‍ഫ് മേഖലയിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നതാണ് സമാധാനം ഉറപ്പാക്കാനുള്ള ഏക മാർഗമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഖാമനേയിയുടെ മരണത്തിൽ ഇറാനിൽ നടന്ന കൂട്ട ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മൊഹ്‌സെൻ റെസായി പരാമർശം നടത്തിയത്. കഴിഞ്ഞ 44 വർഷത്തിനിടയിൽ അമേരിക്ക അവരുടെ കരുതൽ ശേഖരത്തിൽ നിന്ന് 170 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ പുറത്തിറക്കി. നിലവിൽ എണ്ണ വില വീണ്ടും കുത്തനെ ഉയർന്നതിനാൽ ഒന്നോ രണ്ടോ ആഴ്‌ചയിൽ കൂടുതൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും റെസായി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് ലോകത്തിലെ ചരക്ക് ഗതാഗതത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ജലപാതയാണ്. ആഗോള എണ്ണ വ്യാപാരത്തിൻ്റെ ഒരു പ്രധാന ഭാഗം പേർഷ്യൻ ഗൾഫിനെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ഹോർമുസ്. ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തന്ത്രപ്രധാനമായ ഊർജ്ജ കൈമാറ്റത്തിനെ ബാധിക്കും.

"കഴിഞ്ഞ 50 വർഷമായി പേർഷ്യൻ ഗൾഫിൽ തുടരുന്ന അമേരിക്കൻ സേനയുടെ സാന്നിധ്യമാണ് ഈ അരക്ഷിതാവസ്ഥയ്ക്ക് പിന്നിലെ പ്രധാന കാരണം. അമേരിക്ക ഇവിടെ നിന്ന് പിന്മാറുകയും ഇറാനും ഒമാനും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തില്ലെങ്കിൽ അവിടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല" - റെസായി പറഞ്ഞു. ഇറാനെ തകർക്കുമെന്ന് പറയുന്നത് അമേരിക്കയുടെ വെറും സങ്കൽപം മാത്രമാണെന്നും റെസായി പറഞ്ഞു.

ഏറ്റവും നൂതന സാങ്കേതികവിദ്യകൾ, വിമാനങ്ങൾ, മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയുള്ള അമേരിക്കയോട് ഇറാൻ പോലുള്ള ഒരു രാജ്യം സംഘർഷത്തിൽ ഏർപ്പെടുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിക്കില്ല. ഭാവി ഞങ്ങളുടേതാണെന്നും റെസായി പറഞ്ഞു.