വ്യാജ സീലുണ്ടാക്കി കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം; കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി

കണ്ണൂർ: കോർപ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ സീലുകളുപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി.കക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി. മുരളിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. അഞ്ചോളം പേരില്‍ നിന്നായി ഇയാള്‍ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് വിവരം.ഉദ്യോഗാർത്ഥികളുടെ വിശ്വാസം പിടിച്ചുപറ്റുന്നതിനായി കണ്ണൂർ ഡിസിസിയുടെയും, മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പി.എസ് ചന്ദ്രൻ തില്ലങ്കേരിയുടെയും പേരില്‍ വ്യാജ സീലുകള്‍ നിർമ്മിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നിയമനം ലഭിച്ചെന്ന് വിശ്വസിപ്പിക്കാൻ ഉദ്യോഗാർത്ഥികള്‍ക്ക് ജോലിക്ക് ഉപയോഗിക്കേണ്ട യൂണിഫോം ഉള്‍പ്പെടെ മുരളി കൈമാറിയിരുന്നു.ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികള്‍ നല്‍കിയ പരാതിക്ക് പുറമെ, പാർട്ടി ഓഫീസിന്റെയും മന്ത്രിയുടെ പിഎയുടെയും പേരില്‍ വ്യാജ സീലുണ്ടാക്കിയതിനെതിരെ കണ്ണൂർ ഡിസിസി പ്രസിഡന്റും ചന്ദ്രൻ തില്ലങ്കേരിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഭരണ കക്ഷിയുടെയും പാർട്ടിയുടെയും പേര് ദുരുപയോഗം ചെയ്ത് സ്വന്തം പാർട്ടി നേതാവ് തന്നെ വൻ തട്ടിപ്പ് നടത്തിയതിന്റെ ഞെട്ടലിലാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.