ഇറാനുമായുള്ള ട്രംപിൻ്റെ യുദ്ധത്തെ ശാസിച്ചുകൊണ്ട് ആദ്യമായി യുദ്ധാധികാരം വെട്ടിച്ചുരുക്കി യുഎസ് സെനറ്റ്

ഇറാനുമായുള്ള ട്രംപിൻ്റെ  യുദ്ധത്തെ ശാസിച്ചുകൊണ്ട് ആദ്യമായി  യുദ്ധാധികാരം വെട്ടിച്ചുരുക്കി യുഎസ് സെനറ്റ്

വാഷിങ്ടൺ:ഇറാനിലെ യുദ്ധം നിർത്തുകയോ സൈനിക നടപടി തുടരുന്നതിന് മുമ്പ് കോൺഗ്രസിന്റെ അംഗീകാരം തേടുകയോ ചെയ്യണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നിർദ്ദേശിക്കുന്ന ഒരു പ്രമേയം റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള യുഎസ് സെനറ്റ് അംഗീകരിച്ചു.ഇന്നലെ  നടന്ന 50-48 വോട്ടിൽ ഒരുവിഭാഗം  റിപ്പബ്ലിക്കൻമാർ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നു. ഈ മാസം ആദ്യം യുഎസ് പ്രതിനിധി സഭയും ഇതേ നടപടി പാസാക്കിയിരുന്നു.

 റിപ്പബ്ലിക്കൻ സെനറ്റർമാരായ റാൻഡ് പോൾ, സൂസൻ കോളിൻസ്, ലിസ മർകോവ്സ്കി, ബിൽ കാസിഡി എന്നിവർ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തെ അനുകൂലിച്ചു. ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. സമാനമായ നടപടികളെ നേരത്തെ എതിർത്തിരുന്ന റിപ്പബ്ലിക്കൻ സെനറ്റർമാരായ മിച്ച് മക്കോണൽ, ഡേവ് മക്കോർമിക് എന്നിവരുടെ അസാന്നിധ്യമാണ് പ്രമേയം പാസാക്കാൻ സഹായിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.നേരത്തെ ജനപ്രതിനിധി സഭയിലും 208നെതിരെ 215 വോട്ടുകൾക്ക് ഈ പ്രമേയം പാസാക്കിയിരുന്നു. അന്ന് നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. 1973ലെ വാർ പവേഴ്സ് ആക്ട് പ്രകാരമാണ് നടപടി. ചരിത്രത്തിലാദ്യമായാണ് യുദ്ധമുഖത്തുനിന്ന് സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം ഇരുസഭകളും പാസാക്കുന്നത്.

ട്രംപിൻ്റെ വിമർശനം

ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പിന് പിന്നാലെ നിയമനിർമാതാക്കളെ വിമർശിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ച അദ്ദേഹം നടപടിയെ രാജ്യസ്നേഹമില്ലാത്തത് എന്നാണ് വിശേഷിപ്പിച്ചത്. ഇരുസഭകളിലും പാസായെങ്കിലും ഇതൊരു കൺകറൻ്റ് പ്രമേയമായതിനാൽ പ്രസിഡൻ്റിൻ്റെ ഒപ്പ് ആവശ്യമില്ലെന്നും നിയമപരമായ പ്രാബല്യമില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏപ്രിൽ ഏഴിന് വെടിനിർത്തലോടെ ശത്രുത അവസാനിച്ചതിനാൽ സൈന്യത്തെ പിൻവലിക്കേണ്ട സാഹചര്യമില്ലെന്നാണ് വൈറ്റ് ഹൗസിൻ്റെ നിലപാട്.എന്നാൽ ഈ വ്യാഖ്യാനത്തെ ഡെമോക്രാറ്റിക് പ്രതിനിധികൾ ചോദ്യം ചെയ്തു. പ്രമേയം ബാധകമാകുമെന്നും വിയോജിപ്പുകൾ നിയമപരമായ വിഷയമായി മാറുമെന്നും അവർ വാദിച്ചു. ഈ വർഷം പത്തുതവണയാണ് ഇറാനുമായി ബന്ധപ്പെട്ട യുദ്ധ അധികാര നടപടികളിൽ സെനറ്റ് വോട്ടെടുപ്പ് നടത്തിയത്.

അതിനിടെ, ആണവ നിലയങ്ങളിൽ അനിശ്ചിതകാലത്തേക്ക് പരിശോധന നടത്താൻ ഇറാൻ സമ്മതിച്ചതായി പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. നേരത്തെ ജെ.ഡി വാൻസും സമാനമായ കാര്യം പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിയ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ, ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയുമായുള്ള ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിൻ്റെ നിലനിൽപ്പ് വീണ്ടും ചോദ്യചിഹ്നമായി.

ഇസ്രയേലിൻ്റെ നിലപാട്

സൈനിക ആവശ്യങ്ങൾക്കായി അമേരിക്കയെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ഇസ്രയേൽ സ്വതന്ത്രമാകണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ റിസർവ് സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. നിലവിൽ 80 ശതമാനത്തോളം അമേരിക്കൻ ആയുധങ്ങളാണ് ഇസ്രയേൽ ഉപയോഗിക്കുന്നത്. സ്വന്തമായി ആയുധ നിർമാണ ശേഷി വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും ഇറാനുമായും അവരുടെ പ്രോക്സി ഗ്രൂപ്പുകളുമായും യുദ്ധം തുടരുന്നതിന് ഈ സ്വാതന്ത്ര്യം അനിവാര്യമാണെന്നും നെതന്യാഹു പറഞ്ഞു. ഇറാനുമായുള്ള കരാറിൽ ഇസ്രയേലിന് താത്പര്യമില്ല. ട്രംപിൻ്റെ നിർദേശം അനുസരിക്കാതെ ലെബനനിലേക്കുള്ള ആക്രമണങ്ങൾ ഇസ്രയേൽ അഴിച്ചുവിടുകയും ചെയ്തു. അതേസമയം, ഇത്രയും കാലം അമേരിക്ക നൽകിയ സഹായങ്ങളെ നന്ദിയോടെ ഓർക്കുന്നതായും നെതന്യാഹു കൂട്ടിച്ചേർത്തു. ഇതിനിടെ, ഇസ്രയേലും ലെബനനും തമ്മിലുള്ള അഞ്ചാംവട്ട ചർച്ചകൾ വാഷിങ്ടണിൽ തുടരുകയാണ്.