മണ്ഡല പുനർനിർണ്ണയ ബിൽ: പ്രതികരണവുമായി സുപ്രിയ സുലെ

മണ്ഡല പുനർനിർണ്ണയ ബിൽ: പ്രതികരണവുമായി സുപ്രിയ സുലെ

മുംബൈ: കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണ്ണയ ബില്ലിൽ കേന്ദ്ര സർക്കാരുമായി എൻസിപി (ശരദ് പവാർ) വിഭാഗം ധാരണയിലെന്ന വാർത്തകൾ തള്ളി പാർട്ടി എംപി സുപ്രിയ സുലെ. എൻസിപി (എസ്പി) എൻഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.എന്നാൽ, സംസ്ഥാനങ്ങളിലെ ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന വ്യവസ്ഥ ബില്ലിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയാൽ അതിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് സുപ്രിയ സുലെ സൂചന നൽകി. ജനസംഖ്യ മാത്രം മാനദണ്ഡമാക്കി മണ്ഡല പുനർനിർണ്ണയം നടത്തിയാൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും അമിത് ഷാ ഉൾപ്പെടെയുള്ളവർ യോഗത്തിലുണ്ടായിരുന്നുവെന്നും അവർ സ്ഥിരീകരിച്ചു. 50 ശതമാനം സീറ്റ് വർദ്ധനവിനെക്കുറിച്ചുള്ള ഔദ്യോഗിക നിർദ്ദേശം രേഖാമൂലം ലഭിച്ച ശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു