രാജ്യത്ത് പാചകവാതക ക്ഷാമം കൂടുതൽ രൂക്ഷം

ന്യുഡൽഹി: ഇറാൻ യുദ്ധം അനന്തമായി നീളുന്നതിനിടെ രാജ്യത്ത് പാചകവാതക ക്ഷാമം കൂടുതൽ രൂക്ഷം. രാജ്യത്ത് എൽപിജി വിതരണത്തിൽ നിയന്ത്രണം കൊണ്ടുവന്നതോടെ വലഞ്ഞ് ജനം. ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം നിർത്തി. അടിയന്തരമല്ലാതെ മേഖലകളിൽ വിതരണം നിർത്തിവയ്ക്കാനാണ് എൽപിജി ഫെഡറേഷൻ്റെ നിർദേശം. പ്രധാന നഗരങ്ങളിലെല്ലാം വാണിജ്യ സിലിണ്ടർ ലഭ്യമല്ലാതായതോടുകൂടി ഹോട്ടലുകൾ അടച്ചിടേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് . ഉള്ളയിടങ്ങളിൽ ഉടമകൾ ഭക്ഷണത്തിന് വിലകൂട്ടാനും നിർബന്ധിതമായിരിക്കുന്നു.
ആശുപത്രി, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടർ നൽകുന്നതിൽ മുൻഗണന നൽകാനാണ് നിർദേശം. അതിനാൽ തന്നെ ഹോട്ടലുകൾക്ക് സിലിണ്ടർ കിട്ടാൻ ഏറെ പണിപ്പെടേണ്ടിവരും. ഗാർഹിക സിലിണ്ടറുകൾക്ക് തൽക്കാലം ക്ഷാമമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ബുക്കിംഗിനുള്ള നിയന്ത്രണം തുടരും. ഹോട്ടലുകാർ ഗാർഹിക സിലിണ്ടർ വ്യാപകമായി ഉപയോഗിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്.