വിവാഹത്തിന് മുൻപ് ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതിമാർക്ക് ചാട്ടവാറടി

ഇൻഡോനേഷ്യ: വിവാഹത്തിന് മുൻപ് ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതിമാർക്ക് ചാട്ടവാറടി. ഇൻഡോനേഷ്യയിലെ ആകെ പ്രവിശ്യയിലാണ് ശരിയത്ത് നിയമപ്രകാരം ദമ്പതിമാരെ 140 തവണ ചാട്ടവാറടിയ്ക്ക് വിധിച്ചത്. വിവാഹത്തിന് മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനും മദ്യം കഴിച്ചതിനുമാണ് ശിക്ഷ. പ്രവിശ്യ തലസ്ഥാനമായ ബന്ദ ആകെയിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. പ്രദേശത്ത് ഇസ്ലാമിക നിയമപ്രമാണമായ ശരിയത്ത് ആണ് നിലനിൽക്കുന്നത്. ശരിയത്ത് നിയമപ്രകാരം വിവാഹേതരലൈംഗികബന്ധവും മദ്യസേവയും ക്രിമിനൽ കുറ്റങ്ങളാണ്. 20 വർഷം മുൻപ് പ്രവിശ്യയിൽ നിന്ന് ശരിയത്ത് നിയമം ഏർപ്പെടുത്തിയതിന് ശേഷം നൽകുന്ന ഏറ്റവും കഠിനമായ ശിക്ഷയാണ് ഇതെന്ന് അധികൃതർ പറഞ്ഞു.ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ഇരുവർക്കും 100 അടി വീതവും മദ്യപാനത്തിന് 40 അടിവീതവുമാണ് നൽകിയത്. പൊതുസ്ഥലത്ത് നൂറുകണക്കിന് കാണികളുടെ സാന്നിധ്യത്തിൽ ചൂരൽ വടി കൊണ്ടായിരുന്നു അടി. ശിക്ഷയ്ക്കിടെ യുവതി കുഴഞ്ഞുവീണെന്നും ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.ഇവർ ഉൾപ്പെടെ ആറ് പേരെയാണ് അന്ന് ശിക്ഷിച്ചതെന്ന് ശരിയ പോലീസ് മേധാവി മുഹമ്മദ് റിസാൽ പറഞ്ഞു. ഇതിൽ ശരിയ പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട് എന്നും റിസാൽ പ്രതികരിച്ചു.
സുമാത്രയുടെ വടക്കേ അറ്റത്താണ് ആകെ പ്രവിശ്യ. ഇൻഡോനേഷ്യയിൽ ശരിയത്ത് നിയമമുള്ള ഒരേയൊരു പ്രവിശ്യയാണ് ആകെ. 2001ൽ സർക്കാരിൽ നിന്ന് സ്വയംഭരണാധികാരം നേടിയതിന് ശേഷമാണ് ഇവിടെ ശരിയത്ത് നിയമം പ്രാബല്യത്തിൽ വന്നത്. ചൂതാട്ടം, മദ്യപാനം, വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പൊതുമധ്യത്തിലെ ചാട്ടവാറടിയാണ് ശിക്ഷ.ആമ്നസ്റ്റി ഇൻ്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശസംഘടനകൾ ഈ ശിക്ഷാവിധിയെ പലതവണ എതിർത്തിട്ടുണ്ട്. ഇത് പ്രാകൃത ശിക്ഷാവിധിയാണെന്നതാണ് വിമർശനം.