ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി:എഫ്‌സി ഗോവ ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ നിർത്തിവെച്ചു

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി:എഫ്‌സി ഗോവ  ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ  നിർത്തിവെച്ചു

പനാജി: ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധിയെ തുടര്‍ന്ന് എഫ്‌സി ഗോവ തങ്ങളുടെ ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ മീറ്റിംഗിൽ ക്ലബ് സിഇഒ രവി പുസ്‌കൂർ ആണ് താരങ്ങളെയും പരിശീലകരെയും ഈ തീരുമാനം അറിയിച്ചത്. ഒരു ക്ലബ് എന്ന നിലയിൽ, അസാധാരണമായ സാഹചര്യങ്ങൾക്കിടയിലും, പ്രവർത്തനങ്ങൾ സാധാരണമായും സ്ഥിരതയോടെയും പ്രവർത്തിക്കാൻ ഇതുവരെ എല്ലാം ചെയ്‌തിട്ടുണ്ടെന്ന് പുസ്‌കൂർ പറഞ്ഞു.

എന്നാല്‍ ഇന്ത്യൻ ഫുട്‌ബോളിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുകയാണ്. നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത്, ലഭ്യമായ എല്ലാ ഓപ്ഷനുകളും ശ്രദ്ധാപൂർവ്വം പരിഗണിച്ചിട്ടുണ്ട്. എല്ലാ ഫസ്റ്റ് ടീം പ്രവർത്തനങ്ങളും ഉടനടി നിർത്തിവയ്ക്കുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലാത്ത ഒരു ഘട്ടത്തിലെത്തി. വേറെ വഴികളില്ലാത്തതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.ഡിസംബർ 24 വരെ ഗോവ സജീവമായിരുന്നു. ഫറ്റോർഡയിൽ എഫ്‌സി ഇസ്റ്റിക്ലോളിനെതിരെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ടിന്‍റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം അവർ കളിച്ചു. താജിക്കിസ്ഥാനിൽ നിന്നുള്ള എതിരാളികൾ അമ്പരന്ന് നോക്കി നിൽക്കെ, ഗോവ താരങ്ങൾ മൈതാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇന്ത്യൻ ആഭ്യന്തര ഫുട്ബോൾ നേരിടുന്ന അവഗണനയിലേക്ക് ലോകശ്രദ്ധ തിരിക്കാനായിരുന്നു ക്ലബ്ബിന്‍റെ നടപടിയുടെ ഈ നീക്കം.എഐഎഫ്‌എഫും (AIFF) വാണിജ്യ പങ്കാളികളും തമ്മിലുള്ള കരാർ തർക്കങ്ങളും സുപ്രീം കോടതിയുടെ ഇടപെടലുകളുമാണ് ലീഗ് വൈകാൻ കാരണമായത്. 'ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ‌എസ്‌എൽ) ഹ്രസ്വകാല മത്സര ഫോർമാറ്റ് ക്ലബ്ബുകളുമായി കൂടിയാലോചിച്ച് ഫെഡറേഷൻ അന്തിമമാക്കണം. സമവായത്തിന്‍റെ അഭാവത്തിൽ, കൂടുതൽ കാലതാമസം അനുവദിക്കാതെ ഫോർമാറ്റ് അന്തിമമാക്കാൻ ലീഗ് ഉടമ എന്ന നിലയിൽ അതിന്റെ അധികാരം ഉപയോഗിക്കണമെന്നും ജനറൽ ബോഡി നിയമിച്ച മൂന്നംഗ എ‌ഐ‌എഫ്‌എഫ് കമ്മിറ്റി നിർദ്ദേശിച്ചു.ഈ സീസണിലെ ഐ‌എസ്‌എല്ലിനുള്ള റഫറിയിംഗിനും പ്രക്ഷേപണ നിർമ്മാണത്തിനുമുള്ള ചെലവ് എ‌ഐ‌എഫ്‌എഫ് വഹിക്കണമെന്ന് പാനൽ ശുപാർശ ചെയ്‌തു. തിങ്കളാഴ്ച രാവിലെ യോഗം ചേർന്ന എഐഎഫ്എഫിന്‍റെ ധനകാര്യ സമിതി, ടോപ് ടയർ ലീഗിനായി ഏഴ് കോടി രൂപ വരെ ചെലവഴിക്കാൻ ഗവേണിംഗ് ബോഡിക്ക് അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്. 2025–2026 ഹ്രസ്വകാല പതിപ്പിനായുള്ള ഐഎസ്എല്ലിന്‍റേയും ഐ-ലീഗിന്‍റേയും ഓർഗനൈസേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫെഡറേഷൻ ഇന്ന് അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.