ഇറാനിൽ മരണസംഖ്യ 1500 കവിഞ്ഞു; പലായനം ചെയ്യുന്നത് ലക്ഷങ്ങൾ

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യം വൻ മാനുഷിക ദുരന്തത്തിലേക്ക്. പത്തുദിവസമായി തുടരുന്ന അതിശക്തമായ വ്യോമാക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. പരിക്കേറ്റവരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് സൂചന.പ്രധാന നഗരങ്ങളിലെ സൈനിക താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും വ്യോമാക്രമണത്തിൽ പൂർണ്ണമായും തകർന്നു. കെട്ടിടങ്ങൾ തകർന്നുവീണ് സിവിലിയന്മാർക്കിടയിലും വൻതോതിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധഭീതിയെത്തുടർന്ന് ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ നഗരങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. അതിർത്തി പ്രദേശങ്ങളിൽ അഭയാർത്ഥി പ്രവാഹം വർധിക്കുന്നത് അയൽരാജ്യങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്.
ഇറാന്റെ ആണവ-സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം തുടരുന്നതെന്ന് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കി. അതേസമയം, ജനവാസ മേഖലകളിലെ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.പത്താം ദിവസവും ആക്രമണം തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമായി തുടരുന്നു. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ കൃത്യമായ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.