ഐപിഎൽ 2026: മുംബൈയെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്, കളിയിൽ തിളങ്ങിയത് സമീർ റിസ്‌വി

ഐപിഎൽ 2026: മുംബൈയെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്, കളിയിൽ  തിളങ്ങിയത് സമീർ റിസ്‌വി

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും ഇംപാക്ട് പ്ലെയറായി ഇറങ്ങി കളി മാറ്റിയെഴുതി സമീർ റിസ്‌വി. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 51 പന്തിൽ പുറത്താകാതെ 90 റൺസ് അടിച്ചുകൂട്ടിയ റിസ്‌വിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി.

163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ഒരു ഘട്ടത്തിൽ 73/3 എന്ന നിലയിൽ പതറുകയായിരുന്നു. എന്നാൽ 176.47 സ്ട്രൈക്ക് റേറ്റിൽ ഏഴ് ഫോറുകളും ഏഴ് സിക്സറുകളും പറത്തി റിസ്‌വി കളി ഡൽഹിക്ക് അനുകൂലമാക്കി. പാത്തും നിസ്സങ്കയ്ക്കൊപ്പം (44) 66 റൺസിന്‍റേയും, ഡേവിഡ് മില്ലർക്കൊപ്പം (പുറത്താകാതെ 21) 78 റൺസിന്‍റേയും കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ റിസ്‌വി, 11 പന്തുകൾ ബാക്കി നിൽക്കെ ഡൽഹിയെ വിജയതീരത്തെത്തിച്ചു.ഐപിഎൽ ചരിത്രത്തിൽ മുംബൈക്കെതിരെ ഒരു ഡൽഹി താരം നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ (7 എണ്ണം) എന്ന റെക്കോർഡ് റിസ്‌വി സ്വന്തമാക്കി. ഇംപാക്ട് പ്ലെയറായി ഇറങ്ങി ഒരു ഇന്നിംഗ്‌സിൽ കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ ജോസ് ബട്‌ലർക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ റിസ്‌വി. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഉയർത്തിയ 162/6 എന്ന സ്കോർ പ്രതിരോധിക്കാൻ അവരുടെ സ്പിന്നർമാർക്ക് സാധിച്ചില്ല. ഈ അവസരം കൃത്യമായി മുതലെടുത്താണ് റിസ്‌വി ഡൽഹിക്ക് വിജയം സമ്മാനിച്ചത്.നേരത്തെ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം മോശമായിരുന്നു. കെ.എൽ രാഹുൽ (1), നിതീഷ് റാണ (0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങാതെ ബാറ്റ് ചെയ്‌ത നിസ്സങ്ക മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. ദീപക് ചഹാർ, മിച്ചൽ സാന്‍റ്‌നര്‍, ഷാർദുൽ താക്കൂർ എന്നിവർക്കെതിരെ ബൗണ്ടറികൾ നേടിയ നിസ്സങ്ക 44 റൺസെടുത്ത് പുറത്തായി.തുടക്കത്തിൽ പതുക്കെ ബാറ്റ് ചെയ്‌ത റിസ്‌വി 11-ാം ഓവറിലാണ് താളം കണ്ടെത്തിയത്. കോർബിൻ ബോഷിനെതിരെ ആ ഓവറിൽ മാത്രം 20 റൺസ് അദ്ദേഹം അടിച്ചെടുത്തു. മായങ്ക് മാർക്കണ്ഡേയ്‌ക്കെതിരെ തുടർച്ചയായ രണ്ട് സിക്സറുകൾ പറത്തി 31 പന്തിൽ റിസ്‌വി തന്‍റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. മുംബൈയുടെ പ്രധാന ബൗളറായ ബുംറയ്‌ക്കും റിസ്‌വിയെ തടയാനായില്ല. സെഞ്ച്വറിക്ക് 10 റൺസ് അകലെ വെച്ച് കോർബിൻ ബോഷിന്‍റെ പന്തിൽ പുറത്തായെങ്കിലും അപ്പോഴേക്കും ഡൽഹി വിജയം ഉറപ്പിച്ചിരുന്നു.