ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ച കേസ്; പ്രതികളെ ഇനി ഓൺലൈനായി ഹാജരാക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച കേസിലെ പ്രതികളെ സുരക്ഷാ കാരണങ്ങളാൽ ഇനി മുതൽ എസ്എഎസ് (SAS) സംവിധാനം വഴി ഹാജരാക്കാൻ തീസ് ഹസാരി കോടതിയുടെ ഉത്തരവ്. ജയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മറ്റ് തടവുകാരിൽ നിന്ന് മർദനമേൽക്കുന്നുവെന്ന പ്രതികളുടെ പരാതിയെ തുടർന്നാണ് കോടതിയുടെ സുപ്രധാന നടപടി.2025 ഓഗസ്റ്റിൽ നടന്ന ഡൽഹി മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണ കേസിലെ പ്രതികളായ രാജേഷ്ഭായ് ഖിംജിഭായ് സക്കറിയ, തെഹ്സിൻ റാസ ഷെയ്ഖ് എന്നിവർക്കാണ് കോടതിയുടെ പുതിയ നിർദേശം ബാധകമാകുക. വധശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വിചാരണയ്ക്കായി ജയിലിൽ നിന്ന് കോടതിയിലേക്കും തിരിച്ചും കൊണ്ടുപോകുന്ന സമയത്ത് മറ്റ് തടവുകാർ നിരന്തരം മർദിക്കുന്നതിനാൽ ജയിൽ വാഹനത്തിൽ പ്രത്യേക സെൽ അനുവദിക്കണമെന്ന് ഇവർ കോടതിയോട് അഭ്യർഥിച്ചിരുന്നു.
പ്രതിഭാഗം അഭിഭാഷകരുടെയും പ്രോസിക്യൂഷൻ്റെയും വാദങ്ങളും ജയിൽ അധികൃതരുടെ റിപ്പോർട്ടും വിശദമായി പരിഗണിച്ച ശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്ജി നിശാന്ത് ഗാർഗ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതികളെ എസ്എഎസ് വഴി ഹാജരാക്കാൻ ജൂലൈ 24ന് ജഡ്ജി നിർദേശിച്ചു. യാത്രയ്ക്കിടെ പ്രതികൾക്ക് നേരെ കടുത്ത ഭീഷണിയുണ്ടാകുന്നുണ്ടെന്നും മറ്റ് തടവുകാർ ശാരീരികമായി ആക്രമിക്കുന്നുണ്ടെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സിദ്ധാന്ത് മാലിക്, ഹാരി ചിബ്ബർ എന്നിവർ കോടതിയെ അറിയിച്ചു.
ഇതിനിടെ ഇന്നലെ പ്രോസിക്യൂഷൻ സാക്ഷിയായ ധീരേന്ദ്ര കുമാറിൻ്റെ മൊഴി കോടതി രേഖപ്പെടുത്തി. ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഇദ്ദേഹത്തിന്, രാജേഷ്ഭായ് ഖിംജിഭായ് സക്കറിയ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിക്കുന്നതിനിടെ കണ്ണിൽ പരിക്കേറ്റിരുന്നു. പ്രതികളുടെ അപേക്ഷ പരിഗണിക്കുന്നതിനിടെ ജയിൽ സൂപ്രണ്ട് നൽകിയ മറുപടിയും കോടതി പരിശോധിച്ചു.