ഇതിഹാസതാരം ധർമേന്ദ്ര അഭിനയിച്ച അവസാന സിനിമ 'ഇക്കീസ് ' ഡിസംബർ 25ന് തിയറ്ററുകളിൽ

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അഭിനയിച്ച അവസാന സിനിമ 'ഇക്കീസ് '(21) ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ തിയറ്ററുകളിൽ എത്തും. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധകാലത്തിലെ ബസന്തർ യുദ്ധവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ കഥാപശ്ചാത്തലം. അന്ധാദുൻ, ബദലാപൂർ, ഏജൻ്റ് വിനോദ്, ഏക് ഹസീന തി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ശ്രീറാം രാഘവൻ ആണ് ഇക്കീസ് സംവിധാനം ചെയ്യുന്നത്.
യുദ്ധത്തിൽ പങ്കെടുത്ത സെക്കൻ്റ് ലെഫ്റ്റനൻ്റ് അരുൺ ഖേതർപാലിൻ്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏറ്റവും ചെറിയ പ്രായത്തിൽ പരംവീര ചക്ര പുരസ്കാരം ലഭിച്ച സൈനികനാണ് അരുൺ ഖേതർപാൽ. 21-ാം വയസ്സിലാണ് രാജ്യത്തിനുവേണ്ടി അദ്ദേഹം ജീവൻ ത്യജിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിനൊപ്പം വളരെ വികാരാധീനമായ അരുൺ ഖേതർപാലിൻ്റെ ജീവിതവും ചിത്രം പറയുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച മിലിട്ടറി ഡ്രാമ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രമായിരിക്കും ഇക്കീസ് എന്നാണ് വിലയിരുത്തൽ. ജയ്ദീപ് അഹ്‌ലാവത്, അഗസ്ത്യ നന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ബിന്നി പദ്ധ, ദിനേഷ് വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ശ്രീറാം രാഘവൻ സംവിധാനം ചെയ്ത 'ജോണി ഗദ്ദാർ' എന്ന ചിത്രത്തിൽ ഇതിനുമുൻപ് ധർമേന്ദ്ര അഭിനയിച്ചിട്ടുണ്ട്. 'ഇക്കീസ് 'എന്ന തൻ്റെ പുതിയ ചിത്രത്തിലും ധർമേന്ദ്രയെ അഭിനയിപ്പിക്കാൻ സാധിച്ചത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്ന് സംവിധായകൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സെറ്റിൽ എത്തിയപ്പോൾ അദ്ദേഹം അതീവ ക്ഷീണിതനായിരുന്നു. എന്നാൽ കാമറ ഓൺ ചെയ്തു കഴിഞ്ഞാൽ അദ്ദേഹം ഊർജസ്വലനാകുമെന്ന് സംവിധായകൻ പറയുന്നു. ധർമേന്ദ്ര അഭിനയിച്ച സിനിമയുടെ ഭാഗങ്ങൾ ഡബ്ബിങ് സമയത്ത് അദ്ദേഹം കണ്ടിരുന്നു. എന്നാൽ ഫൈനൽ മിക്സ് കഴിഞ്ഞുള്ള ചലച്ചിത്രത്തിൻ്റെ പൂർണരൂപം കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ആലിയ ഭട്ട് അഭിനയിക്കുന്ന സ്പൈ ത്രില്ലർ 'ആൽഫ 'എന്ന സിനിമയും ഇതേസമയം റിലീസ് ചെയ്യുന്നുണ്ട്. ബോക്സ് ഓഫിസിൽ 'ഇക്കീസി'നോട് മത്സരിക്കാൻ ആൽഫയുമുണ്ടാകും. ധർമേന്ദ്രയെ അവസാനമായി തിരശീലയിൽ കാണാനുള്ള അവസരമാണ് ഇക്കീസ്. ഇന്ത്യൻ സിനിമയ്ക്ക് ഒട്ടേറെ മികച്ച സിനിമകളും സംഭാവനകളും നൽകിയിട്ടുള്ള ഇതിഹാസതാരം അന്തരിച്ചത് അടുത്തിടെയാണ്. ഇന്ത്യൻ സിനിമ വ്യവസായത്തിന് തന്നെ തീരാനഷ്ടമാണ് ധർമേന്ദ്രയുടെ വിയോഗമെന്ന് ചലച്ചിത്ര പ്രവർത്തകർ പ്രതികരിച്ചിരുന്നു. ഇതിഹാസതാരത്തിനുള്ള ആദരവ് കൂടിയാണ് ഈ ചിത്രം എന്ന് അണിയറ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ദിവസമാണ് റിലീസ് സംബന്ധമായ ഔദ്യോഗിക അപ്ഡേറ്റുകൾ പുറത്തുവിട്ടത്.