ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപകമായി സിബിഐ റെയ്‌ഡ്

മുംബൈ : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ രാജ്യവ്യാപകമായി സിബിഐയുടെ വൻ വേട്ട. 'ഓപ്പറേഷൻ ചക്ര-6'ൻ്റെ ഭാഗമായി 16 സംസ്ഥാനങ്ങളിലായി 80ലധികം കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാജ്യവ്യാപകമായി പരിശോധന നടത്തിയത്. ഇതിനായി 60 പ്രത്യേക സംഘങ്ങളെ സിബിഐ രൂപീകരിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, അസം, പശ്ചിമബംഗാൾ, മണിപ്പൂർ, കർണാടക, ഒഡിഷ എന്നീ 16 സംസ്ഥാനങ്ങളിലാണ് ഏകോപിത പരിശോധനകൾ നടന്നത്. 200ലധികം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ച വൻ ശൃംഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിഐ അന്വേഷണം ഊർജിതമാക്കിയത്. ഇതിൻ്റെ ഭാഗമായി ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. വ്യാജ കമ്പനികൾ രൂപീകരിക്കുകയും, തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ചെയ്തതാണ് ഇവർക്കെതിരെയുള്ള കുറ്റം. ഈ അക്കൗണ്ടുകൾ വഴി ഏകദേശം രണ്ട് കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ വ്യാജ വെബ്സൈറ്റ്
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റ് സിബിഐ അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ വ്യാജ ഡൊമെയ്ൻ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയിരുന്നത്. സുപ്രീം കോടതി രജിസ്ട്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.നൂതന സാങ്കേതികവിദ്യകളുടെയും ഫോറൻസിക് പരിശോധനകളുടെയും സഹായത്തോടെയാണ് ഇന്ത്യയിലും വിദേശത്തും പ്രവർത്തിക്കുന്ന കുറ്റവാളികളുടെ ശൃംഖലയെ സിബിഐ തിരിച്ചറിഞ്ഞത്. കോടതികളുടെയും വിവിധ അന്വേഷണ ഏജൻസികളുടെയും ഉത്തരവുകൾ എന്ന വ്യാജേന കൃത്രിമ രേഖകൾ നിർമിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പരിശോധനയിൽ നിർണായക രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇവ വിശദമായ ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കിവരികയാണ്.