ഡോംബിവ്‌ലിയിൽ ഡോക്ടർമാരെ ആക്രമിച്ച കേസ്: ശിവസേന കോർപ്പറേറ്ററിൻ്റെ അപേക്ഷ തള്ളി

ഡോംബിവ്‌ലിയിൽ   ഡോക്ടർമാരെ ആക്രമിച്ച കേസ്: ശിവസേന കോർപ്പറേറ്ററിൻ്റെ അപേക്ഷ തള്ളി

മുംബൈ: കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിലെ ശാസ്ത്രി നഗർ ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്‌സുമാരെയും ആക്രമിച്ച കേസിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാമെന്ന  ശിവസേന കോർപ്പറേറ്റർ രമേശ്  മാത്രെയുടെ അപേക്ഷ ഇന്ന് കല്യാൺ കോടതി നിരസിച്ചു, അദ്ദേഹത്തെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് കോടതിനിർദ്ദേശിച്ചു. 

ആരോഗ്യപ്രശ്നങ്ങളാൽ നേരിട്ട് ഹാജരാകുന്നതിന് പകരം വിഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന മാത്രേയുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മാത്രെയും  അനുയായികളും ചേർന്ന് ആശുപത്രിയിൽ അക്രമം നടത്തിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്ന് ബുധനാഴ്ചയാണ് മാത്രെയേ  പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ അസുഖബാധിതനായ ഇയാളെ താനെ സിവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ അസുഖം, ഉയർന്ന രക്തസമ്മർദ്ദം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇയാൾക്കുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ മാത്രേ  ചികിത്സയിലുള്ളത്.

അറസ്റ്റിലായതിന് ശേഷം മുഖ്യപ്രതിയായ മാത്രെയെ താനെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഡോംബിവ്‌ലി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ  സുഹാസ് ഹെമാഡെ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുകയും അദ്ദേഹം ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുകയും ചെയ്തതിനുശേഷം മാത്രമേ കൂടുതൽ നിയമനടപടികൾ തുടരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

വിഷ്ണുനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 132, 121(1) എന്നീ വകുപ്പുകൾ പ്രകാരമാണ് മാത്രെയേ അറസ്റ്റ് ചെയ്തതെന്ന് ഹെമാഡെ പറഞ്ഞു. ഇതുവരെ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഗർഭിണിയായ ഒരു  സ്ത്രീയുടെ ചികിത്സയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് എസിപി പറഞ്ഞു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ഉടൻ തന്നെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  അതുൽ സെൻഡെ പറഞ്ഞു. "കൂടാതെ, ഈ കേസിലെ നാലാമത്തെ പ്രതിയായ രമേശ് മാത്രെയെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്, വ്യവസ്ഥകൾക്കനുസൃതമായി ഞങ്ങൾ ഈ കേസിൽ മുന്നോട്ട് പോകും ," അദ്ദേഹം പറഞ്ഞു.

മെഡിക്കൽ അസോസിയേഷനുകൾ പണിമുടക്ക് അവസാനിപ്പിച്ചു,

സംഭവത്തെത്തുടർന്ന്  നിയമലംഘനം ആരോപിച്ച് ഡോക്ടർമാർ പണിമുടക്കി. മെഡിക്കൽ സംഘടനകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.മാത്രേയുടെ അറസ്റ്റിനു ശേഷം  ഡോക്ടർമാർ പ്രക്ഷോഭം പിൻവലിച്ചതിനെ തുടർന്ന് കല്യാൺ-ഡോംബിവ്‌ലിഭാഗത്തെ  സിവിൽ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ പുനരാരംഭിച്ചു . 

ആശുപത്രികളിൽ പോലീസ്  നിയമനം 

ശാസ്ത്രി നഗർ, രുക്മിണിഭായ്, വസന്ത് വാലി ആശുപത്രികളിൽ സ്ഥിരം പോലീസ് തസ്തികകൾ സ്ഥാപിക്കുമെന്നും, സന്ദർശക പ്രവേശന പാസുകൾ, പരിശീലനം ലഭിച്ച കൗൺസിലർമാർ, കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വേഗത്തിലുള്ള നിയമനം എന്നിവ ഉറപ്പാക്കുമെന്നും  കെഡിഎംസി കമ്മീഷണർ അഭിനവ് ഗോയൽ ഡോക്ടർമാരുടെ സംഘത്തിന് ഉറപ്പ് നൽകി.

 ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി സംഘം മഹാരാഷ്ട്ര ഡയറക്ടർ ജനറൽ ഓഫ് പോലീസ് സദാനന്ദ് ദത്തേയെ കണ്ടു. മഹാരാഷ്ട്ര മെഡിക്കൽ സർവീസ് പേഴ്സൺസ് ആൻഡ് മെഡിക്കൽ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (അക്രമവും നാശനഷ്ടവും അല്ലെങ്കിൽ സ്വത്ത് നഷ്ടവും തടയൽ) നിയമം കർശനമായി നടപ്പിലാക്കാൻ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകുമെന്ന് ഡിജിപി ഉറപ്പു നൽകിയതായി പ്രതിനിധി സംഘം അറിയിച്ചു.


ആരോപണം നിഷേധിച്ച്‌  രമേശ് മാത്രേ 

തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലം പ്രകാരം രമേശ് മാത്രേ യുടെ ആസ്‌തി  22 കോടിയാണ് ,കൂടാതെ മൂന്ന് ക്രിമിനൽ കേസുകളും  നിലവിലുണ്ട് .കൊലപാതകശ്രമം, ക്രിമിനൽ ഭീഷണി, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ കെട്ടിക്കിടക്കുന്ന കേസുകളിൽ ഉൾപ്പെടുന്നു, എന്നിരുന്നാലും കേസുകൾ ഇതുവരെ കോടതികൾ തീർപ്പാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു.2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കല്യാൺ റൂറൽ മണ്ഡലത്തിൽ നിന്ന് മാത്രെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

 അറസ്റ്റിലാകുന്നതിന് മുമ്പ്, ഡോംബിവ്‌ലിയിലെ തൻ്റെ  വസതിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഒരു വനിതാ ഡോക്ടറെ ആക്രമിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. വൈറലായ വീഡിയോയിൽ സംഭവം പൂർണ്ണമായി കാണിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അത് പകർത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രോഗിയുടെ അവസ്ഥയെക്കുറിച്ച് അപ്‌ഡേറ്റ് തേടുന്നതിനിടെ ഡോക്ടർ മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നാരോപിച്ച് മാത്രമാണ് താൻ അത് തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് മാത്രെ പറഞ്ഞു . ഡോക്ടർ "തന്റെ മകളെപ്പോലെ" ആണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഭരണകക്ഷിയിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നും വ്യാപകമായ വിമർശനത്തിന് കാരണമായി. ആക്രമണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആരെയും പാർട്ടി സംരക്ഷിക്കില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ശിന്ദേയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ശിന്ദേ പറഞ്ഞു.