"ആഭ്യന്തര വ്യവസായം വളർന്നു :അമേരിക്കയുടെ വികസനത്തിന് തീരുവ ഒരു കാരണമായി": ഡൊണാൾഡ് ട്രംപ്

"ആഭ്യന്തര വ്യവസായം വളർന്നു :അമേരിക്കയുടെ വികസനത്തിന്  തീരുവ ഒരു  കാരണമായി":  ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: പോയവർഷം ഇറക്കുമതി ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ തീരുവ രാജ്യത്ത് റെക്കോഡ് നിക്ഷേപങ്ങളെ ആകർഷിക്കാൻ കാരണമായെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങളിൽ അമേരിക്ക ലോക റെക്കോഡ് നേടിയിട്ടുണ്ട്, ചൈനയേക്കാൾ ട്രില്യൺ കണക്കിന് ഡോളറിൽ അധികം വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

"ഏക കാരണം തീരുവകളാണ്. അമേരിക്കയിൽ നിന്നാണ് നിർമിക്കുന്നതെങ്കിൽ ഉത്പന്നങ്ങൾക്ക് താരിഫുകളുണ്ടാകില്ല എന്നത് വസ്‌തുതയാണ്. അതിനാൽ തന്നെ രാജ്യത്തുടനീളം വ്യവസായ ശാലകളും വ്യവസായവും ഉയർന്നുവരുന്നു. ഈ അവിശ്വസനീയമായ നേട്ടത്തിന് അമേരിക്കയ്ക്ക് അഭിനന്ദനങ്ങൾ" ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

രാജ്യത്ത് നിരവധി വ്യവസായങ്ങളും വ്യവസായ ശാലകളും പ്രവർത്തനം ആരംഭിക്കാനും നിരവധി ജനങ്ങൾക്ക് തൊഴിൽ നേടാനും ആയെന്ന് വിവിധ രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇരട്ട തീരുവ ഇന്ത്യക്ക് മേൽ അമേരിക്ക അടിച്ചേൽപ്പിച്ചിരുന്നു എങ്കിലും നവംബർ മാസം ലഭിച്ചത് 698 കോടി ഡോളറാണെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു.

പുതുവർഷപ്പിറവിയിലും  ആക്രമണം തുടർന്ന് അമേരിക്ക

വെനസ്വേലയിലെ എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന നാല് കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്കൻ ട്രഷറി വകുപ്പ്. ഇതോടൊപ്പം നാല് എണ്ണ ടാങ്കറുകൾ അമേരിക്കയുടെ സ്വത്തായി കണ്ടുകെട്ടുകയും ചെയ്‌തിരുന്നു. വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയ്ക്കു മേൽ സമ്മർദം വർധിപ്പിക്കാനുള്ള ട്രംപിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ ഉപരോധമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.അമേരിക്കയിലേക്ക് മാരകമായ മയക്കുമരുന്നുകൾ വെനസ്വേലയിൽ നിന്ന് കയറ്റി അയക്കുമ്പോൾ എണ്ണ കയറ്റുമതിയിൽ നിന്ന് ലാഭം നേടാൻ വെനസ്വേലയെ അനുവദിക്കില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്‌കോട്ട് ബെസെൻ്റ് പറഞ്ഞു. വെനസ്വേലയൻ പ്രധാനമന്ത്രി നിക്കോളാസ് മഡുറോയുടെ ഭരണകൂടത്തിന്മേൽ സമ്മർദം ചെലുത്താനുള്ള പ്രചാരണം തുടരുമെന്നും സ്‌കോട്ട് ബെൻസെൻ്റ് പറഞ്ഞു.

വെനസ്വേലയുടെ തുറമുഖത്ത് ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി അമേരിക്ക കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സിഐഎയാണ് ഡിസംബർ മാസം ആരംഭത്തിൽ വെനസ്വേലയൻ തുറമുഖത്ത് ആക്രമണം നടത്തിയതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു.വെനസ്വേലയിലെ ലഹരി സംഘം ശേഖരിച്ചിരുന്ന സംവിധാനമാണ് ആക്രമണത്തിൽ തകർത്തതെന്നാണ് അമേരിക്കയുടെ വിശദീകരണം. ആക്രമണത്തിൽ ആളപായമില്ലെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്‌സാണ് നടപടിക്ക് ആവശ്യമായ സഹായം നൽകിയതെന്നും വൃത്തങ്ങൾ അറിയിച്ചു. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ചതെന്നാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം.