ഗ്രീൻലാൻഡ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചും ഡെന്മാര്‍ക്കിനെ ഭീഷണിപ്പെടുത്തിയും ഡൊണാള്‍ഡ് ട്രംപ്.

വാഷിങ്ടണ്‍: ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണിനെ വിമർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയേക്കാൾ ഡെന്മാർക്കിനൊപ്പം തുടരാനാണ് മുൻഗണനയെന്ന നീല്‍സണിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഡെന്മാർക്കിന് ഇത് വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.ഇത് അവരുടെ തീരുമാനമാണ്. എന്നാൽ പ്രധാനമന്ത്രി നടത്തിയ ആ നിലപാടിനെ ഞാൻ എതിർക്കുന്നു. അദ്ദേഹത്തെ കുറിച്ച് എനിക്ക് ഒന്നുമറിയില്ല. അദ്ദേഹമായി നേരിട്ട് പരിചയവുമില്ല. പക്ഷേ ഈ നിലപാട് കാരണം അദ്ദേഹത്തിന് ഭാവിയിൽ വലിയ പ്രശ്‌നമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ദ്വീപ് ഏറ്റെടുക്കാനുള്ള ട്രംപിൻ്റെ തുടർച്ചയായ ശ്രമങ്ങൾക്കിടെയാണ് നിലപാടുമായി ഗ്രീൻലാൻഡ് പ്രധാനമന്ത്രി എത്തിയത്. ഡെന്മാർക്കിൻ്റെ പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സണിനൊപ്പം കോപ്പൻഹേഗനിൽ നടന്ന വാർത്ത സമ്മേളനത്തിനിടയിലാണ് പരാമർശം നടത്തിയത്. ഡെന്മാർക്കിന് കീഴിൽ വരുന്ന ഒരു സ്വയംഭരണ പ്രദേശമാണിത്. അമേരിക്കയിൽ ചേരുന്നതിനുപകരം ഡെൻമാർക്കിൻ്റെ ഭാഗമായി തുടരാനാണ് ആഗ്രഹമെന്ന് പറഞ്ഞതിന് പിന്നാലെയാണ് വിർശനവുമായി ട്രംപ് മുന്നോട്ട് വന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലപാട് വ്യക്തമാക്കി ഡെന്മാർക്ക്
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രീൻലാൻഡ് വിഷയത്തിൽ പ്രതികരണവുമായി ഡെന്മാർക്ക് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായുള്ള നയതന്ത്ര പോരാട്ടത്തിൽ രാജ്യം നിർണായക നിമിഷത്തെ അഭിമുഖീകരിക്കുന്നുവെന്നും ദ്വീപിൻ്റെ ഭാവിയിലും ആർട്ടിക് മേഖലയിലെ മൂല്യങ്ങൾ സംരക്ഷിക്കാനും തയാറാണെന്നും പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ വ്യക്തമാക്കുകയും ചെയ്‌തു. സ്വയംഭരണാവകാശമുള്ള ഡെന്മാർക്കിൻ്റെ അധീനതയിലുള്ള ഗ്രീൻലാൻഡിൻ്റെ അവകാശവാദങ്ങളിൽ ജർമ്മനിയും സ്വീഡനും ഡെന്മാർക്കിനെ പിന്തുണച്ചിരിക്കുകയാണ്.അതേസമയം നാറ്റോയുടെ കീഴിൽ വരുന്നതാണ് ഗ്രീൻലാൻഡും ഡെന്മാർക്കുമെല്ലാം. നാറ്റോയുടെ അഞ്ചാം ആർട്ടിക്കിൾ പ്രകാരം ഒരു സഖ്യ രാജ്യം ആക്രമിച്ചാൽ ബാക്കിയുള്ളവർ ഒന്നടങ്കം അതിനെ പ്രതിരോധിക്കണമെന്നാണ്. എന്നാൽ ഇവിടെ ആക്രമിക്കാൻ എത്തുന്നത് നാറ്റോ അംഗത്വമുള്ള അമേരിക്ക തന്നെയാണ്. അതിനാലാണ് ഗ്രീൻലാൻഡ് വിഷയം ഇത്രയും രൂക്ഷമാകാൻ കാരണം. ആര് ആരുടെ പക്ഷത്ത് നിൽക്കുമെന്നതാണ് ഇപ്പോഴത്തെ ആശങ്ക.
ഗ്രീന്‍ലാൻഡിന് ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും യുഎസ് അത് ചെയ്യുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. "എനിക്ക് വളരെ എളുപ്പത്തില്‍ ഗ്രീന്‍ലാന്‍ഡുമായി ഒരു കരാർ ഉണ്ടാക്കണം. പക്ഷേ അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കഠിനമായ വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്ന്'' ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെക്‌സിക്കോ, കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും ട്രംപിൻ്റെ ബക്കറ്റ് ലിസ്റ്റിലുണ്ടെങ്കിലും ആദ്യ ലക്ഷ്യം ഗ്രീൻലാൻഡാണ്.