"വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്; പ്രതിപക്ഷം സെലക്ടീവായി വിമർശിക്കുന്നു" ജെ.പി. നദ്ദ

"വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്; പ്രതിപക്ഷം സെലക്ടീവായി വിമർശിക്കുന്നു" ജെ.പി. നദ്ദ

ന്യുഡൽഹി: നീറ്റ്  പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും മുൻപ് ഛത്തീസ്ഗഡിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേരളത്തിൽ പി.എസ്.സി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും ഉണ്ടായി. ഈ ഘട്ടങ്ങളിലൊന്നും സംസാരിക്കാത്ത കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ മാത്രം സെലക്ടീവ് വിമർശനം നടത്തുന്നത് എന്തുകൊണ്ടാണെന്ന് നദ്ദ ചോദിച്ചു. പ്രതിപക്ഷത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കലല്ലെന്നും രാഷ്ട്രീയ ലാഭം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ പൂർണ്ണ സജ്ജമാണ്. ചോദ്യപേപ്പർ ചോർച്ച ഗുരുതരമായ വിഷയമാണെന്നതിൽ സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. പ്രതിപക്ഷം നിർദ്ദേശിക്കുന്ന ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ തുറന്നുകാട്ടപ്പെടുമെന്നും നദ്ദ കൂട്ടിച്ചേർത്തു.