അമീബിക് മസ്‌തിഷ്‌ക ജ്വരം കേരളത്തിൽ വർദ്ദിക്കുന്നതിനുള്ള കാരണം വ്യക്തമാക്കി ഡോ. ഹാരിസ് ചിറയ്‌ക്കല്‍

അമീബിക് മസ്‌തിഷ്‌ക ജ്വരം കേരളത്തിൽ വർദ്ദിക്കുന്നതിനുള്ള കാരണം  വ്യക്തമാക്കി ഡോ. ഹാരിസ് ചിറയ്‌ക്കല്‍

തിരുവനന്തപുരം : അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ  പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ പ്രതികരണവുമായി  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍.കേരളത്തിന്‍റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഈ  രോഗ ബാധ  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗകാരണം കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും വേണ്ടായെന്നും മാലിന്യം വലിച്ചെറിയുന്നതാണ്  കാരണവുമെന്നാണ് ഡോ. ഹാരിസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.ഇത് പരിഹരിക്കുകയെന്നത് സമൂഹത്തിന്‍റെ ബാധ്യതയാണെന്നും അത് പരിഹരിക്കണമെന്നും അല്ലാതെ ഡോക്‌ടറുടെ തലയില്‍ വെട്ടിയിട്ട് കാര്യമില്ലെന്നും ഹാരിസ് ചിറയ്ക്കലിന്‍റെ പോസ്‌റ്റില്‍ പറയുന്നു.

ഹാരിസ് ചിറയ്ക്കലിന്‍റെ ഫേസ്‌ബുക്കിന്‍റെ പൂര്‍ണ രൂപം

അമീബിക് മസ്‌തിഷ്‌ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചു കഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ.കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസര ശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്‍റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി.എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്‍റെ സൂചകങ്ങളാണ്. സമൂഹത്തിന്‍റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്‌ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല- ഡോ. ഹാരിസ് ചിറയ്‌ക്കല്‍ കുറിച്ചു.