പുതുവത്സരാഘോഷത്തിനിടെ റഷ്യക്കുനേരെ ഡ്രോണ്‍ ആക്രമണം : 24 പേർ കൊല്ലപ്പെട്ടു

മോസ്‌കോ (റഷ്യ): പുതുവത്സരാഘോഷത്തിനിടെ റഷ്യയിലെ ഖേർസണ്‍ മേഖലയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 24 പേർ കൊല്ലപ്പെട്ടു. 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. ഖേർസണിലെ കഫേയിലും ഹോട്ടലിലും ഇടിച്ചുകയറിയ ഡ്രോണ്‍ യുക്രെയ്‌നിന്‍റേതാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2026 ജനുവരി ഒന്നിന് പുലർച്ചെയാണ് ആക്രമണം നടന്നത് എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. പുതുവത്സരം ആഘോഷിക്കാൻ ഒത്തുകൂടിയ സാധാരണക്കാർക്കിടയിലേക്കാണ് ഡ്രോണ്‍ തൊടുത്തത് എന്നും മന്ത്രാലയം പറഞ്ഞു. ആളില്ലാ ആകാശ വാഹനങ്ങള്‍ (യുഎവി) ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നും സാധാരണക്കാർക്കെതിരെ നടത്തിയ മറ്റൊരു ഭീകരാക്രമണമായിട്ടാണ് തങ്ങളിതിനെ കാണുന്നതെന്നും റഷ്യ പറഞ്ഞു.'70ലധികം സാധാരണക്കാർക്ക് പുതുവത്സരം ഒരു ദുരന്തമായി മാറി. നവ-നാസികൾ റഷ്യയിലെ ഖേർസൺ മേഖലയിലെ ഒരു കഫേയും ഹോട്ടലും യുഎവികൾ ഉപയോഗിച്ച് ആക്രമിച്ചു. 24 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്‌തു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു' -റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണ് എന്നാണ് റഷ്യയുടെ ആരോപണം. സംഭവത്തിന് പിന്നാലെ 'ആക്രമണം യുക്രെയ്‌നിലെ തീവ്രവാദികളുടെ പ്രവർത്തിയാണെ'ന്ന് ആരോപിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ രംഗത്ത് വന്നിരുന്നു. സാധാരണക്കാരെ ലക്ഷ്യം വച്ച്, മുൻകൂട്ടി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ ആക്രമമാണ് യുക്രെയ്‌ൻ നടത്തിയതെന്ന് ആരോപിച്ച സഖരോവ യുക്രെയ്‌നെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തു.
'ഇന്ന് കീവ് ഭരണകൂടം ചെയ്‌ത മൃഗീയ പ്രവർത്തി നമുക്ക് കാണാനാകും. അതേ നവ-നാസി വിദ്വേഷം. മനുഷ്യത്വ രഹിതം, പവിത്രതയുടെ അവഹേളനം. യുക്രെയ്‌നിലെ തീവ്രവാദികളെ സ്‌പോണസർ ചെയ്യുന്ന എല്ലാവരെയും ഞങ്ങള്‍ കുറ്റപ്പെടുത്തുന്നു. കുട്ടികളെയും സാധാരണക്കാരെയും കെല്ലുന്നതില്‍ അവരെയും ഞങ്ങള്‍ കുറ്റപ്പെടുത്തുകയാണ്.' സഖരോവ പറഞ്ഞു.
ഖോർലിയിലെ തീരദേശ ഗ്രാമത്തിലെ ഒരു കഫേയിലും ഹോട്ടലിലും മൂന്ന് ഡ്രോണുകൾ ആക്രമണം നടത്തിയതായി ഖേർസൺ മേഖല ഗവർണർ വ്‌ളാഡിമിർ സാൽഡോ പറഞ്ഞു. ഡ്രോണുകളിൽ ഒന്നിൽ തീപിടിത്തമുണ്ടാക്കുന്ന പേലോഡ് ഘടിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്, ഇത് സ്ഥലത്ത് വലിയ തീപിടിത്തത്തിന് കാരണമായി. അതേസമയം ഖേർസണിലെ സംഭവവുമായി ബന്ധപ്പെട്ട റഷ്യയുടെ ആരോപണങ്ങളില്‍ യുക്രെയ്‌ൻ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ക്രാസ്നോഡർ മേഖലയിലെ റഷ്യയുടെ ഇൽസ്കി എണ്ണ ശുദ്ധീകരണശാലയിൽ ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തിയതായി ഉക്രേനിയൻ സായുധ സേന പ്രസ്‌താവനയില്‍ അറിയിച്ചു. 2022 ൽ റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെടുന്ന നാല് ഉക്രേനിയൻ പ്രദേശങ്ങളിൽ ഒന്നാണ് ഖേർസൺ എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.