പാലിയേക്കരയിൽ വയോധികനെ കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റിൽ

തൃശ്ശൂർ: പാലിയേക്കര മേൽപ്പാലത്തിനടിയിൽ എഴുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പിൽ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് ധർമ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 14-ന് രാവിലെയാണ് മേൽപ്പാലത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ചന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കുടുംബവുമായി അകന്നു കഴിയുന്ന ചന്ദ്രൻ പാലിയേക്കര മേൽപ്പാലത്തിനടിയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.ആക്രി പെറുക്കി വിറ്റാണ് ഇയാൾ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതേ മേഖലയിൽ ആക്രി കച്ചവടം നടത്തുന്ന പ്രതി പ്രഭാകരൻ കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമായിരുന്നു രാത്രി കഴിഞ്ഞിരുന്നത്. സംഭവദിവസം ആക്രി വിറ്റു കിട്ടിയ പണവുമായി ഇരുവരും പാലിയേക്കരയിലെ കള്ളുഷാപ്പിലെത്തി മദ്യപിക്കുകയും, തുടർന്ന് ബിവറേജസിൽ നിന്ന് വീണ്ടും മദ്യം വാങ്ങി മേൽപ്പാലത്തിനടിയിലിരുന്ന് കുടിക്കുകയും ചെയ്തു.മദ്യപാനത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിലുണ്ടായ കടുത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചന്ദ്രനെ കരിങ്കല്ലും കോൺക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് തലയ്ക്ക് എറിഞ്ഞും അടിച്ചും പ്രഭാകരൻ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂർ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഒളിവിലിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.