എപ്സ്റ്റീൻ ഫയല്‍ വിവാദം: മുന്‍ ബ്രിട്ടീഷ് രാജകുടുംബാം​ഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സര്‍ അറസ്റ്റിൽ

എപ്സ്റ്റീൻ ഫയല്‍ വിവാദം: മുന്‍ ബ്രിട്ടീഷ് രാജകുടുംബാം​ഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സര്‍ അറസ്റ്റിൽ

ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് ഉയർന്നുവരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള യുകെ പോലീസ് അന്വേഷണങ്ങൾ വേഗത്തിലായതോടെ, ബ്രിട്ടന്റെ മുൻ രാജകുമാരൻ ആൻഡ്രൂവിനെ വ്യാപാര ദൂതനായിരുന്ന കാലത്തെ മോശം പെരുമാറ്റത്തിന് സംശയിച്ച്  അറസ്റ്റ് ചെയ്തു. ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്‌തതിലാണ് യുകെ പൊലീസിൻ്റെ നടപടി. വ്യാഴാഴ്ച തന്റെ 66-ാം ജന്മദിനം ആഘോഷിക്കുകയായിരുന്നു അദ്ദേഹം.സർക്കാര്‍ ഓഫിസില്‍ മോശം പെരുമാറ്റം കാരണമാണ് അറസ്റ്റ് നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. കേസിൻ്റെ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടില്ല. സാൻഡ്രിംഗ്ഹാമിലുള്ള വീട്ടിൽ പൊലീസെത്തിയാണ് മൗണ്ട് ബാറ്റൺ-വിൻഡ്‌സറിനെ അറസ്റ്റ് ചെയ്‌തത്.സഹോദരൻ ചാൾസ് മൂന്നാമൻ രാജാവ്  ആൻഡ്രൂവിനെ മുൻ വീട്ടിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ എല്ലാ പദവികളും പിൻവലിക്കപ്പെട്ടിരുന്നു.

യുകെ വ്യാപാര ദൂതനായിരുന്ന കാലഘട്ടത്തില്‍ രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകള്‍ ജെഫ്രി എപ്‌സ്റ്റീന്‍ കൈമാറി എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. എപ്‌സ്റ്റീനെതിരെയുള്ള യുഎസ് അന്വേഷണത്തിൽ ശേഖരിച്ച ദശലക്ഷക്കണക്കിന് പേജുകളുള്ള രേഖകൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ കണ്ടെത്തൽ.

"അന്വേഷണത്തിൻ്റെ ഭാഗമായി പൊതു ഓഫിസിലെ മോശം പെരുമാറ്റത്തിൻ്റെ പേരിലാണ് ആന്‍ഡ്രൂ രാജകുമാരനെ നോര്‍ഫോക്കില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്. ഈ കേസിലെ പൊതുതാൽപര്യം ഞങ്ങൾക്ക് വളരെ പ്രധാനമാണ് ഉചിതമായ സമയത്ത് ഞങ്ങൾ അപ്‌ഡേറ്റുകൾ നൽകും" - തേംസ് വാലി പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു .അന്വേഷണത്തിൻ്റെ സമഗ്രത സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജെഫ്രി എപ്‌സ്റ്റീനുമായുള്ള ആന്‍ഡ്രൂവിൻ്റെ ദീര്‍ഘകാല സൗഹൃദം നേരത്തെ തന്നെ വലിയ വിവാദമായിരുന്നു.. എന്നാല്‍ കഴിഞ്ഞ ആഴ്‌ച പുറത്ത് വന്ന ചില കണ്ടെത്തലുകള്‍ വീണ്ടും ആന്‍ഡ്രുവിന് കനത്ത തിരിച്ചടിയായി. തുടര്‍ന്നാണ് അറസ്റ്റിന് കാരണമായതും.