സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം; യുഎഇയിൽ പ്രവാസികള്‍ അറസ്‌റ്റിൽ

ദുബായ്: പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ ഉള്ളടക്കം അടങ്ങിയ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ച പ്രവാസികള്‍ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത 10 പേരെ അടിയന്തരമായി വിചാരണ ചെയ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഉത്തരവിട്ടു. രാജ്യത്തിൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യമുള്ളത്.സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ തുടർച്ചയായ നിരീക്ഷണത്തെ തുടർന്നാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്‌ഫ് അൽ ഷംസി പറഞ്ഞു. വിചാരണ ചെയ്യപ്പെടുന്നത് ഏത് രാജ്യക്കാരാണെന്ന് അറ്റോർണി ജനറൽ വെളിപ്പെടുത്തിയിട്ടില്ല. “ദേശീയ സുരക്ഷ, ക്രമസമാധാനം, സ്ഥിരത എന്നിവയെ ദുർബലപ്പെടുത്തിക്കൊണ്ട് പൊതുജനങ്ങളെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് നടപടി,” ഡോ. ഹമദ് സെയ്‌ഫ് അൽ ഷംസി പറഞ്ഞു.
യുഎഇ നിയമപ്രകാരം ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്‌തതെന്ന് അറ്റോർണി ജനറൽ വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ചോദ്യം ചെയ്യാൻ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ രൂപ 23 ലക്ഷത്തിന് മുകളിലാണ് പിഴ തുക.വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങൾ തടയുന്നതിൻ്റെ യഥാർഥ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രതികൾ പ്രസിദ്ധീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിനോടൊപ്പം പ്രൊജക്‌ടൈലുകളും നക്കൂട്ടത്തെയും ക്രിത്രിമമായി കൂട്ടിച്ചേർത്ത് വീഡിയോ നിർമിച്ചു. യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ സ്ഫോടനങ്ങൾ, പ്രമുഖ ലാൻഡ്‌മാർക്കുകളിൽ ആക്രമണങ്ങൾ, പുക ഉയരുന്ന വലിയ തീപിടുത്തങ്ങൾ എന്നിവയുടെ വീഡിയോ ആയി നിർമിച്ച് പ്രചരിപ്പിച്ചു.
സുരക്ഷാ ഭീഷണികൾ തെറ്റായി സൂചിപ്പിക്കുന്ന വീഡിയോകളിൽ കുട്ടികളുടേതടക്കം ചിത്രങ്ങളുണ്ട്. രാജ്യത്തിനുള്ളിലെ സൈനിക സംവിധാനം തകർന്നുവെന്നടക്കം വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്തിനുള്ളിൽ ഭീതി സൃഷ്‌ടിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി കണ്ടാണ് പ്രവാസികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
അബുദാബിയിൽ 45 പേർ അറസ്‌റ്റിൽ
പശ്ചിമേഷ്യൻ സംഘർഷം ബാധിച്ച സ്ഥലങ്ങളുടെയും മറ്റും ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതിന് 45 പേരെ അബുദാബി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അബുദാബി പൊലീസിലെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ആൻഡ് ഇൻവെസ്‌റ്റിഗേഷൻ ഡയറക്‌ടറേറ്റാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 45 പേരെ സംഭവങ്ങൾ പകർത്തിയതിന് അറസ്‌റ്റ് ചെയ്‌തത് എന്ന റിപ്പോർട്ടിൽ പറയുന്നു.വാർത്തയോ വീഡിയോയോ എന്തുമാകട്ടെ, അവ ഷെയർ ചെയ്യുന്നതിന് മുമ്പ് ഉറവിടങ്ങൾ പരിശോധിക്കുക. വിശ്വസനീയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹ സുരക്ഷയെ പ്രതികൂലമായി ബാധിക്കുകയും നിലവിലുള്ള പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.