എട്ട് മാസത്തെ ബഹിരാകാശവാസത്തിനുശേഷം എക്‌സ്‌പെഡിഷൻ 74 ദൗത്യസംഘം ഭൂമിയിലെത്തി

എട്ട് മാസത്തെ ബഹിരാകാശവാസത്തിനുശേഷം എക്‌സ്‌പെഡിഷൻ 74 ദൗത്യസംഘം ഭൂമിയിലെത്തി

അസ്‌താന: നീണ്ട എട്ട് മാസത്തെ ദൗത്യത്തിന് ശേഷം എക്‌സ്‌പെഡിഷൻ 74 ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തി. മൂന്ന് യാത്രികരുമായി സോയൂസ് എംഎസ് 28 പേടകം കസാഖിസ്ഥാനിൽ സുരക്ഷിതമായി ഇറക്കി. ഇന്ത്യൻ സമയം വൈകുന്നേരം 3.55നാണ് ജെസ്‌കാസ്‌ഗൻ നഗരത്തിന് തെക്ക് കിഴക്കായി കസാഖ് സ്റ്റെപ്പിയിൽ പേടകം സ്‌പ്ലാഷ്‌ഡൗൺ നടത്തിയത്.നാസ ബഹിരാകാശ സഞ്ചാരിയായ ക്രിസ് വില്യംസ്, റഷ്യൻ സഞ്ചാരികളായ സെർജി കുഡ്-സ്വെർച്ച്‌കോവ്, സെർജി മിക്കേവ് എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമായത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ട് മാസത്തോളം ചെലവഴിച്ച ശേഷമാണ് മൂവരും ഭൂമിയിൽ തിരിച്ചെത്തുന്നത്. ബഹിരാകാശത്തെ അന്തരീക്ഷവുമായി മനുഷ്യ ശരീരം എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും, യാത്രികർക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പുതിയ ചികിത്സ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് മടക്കം. കൂടാതെ എട്ട് മാസ കാലയളവിൽ ബഹിരാകാശ നിലയത്തിന്‍റെ അറ്റകുറ്റപ്പണികളും നടത്തി.

ലാൻഡ് ചെയ്‌തതിന് പിന്നാലെ റിക്കവറി സംഘം മൂവരെയും പേടകത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ ഹെലികോപ്റ്ററിൽ കരഗണ്ടയിലേക്ക് കൊണ്ടുപോയി. തുടർന്ന് വൈദ്യപരിശോധനകൾക്ക് ശേഷം വില്യംസിനെ ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്‍ററിലേക്ക് എത്തിക്കും. അതേസമയം റഷ്യൻ സഞ്ചാരികളായ കുഡ് സ്വെർച്ച്‌കോവും മിക്കേവും മോസ്കോ സ്റ്റാർ സിറ്റിയിലുള്ള പരിശീലന കേന്ദ്രത്തിലേക്ക് തിരിച്ച് പോകും. ബഹിരാകാശ രംഗത്തെ കടുത്ത എതിരാളികളായിരുന്ന റഷ്യയും യുഎസും ബഹിരാകാശ നിലയത്തിലും മറ്റ് പദ്ധതികളിലും സഹകരിക്കുന്നതായാണ് ദൗത്യം സൂചിപ്പിക്കുന്നത്.