കുടിയേറ്റ പരിശോധനയിൽ ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിവയ്പ്പ്, അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടു, വ്യാപക പ്രതിഷേധം

കുടിയേറ്റ പരിശോധനയിൽ ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിവയ്പ്പ്, അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടു, വ്യാപക പ്രതിഷേധം

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിൽ വീണ്ടും ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിവയ്പ്പ്. സംഭവത്തിൽ 37 കാരനായ അലക്‌സ് പ്രെറ്റി എന്ന അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് നഗരത്തിൽ കുടിയേറ്റ സംബന്ധിയായി നടത്തി വരുന്ന പരിശോധനയ്ക്കിടെ കൊല്ലപ്പെട്ട വ്യക്തി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ഫെഡറൽ ഉദ്യോഗസ്ഥർ ഇയാൾക്ക് എതിരെ നിറയൊഴിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.കൊല്ലപ്പട്ട യുവാവിന് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ടെന്നും വെടിയേറ്റ ഉടൻ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും എന്നാൽ വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു എന്നും മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാൻ ഒ'ഹാര പറഞ്ഞു.നഗരത്തിൽ പ്രവൃത്തിക്കുന്ന ഫെഡറൽ ഉദ്യോഗസ്ഥർ അമേരിക്കൻ നിയമം അനുസരിച്ച് അച്ചടക്കത്തോടെയും മനുഷ്യത്വത്തോടെയും സത്യസന്ധതയോടെയും പ്രവൃത്തിക്കണമെന്നതാണ് തങ്ങളുടെ നയമെന്നും ബ്രയാൻ ഒ'ഹാര കൂട്ടിച്ചേർത്തു.എന്നാൽ ഫെഡറൽ ഉദ്യോഗസ്ഥൻ്റെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചെന്നും ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നുമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കുന്നത്. തുടർന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ച പരിശീലനം അനുസരിച്ച് മാത്രമാണ് അവർ പ്രതികരിച്ചതെന്നും വകുപ്പ് കൂട്ടിച്ചേർത്തു.കൊല്ലപ്പെട്ട വ്യക്തിയുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നും അയാളെ നിരായുധനാക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ വ്യക്തമാക്കി.

photo:ഫെഡറൽ ഓഫീസറുടെ വെടിയേറ്റ അലക്സ് ജെ. പ്രെറ്റി

വെടിവയ്പ്പ് ഉണ്ടാകുന്നതിന് തൊട്ടുമുൻപായി യുവാവിനെ തടഞ്ഞ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് ഇയാളുടെ മേൽ കുരുമുളക് സ്പ്രേ ഉപയോഗിക്കുന്നതായും പ്രചരിക്കുന്ന മറ്റ് വീഡിയോകളിൽ കാണാവുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.രണ്ടാഴ്‌ച മുൻപാണ് ഇതേ സ്ഥലത്തിന് സമീപം ഫെഡറൽ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ അമേരിക്കൻ പൗരത്വമുള്ള യുവതി കൊല്ലപ്പെട്ടത്. റെനെ നിക്കോൾ ഗുഡ് എന്ന യുവതിയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

പ്രതികരിച്ച് ഗവർണർ

ഫെഡറൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ ശക്തമായി വിമർശിച്ച് മിനിയാപൊളിസ് ഗവർണർ ടിം വാൾസ്. അമേരിക്കയിലെ ജനങ്ങൾക്ക് എതിരായ സംഘടിത ക്രൂരതയുടെ പ്രതിഫലനമാണ് മിനിയാപൊളിസിൽ ഉണ്ടായ ഈ സംഭവമെന്ന് ടിം വാൾസ് പറഞ്ഞു. "ഫെഡറൽ ഉദ്യോഗസ്ഥരുടെ പ്രവൃത്തി ഭീകരമാണ്. വെടിവയ്പ്പിന് ശേഷം ഞാൻ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിരുന്നു. മിനിയാപൊളിസിലെ സംഭവം വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്', ടിം വാൾസ് എക്‌സിൽ കുറിച്ചു.അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും മിനയാപൊളിസിൽ നിന്നും അക്രമാസക്തരും പരിശീലനം ലഭിക്കാത്തവരുമായ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിൻവലിക്കാനും ടിം വാൾസ് ആവശ്യപ്പെട്ടു.

പ്രതിഷേധവുമായി ജനങ്ങൾ

അമേരിക്കൻ പൗരനെ വെടിവച്ചു കൊന്നതിന് പിന്നാലെ വൻ പ്രതിഷേധവുമായി ജനങ്ങൾ. ആയുധ ധാരികളായ ഫെഡറൽ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരത്തിൽ പ്രതിഷേധം കനക്കുന്നത്.