FIFA WORLD CUP 2026: പരാജയത്തിൽ പടിയിറക്കം : 27% ടീം കോച്ചുമാരും പുറത്തേക്ക്!

FIFA WORLD CUP 2026: പരാജയത്തിൽ പടിയിറക്കം :  27% ടീം കോച്ചുമാരും പുറത്തേക്ക്!

വാഷിംഗ്‌ടൺ :ഫിഫ ലോകകപ്പ് -2026 ടൂർണമെന്‍റില്‍ പങ്കെടുത്ത ആകെ ടീമുകളിൽ 27 ശതമാനത്തോളം മുഖ്യ പരിശീലകർ തങ്ങളുടെ പദവികളിൽ നിന്നും ഇതിനകം പടിയിറങ്ങി കഴിഞ്ഞു . കനത്ത തോൽവികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തും, കരാർ കാലാവധി അവസാനിച്ചതിനാലും, മാധ്യമങ്ങളുടെയും കായികപ്രേമികളുടെയും കടുത്ത സമ്മർദ്ദങ്ങൾക്ക് ഇരയായും പ്രമുഖ ടീമുകളുടെ പരിശീലകർക്ക് സ്ഥാനം നഷ്‌ടമായിരിക്കയാണ് .

ടുണീഷ്യ - വെറും 18 ദിവസത്തെ ആയുസ്സ് മാത്രം!

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ മാലിക്ക് മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർന്നതിന് പിന്നാലെയാണ് സാമി ട്രാബെൽസിക്ക് പകരക്കാരനായി 2026 ജനുവരി 14-ന് സാബ്രി ലമൂഷി ടുണീഷ്യയുടെ പരിശീലകനായി എത്തുന്നത്. എന്നാൽ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സ്വീഡനോട് 5-1 എന്ന നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ലമൂഷിയെ ഫെഡറേഷൻ അടിയന്തിരമായി പുറത്താക്കി. പരസ്‌പര ധാരണയോടെയാണ് പിരിഞ്ഞതെന്ന് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചെങ്കിലും തോൽവി തന്നെയാണ് പുറത്താക്കലിന് കാരണമായത്.ലമൂഷിക്ക് പിന്നാലെ ജൂൺ 16-ന് ഹെർവ് റെനാർഡ് വലിയ പ്രതീക്ഷകളോടെ ചുമതലയേറ്റെങ്കിലും വെറും 18 ദിവസമേ ആ സ്ഥാനത്ത് തുടരാനായുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിൽ 12 ഗോളുകൾ വാരിക്കൂട്ടിയ ടീമിന്‍റെ മോശം പ്രകടനത്തിൽ മാറ്റം വരുത്താൻ കഴിയാതെ വന്നതോടെ റെനാർഡ് ഇൻസ്റ്റാഗ്രാമിലൂടെ തന്‍റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

പോർച്ചുഗൽ - ലക്ഷ്യം നേടാനാവാതെ റോബർട്ടോ മാർട്ടീനസ്

2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് 1-0 ന് തോറ്റ് പുറത്തായതിന് പിന്നാലെ ഫെർണാണ്ടോ സാന്‍റോസിന് പകരക്കാരനായാണ് 2023 ജനുവരി 9-ന് റോബർട്ടോ മാർട്ടീനസ് പോർച്ചുഗലിന്‍റെ കോച്ചാവുന്നത്. എന്നാൽ ഇത്തവണ പ്രീക്വാർട്ടറിൽ അയൽക്കാരായ സ്പെയിനിനോട് തോറ്റ് പുറത്തായതോടെ മാർട്ടീനസിന്‍റെ പടിയിറക്കം സ്ഥിരീകരിച്ചു. "താൻ വന്നത് ലോകകപ്പ് നേടുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണെന്നും, അതിന് സാധിക്കാത്ത സ്ഥിതിക്ക് സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ലെന്നും" അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണ കൊറിയ - പ്രസിഡന്‍റിന്‍റെ കടുത്ത വിമർശനവും രാജിയും

കടുത്ത ആഭ്യന്തര വിമർശനങ്ങൾക്കൊടുവിലാണ് ദക്ഷിണ കൊറിയൻ പരിശീലകൻ ഹോങ് മ്യുങ്-ബോ രാജിവെച്ചത്. 2014-ലെ ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാനാവാതെ മടങ്ങിയതിന് ശേഷം 2024 ജൂലൈ 8-നാണ് അദ്ദേഹം രണ്ടാമതും ടീമിന്‍റെ ചുമതലയേൽക്കുന്നത്. എന്നാൽ ഇത്തവണ മെക്‌സിക്കോയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ് ടീം പുറത്തായതോടെ വലിയ ജനരോഷം ഉയർന്നു. ഫലം മോശമാകുമ്പോൾ വിശദീകരണങ്ങൾക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞപ്പോൾ, "അപ്രാപ2തനായ ഒരാളെ നേതാവാക്കിയാൽ ഫലം തീപിടുത്തം പോലെ വിനാശകരമായിരിക്കും" എന്നായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജെ-മ്യൂങ്ങിന്‍റെ കടുത്ത പ്രതികരണം.

ചെക്ക് റിപ്പബ്ലിക്ക് - മാധ്യമ വേട്ടയാടല്‍

2006-ന് ശേഷം ആദ്യമായി ചെക്ക്‌ റിപ്പബ്ലിക്കിനെ ലോകകപ്പിലേക്ക് യോഗ്യത നേടിക്കൊടുത്തത് 2025 ഡിസംബർ 19-ന് ചുമതലയേറ്റ മിറോസ്ലാവ് കൗബെക്ക് ആയിരുന്നു. പ്ലേ-ഓഫ് മത്സരങ്ങളിലൂടെ ടീമിനെ ഫൈനൽ റൗണ്ടിലെത്തിച്ച അദ്ദേഹം പക്ഷെ ഗ്രൂപ്പിൽ അവസാനക്കാരായി ടീം പുറത്തായതോടെ ജൂൺ 29-ന് പരസ്‌പര ധാരണയോടെ പടിയിറങ്ങി. തനിക്കെതിരെ മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരണങ്ങളും അർധസത്യങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കൗബെക്ക് തുറന്നടിച്ചു.

സ്കോട്ട്ലൻഡ് - ചരിത്രം കുറിച്ച ശേഷം സ്റ്റീവ് ക്ലർക്കിന്‍റെ മടക്കം

സ്കോട്ട്ലൻഡിനെ തുടർച്ചയായി മൂന്ന് വലിയ അന്താരാഷ്ട്ര ടൂർണമെന്‍റുകളിലേക്ക് നയിച്ച ആദ്യ പുരുഷ ടീം പരിശീലകനായ സ്റ്റീവ് ക്ലർക്ക് ലോകകപ്പ് പുറത്താകലോടെ രാജി പ്രഖ്യാപിച്ചു. മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകളുടെ പട്ടികയിൽ ഇടംപിടിക്കാൻ കഴിയാതെ വന്നതോടെയാണ് രാജി. ആരാധകരും ദേശീയ ടീമും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാൻ കഴിഞ്ഞതാണ് തന്‍റെ വലിയ നേട്ടമെന്ന് അദ്ദേഹം കത്തിൽ കുറിച്ചു. നാട്ടിലെ മാധ്യമങ്ങളുടെ അമിത വിമർശനങ്ങൾ ക്ലർക്കിന്‍റെ തീരുമാനത്തെ സ്വാധീനിച്ചതായി സ്കോട്ടിഷ് എഫ്.എ തലവൻ ഇയാൻ മാക്സ്വെൽ സൂചിപ്പിച്ചു.

ഉറുഗ്വേ - പുതുമുഖങ്ങളെ അണിനിരത്തിയ ബിയൽസ യുഗം അവസാനിച്ചു

2023 മേയ് 15-ന് ചുമതലയേറ്റ മാഴ്സെലോ ബിയൽസ ഉറുഗ്വേ ടീമിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. സീനിയർ താരങ്ങൾക്ക് പകരം 14 പുതുമുഖങ്ങളെയാണ് അദ്ദേഹം ടീമിലെടുത്തത്. എന്നാൽ മൂന്ന് വർഷത്തെ കരാർ അവസാനിച്ചതോടെ, ഉറുഗ്വേ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. 100 മിനിറ്റ് നീണ്ട വികാരനിർഭരമായ പത്രസമ്മേളനത്തിൽ "ഉറുഗ്വേ ഫുട്ബോളിനായി തനിക്ക് ഒന്നും അവശേഷിപ്പിക്കാൻ കഴിഞ്ഞില്ല" എന്ന് അദ്ദേഹം സങ്കടത്തോടെ പറഞ്ഞു.

ക്രോയേഷ്യ- ഇതിഹാസ തുല്യമായ സേവനത്തിന് ശേഷം ഡാലിച്ച് ഒഴിഞ്ഞു

പട്ടികയിലെ ഏറ്റവും ദീർഘകാലം സേവനമനുഷ്ഠിച്ച പരിശീലകനാണ് സ്ലാറ്റ്‌കോ ഡാലിച്ച്. 2017 ഒക്ടോബർ 7-ന് ചുമതലയേറ്റ അദ്ദേഹം ക്രോയേഷ്യയെ 2018-ൽ ലോകകപ്പ് ഫൈനലിലേക്കും 2022-ൽ സെമിഫൈനലിലേക്കും നയിച്ചു. എന്നാൽ ഇത്തവണ ലാസ്റ്റ് 32 മത്സരത്തിൽ പോർച്ചുഗലിനോട് 2-1 ന് തോറ്റതോടെ കരാർ അവസാനിച്ച അദ്ദേഹം കളംവിട്ടു. താൻ സ്വപ്‌നം കണ്ടതിനേക്കാൾ വലിയ നേട്ടങ്ങളാണ് ടീമിനൊപ്പം സ്വന്തമാക്കിയതെന്ന് ഡാലിച്ച് വികാരാധീനനായി പറഞ്ഞു.

ഘാന - രാജിയും വിവാദവും

ഓസ്ട്രിയയോടേറ്റ 5-1 ന്‍റെ കനത്ത തോൽവിക്ക് പിന്നാലെ ഒട്ടോ അഡോയ്ക്ക് പകരമായി 2026 ഏപ്രിൽ 13-നാണ് കാർലോസ് ക്വിറോസ് ഘാനയുടെ കോച്ചാവുന്നത്. ലാസ്റ്റ് 32 മത്സരത്തിൽ കൊളംബിയയോട് തോറ്റ് പുറത്തായതോടെ 73-കാരനായ ക്വിറോസ് സോഷ്യൽ മീഡിയയിലൂടെ രാജി പ്രഖ്യാപിച്ചു. എന്നാൽ, അദ്ദേഹം നിയമിക്കപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയല്ലെന്നും അതിനാൽ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും ഘാന കായിക മന്ത്രി കോഫി ആഡംസ് വ്യക്തമാക്കിയത് വലിയ വിവാദമായി.

ജർമ്മനി- നാഗൽസ്‌മാന്‍ പുറത്ത്

ഹാൻസി ഫ്ലിക്കിന് പകരം 2023 സെപ്റ്റംബർ 22-നാണ് യുയ്ലിൻ നാഗൽസ്‌മാന്‍ ജർമ്മനിയുടെ പരിശീലകനാകുന്നത്. ലാസ്റ്റ് 32-ൽ പരാഗ്വേയോടേറ്റ അപ്രതീക്ഷിത തോൽവിയോടെ അദ്ദേഹം പുറത്തുപോയി. ടീമിന്‍റെ പുതിയൊരു തുടക്കത്തിന് വേണ്ടിയാണ് താൻ മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പ്രമുഖ പരിശീലകൻ യുർഗൻ ക്ലോപ്പ് ജർമ്മൻ പരിശീലക സ്ഥാനത്തേക്ക് വരുമെന്നാണ് ശക്തമായ സൂചനകൾ.

മെക്‌സിക്കോ - ചോരയൊലിപ്പിച്ച ഓർമ്മകളുമായി ഹാവിയർ അഗ്വിറെ

ഹാവിയർ അഗ്വിറെയുടെ മെക്‌സിക്കോയുമായിട്ടുള്ള മൂന്നാം ഘട്ടമാണ് അസ്റ്റെക്ക സ്റ്റേഡിയത്തിൽ നാടകീയമായി അവസാനിച്ചത്. ഇംഗ്ലണ്ടിനോട് 3-2 ന് തോറ്റ് പുറത്തായതോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. മുൻപ് ഹോണ്ടുറാസിനോട് തോറ്റപ്പോൾ ആരാധകർ എറിഞ്ഞ ബിയർ കാൻ തലയിൽ കൊണ്ട് ചോരയൊലിപ്പിച്ചു നിൽക്കേണ്ടി വന്ന കടുത്ത അനുഭവങ്ങളും അഗ്വിറെയ്ക്ക് ഉണ്ടായിരുന്നു. കളിയിൽ ന്യായീകരണങ്ങൾക്കില്ലെന്ന് പറഞ്ഞാണ് അദ്ദേഹം സഹപരിശീലകൻ റാഫേൽ മാർക്വേസിന് ചുമതല കൈമാറിയത്.

നെതർലൻഡ്‌സ്- റൊണാൾഡ് കൂമാൻ

ലൂയി വാൻ ഗാലിന്‍റെ വിരമിക്കലിന് ശേഷം 2023 ജനുവരി 1-നാണ് റൊണാൾഡ് കൂമാൻ ഡച്ച് ടീമിലേക്ക് തിരിച്ചെത്തുന്നത്. ലാസ്റ്റ് 32-ൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ അദ്ദേഹം രാജി സമർപ്പിച്ചു. കളിയിലെ അദ്ദേഹത്തിന്‍റെ അമിത പ്രതിരോധ തന്ത്രങ്ങൾ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഫുട്ബോളിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് പറഞ്ഞാണ് കൂമാൻ മടങ്ങിയത്.

ഇക്വഡോർ - കോച്ചിന്‍റെ അപ്രതീക്ഷിത പതനം

2024 ഓഗസ്റ്റ് 1-ന് സെബാസ്റ്റ്യൻ ബെക്കാസെസെ ഇക്വഡോറിന്‍റെ ചുമതലയേൽക്കുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു. അദ്ദേഹത്തിന്‍റെ കീഴിൽ ജർമ്മനിയെ തോൽപ്പിച്ചപ്പോൾ രാജ്യത്ത് ദേശീയ അവധി വരെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലാസ്റ്റ് 32 മത്സരത്തിൽ മെക്‌സിക്കോയോട് 2-0 ന് തോറ്റതോടെ കരാർ അവസാനിച്ച അദ്ദേഹം ടീം വിട്ടു. ആരാധകരുമായി വേണ്ടത്ര സിങ്ക് ആകാൻ കഴിഞ്ഞില്ലെന്ന് ബെക്കാസെസെ തുറന്നു സമ്മതിച്ചു.

https://www.worldm.news/sports/fifa-world-cup-2026argentina--32405