FIFA WORLD CUP 2026: ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക

ജോർജിയ: അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ കരുത്തരായ ചെക്കിയയെ 1-1 ന് സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി. കളി അവസാനിക്കാൻ ഏഴ് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ടെബോഹോ മൊകോയേന നേടിയ പെനാൽറ്റി ഗോളാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടതിനാൽ ചെക്കിയയ്ക്ക് ഈ മത്സരത്തിൽ മികച്ച തുടക്കം ആവശ്യമായിരുന്നു. കോച്ച് മിറോസ്ലാവ് കൗബെക്കിന്റെ തന്ത്രങ്ങൾക്കനുസരിച്ച് ആറാം മിനിറ്റിൽ തന്നെ അവർ ലീഡ് എടുത്തു. ആദം ഹ്ലോസെക് വലതുവശത്ത് നിന്ന് നൽകിയ ക്രോസ് അലക്സാണ്ടർ സോജ്ക ഫസ്റ്റ് ടൈം ടച്ചിലൂടെ മിഷേൽ സാദിലെക്കിന് നൽകുകയും സാദിലെക് പന്ത് ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിനെ മറികടന്ന് വലയിലാക്കുകയും ചെയ്തു. 5 മിനിറ്റും 8 സെക്കന്റും മാത്രം പിന്നിട്ടപ്പോൾ പിറന്ന ഈ ഗോൾ, ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളായി മാറി. കുറക്കാവോക്കെതിരെ ജർമ്മനിയുടെ ഫെലിക്സ് നമേച്ച നേടിയ ഗോളിനേക്കാൾ എട്ട് സെക്കൻഡ് വേഗതയേറിയതായിരുന്നു ഇത്.
ആദ്യ പകുതിയിൽ ചെക്കിയ 1-0 ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്ക റെലെബോഹിലി മൊഫോകെങ്ങിനെ കളത്തിലിറക്കി ആക്രമണം ശക്തമാക്കി. എങ്കിലും ലാഡിസ്ലാവ് ക്രെജ്സിയുടെ നേതൃത്വത്തിലുള്ള ചെക്കിയൻ പ്രതിരോധം ശക്തമായി നിലകൊണ്ടു. എന്നാൽ 83-ാം മിനിറ്റിൽ പവൽ സുൽക്കിന്റെ കൈയിൽ പന്തുതട്ടിയതിന് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത മൊകോയേന ചെക്കിയൻ ഗോളി മാറ്റെജ് കോവാറിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു (1-1).നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് വീതമുള്ള ഇരുടീമുകളും ഗ്രൂപ്പിൽ ഒപ്പത്തിനൊപ്പമാണ്. മൂന്ന് പോയിന്റ് വീതമുള്ള മെക്സിക്കോയും ദക്ഷിണ കൊറിയയുമാണ് ഗ്രൂപ്പ് എയിൽ നിലവിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഗോൾ ഡിഫറൻസിൽ മെക്സിക്കോയാണ് മുന്നിൽ.
PHOTO: ഗ്രൂപ്പ് എ മത്സരത്തിൽ ചെക്കിയയ്ക്കെതിരെ സമനില ഗോൾ നേടിയ ദക്ഷിണാഫ്രിക്കയുടെ ടെബോഹോ മൊകോന