FIFA WORLD CUP 2026: ബെൽജിയത്തിൻ്റെ അത്ഭുത വിജയം : സെനഗലിനെ 3-2ന് വീഴ്ത്തി പ്രീക്വാർട്ടറിൽ
സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിൽ സെനഗലിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തിന് അവിശ്വസനീയ വിജയം. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച ബെൽജിയം ഒടുവിൽ 3-2 എന്ന സ്കോറിനാണ് വിജയിച്ച് പ്രീക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത് .
കാൽപ്പന്തുകളിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും അവിശ്വസനീയമായ തിരിച്ചുവരവുകളിലൊന്നിനാണ് ഫിഫ ലോകകപ്പ് വേദിസാക്ഷിയായത് . തോൽവി ഉറപ്പിച്ച മത്സരത്തിൻ്റെ അവസാന മിനിറ്റുകളിൽ ഇരമ്പിയാർത്ത ബെൽജിയം, സെനഗലിനെ തകർത്ത് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വൈകിയ വേളയിൽ പിറന്ന വിജയഗോളിലൂടെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റെഡ് ഡെവിൾസ് വിജയം പിടിച്ചെടുത്തത്.നിശ്ചിത സമയത്തിൻ്റെ 85-ാം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷമാണ് ബെൽജിയം ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിൻ്റെ ഭൂരിഭാഗം സമയവും പന്ത് നിയന്ത്രിച്ച സെനഗൽ അനായാസ വിജയമുറപ്പിച്ച മട്ടിലായിരുന്നു കളിക്കളത്തിൽ നിറഞ്ഞുനിന്നത്. 24-ാം മിനിറ്റിൽ ഹബിബ് ഡയാരയിലൂടെ സെനഗലാണ് ആദ്യം വലകുലുക്കിയത്.സൂപ്പർ താരം സാദിയോ മാനെ നൽകിയ ക്രോസിൽ നിന്ന് ഇസ്മയിലാ സാർ ഉതിർത്ത ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയപ്പോൾ റീബൗണ്ടിലൂടെ ഡയാര ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ലോങ് ബോൾ സ്വീകരിച്ച് മുന്നേറിയ ഇസ്മയിലാ സാർ ബെൽജിയം ഗോളി തിബോ കോർട്ടോയിയെ കാഴ്ചക്കാരനാക്കി സെനഗലിൻ്റെ രണ്ടാം ഗോളും നേടി. ഈ ഗോളോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആഫ്രിക്കൻ താരമെന്ന റോജർ മില്ലയുടെ റെക്കോർഡിനൊപ്പവും സാറെത്തി. നാല് ഗോളുകളാണ് ഇരുവരുടെയും പേരിലുള്ളത്. മികച്ച പ്രതിരോധം തീർത്ത സെനഗൽ അനായാസം അടുത്ത റൗണ്ടിലേക്ക് കടക്കുമെന്ന് ആരാധകർ ഉറപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട് കണ്ടത്.
ലുക്കാകുവും ടീലിസ്മാനും രക്ഷകരായി
തോൽവിയുടെ വക്കിൽ നിന്ന ബെൽജിയത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം റൊമേലു ലുക്കാക്കുവാണ്. 86-ാം മിനിറ്റിൽ തോമസ് മ്യൂണിയറുടെ പാസിൽ നിന്ന് ലുക്കാകു ലക്ഷ്യം കണ്ടു. തൊട്ടുപിന്നാലെ 89-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസ്സാർഡിൻ്റെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെ യൂറി ടീലിസ്മാൻ സമനിലയും പിടിച്ചെടുത്തു. ഇതോടെ മത്സരം എക്സ്ട്ര ടൈമിലേക്ക് നീണ്ടു. ലോകകപ്പ് ചരിത്രത്തിൽ റെഗുലേഷൻ ടൈമിൽ 85-ാം മിനിറ്റിലോ അതിനുശേഷമോ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം തോൽവി ഒഴിവാക്കുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇതോടെ ബെൽജിയം സ്വന്തമാക്കി. പരാജയം മുന്നിൽക്കണ്ട നിമിഷത്തിൽ നിന്നുള്ള ഈ ഉയിർത്തെഴുന്നേൽപ്പ് ഗാലറിയിലുള്ള ബെൽജിയം ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്.
ചരിത്രം കുറിച്ച് പെനാൽറ്റി
എക്സ്ട്ര ടൈമിൻ്റെ അവസാന നിമിഷങ്ങളിൽ കളി വീണ്ടും നാടകീയമായി മാറുകയായിരുന്നു. ബോക്സിനുള്ളിൽ ബെൽജിയം താരം ടീലിസ്മാനെ ലമീൻ കമാറ ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി പെനാൽറ്റി വിധിച്ചു. എക്സ്ട്ര ടൈമിൻ്റെ 124-ാം മിനിറ്റിലും 44-ാം സെക്കൻഡിലും ലഭിച്ച പെനാൽറ്റി പിഴവില്ലാതെ വലയിലെത്തിച്ച് യൂറി ടീലിസ്മാൻ ബെൽജിയത്തിന് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ പിറക്കുന്ന ഏറ്റവും വൈകിയ വിജയഗോളാണിത്. തോൽവി വഴങ്ങിയെങ്കിലും ഒരു ലോകകപ്പ് എഡിഷനിൽ 10 ഗോളുകൾ നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം സെനഗൽ സ്വന്തമാക്കി. ബെൽജിയത്തിൻ്റെ ഈ വിജയത്തോടെ അവരുടെ തോൽവിയറിയാത്ത കുതിപ്പ് 17 മത്സരങ്ങളായി നീണ്ടു. പ്രീ ക്വാർട്ടറിൽ അമേരിക്ക, ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരത്തിലെ വിജയികളെയാണ് ബെൽജിയം നേരിടുക.


