FIFA WORLD CUP 2026: ഐവറി കോസ്റ്റിനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി നോർവേ പ്രീക്വാർട്ടറിലേക്ക്

FIFA WORLD CUP 2026: ഐവറി കോസ്റ്റിനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി നോർവേ പ്രീക്വാർട്ടറിലേക്ക്

ടെക്സസ്: ഫിഫ ലോകകപ്പിൻ്റെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഐവറിക്കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നോർവെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിൻ്റെ 86-ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ട് നേടിയ തകർപ്പൻ ഗോളാണ് നോർവെയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നോർവെ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്.

പ്രീ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെയാണ് നോർവെ നേരിടുക. മത്സരത്തിൻ്റെ ആദ്യപകുതിയിൽ ഐവറിക്കോസ്റ്റ് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും നോർവെ പ്രതിരോധം ശക്തമായി നിലനിർത്തി. കളിയിലുടനീളം വേഗതയും ശാരീരികക്ഷമതയും കൊണ്ട് ഐവറിക്കോസ്റ്റ് വലിയ ഭീഷണി ഉയർത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി മാറുകയായിരുന്നു. എന്നാൽ 39-ാം മിനിറ്റിൽ നോർവെ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ 21കാരനായ അൻ്റോണിയോ നുസ ടീമിനെ മുന്നിലെത്തിച്ചു. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഒരു കേർവിങ് ഷോട്ടിലൂടെയാണ് നുസ പന്ത് വലയിലാക്കിയത്. ഈ ഗോളോടെ ഒരു പ്രമുഖ അന്താരാഷ്ട്ര ടൂർണമെൻ്റിൽ നോർവെയ്ക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോഡും നുസ സ്വന്തമാക്കി.

തിരിച്ചടിച്ച് ഐവറിക്കോസ്റ്റ്

രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവാണ് ഐവറിക്കോസ്റ്റ് നടത്തിയത്. പകരക്കാരനായി കളത്തിലിറങ്ങിയ അമദ് ഡിയാലോ മത്സരത്തിൻ്റെ ഗതി തന്നെ മാറ്റിമറിച്ചു. 74-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് പന്തുമായി മുന്നേറിയ ഡിയാലോ നിക്കോളാസ് പെപ്പെയുമായി വൺ ടു പാസ് കളിച്ച് നോർവെ പ്രതിരോധനിരയിലെ രണ്ട് കളിക്കാരെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ കളിക്കുന്ന ഐവറിക്കോസ്റ്റിന് ഈ സമനില ഗോൾ വലിയ ആത്മവിശ്വാസമാണ് നൽകിയത്. അമേരിക്കൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ആഫ്രിക്കൻ കരുത്ത് തെളിയിക്കുന്നതായിരുന്നു അവരുടെ പ്രകടനം.

രക്ഷകനായി ഹാളണ്ട്

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 86-ാം മിനിറ്റിൽ എർലിങ് ഹാളണ്ട് നോർവെയുടെ രക്ഷകനായി അവതരിച്ചത്. ഓസ്കാർ ബോബ്, പാട്രിക് ബെർഗ് എന്നിവർ ചേർന്നൊരുക്കിയ മനോഹരമായ നീക്കത്തിനൊടുവിൽ ബോക്സിനുള്ളിലേക്ക് വന്ന ലോ ക്രോസ് ഹാളണ്ട് കൃത്യമായി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. നോർവെ ജഴ്സിയിൽ ഹാളണ്ടിൻ്റെ 60-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഇതോടെ ഗെർഡ് മുള്ളർ, യൂസേബിയോ, ജസ്റ്റ് ഫോണ്ടെയ്ൻ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ഗോൾ നേട്ടങ്ങൾക്കൊപ്പമെത്താനും മാഞ്ചസ്റ്റർ സിറ്റി താരം കൂടിയായ ഹാളണ്ടിനായി. മത്സരത്തിൻ്റെ അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി ഐവറിക്കോസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും നോർവെ പ്രതിരോധം കോട്ടപോലെ കാത്തു. ഒടുവിൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ നോർവെ ക്യാമ്പിൽ ചരിത്രവിജയത്തിൻ്റെ ആഘോഷം അലയടിച്ചു. 1938, 1998 ലോകകപ്പുകളിൽ നോക്കൗട്ടിൽ ഇറ്റലിയോട് തോറ്റ് പുറത്തായ നോർവെയ്ക്ക് ഈ വിജയം മധുരപ്രതികാരവും വലിയ ചരിത്രനേട്ടവുമായി മാറി.