ഫിഫ ലോകകപ്പ് : മത്സരങ്ങൾ യുഎസിൽനിന്നും മെക്‌സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാന്‍റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. രാജ്യത്തെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ മത്സരങ്ങൾ മെക്‌സിക്കോയിലേക്ക് മാറ്റുന്നതിനായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയുമായി ചർച്ചകൾ ആരംഭിച്ചു.
ഇറാൻ ടീമിന് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ട്രംപ്
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷാ കാര്യത്തിൽ നടത്തിയ പ്രസ്‌താ വനയാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. ഇറാൻ ടീമിന് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയ സാഹചര്യത്തിൽ തങ്ങൾ അമേരിക്കയിലേക്ക് യാത്ര ചെയ്യില്ലെന്ന് ഇറാൻ ഫുട്ബോൾ പ്രസിഡന്‍റ് മെഹ്ദി താജ് സ്ഥിരീകരിച്ചു. മെക്‌സിക്കോയിലെ ഇറാൻ എംബസിയുടെ എക്‌സ് അക്കൗണ്ട് വഴി പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "തങ്ങളുടെ ടീമിന് സുരക്ഷ നൽകാൻ കഴിയില്ലെന്ന് ട്രംപ് പറയുമ്പോൾ, ഞങ്ങൾ തീർച്ചയായും അമേരിക്കയിലേക്ക് പോകില്ല. ഇറാന്‍റെ മത്സരങ്ങൾ മെക്‌സിക്കോയിൽ നടത്താൻ ഞങ്ങൾ ഫിഫയുമായി ചർച്ച നടത്തിവരികയാണ്," മെഹ്ദി താജ് പറഞ്ഞു.
ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയാണ് ഈ നീക്കത്തിന് പിന്നിൽ. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും ദേശീയ ടീമിന് നിശ്ചയിച്ച പ്രകാരം ടൂർണമെന്‍റില്‍ പങ്കെടുക്കാൻ സാധിച്ചേക്കില്ലെന്നും ഇറാൻ കായിക മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇറാനെ പങ്കെടുക്കാൻ അനുവദിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും, ടീമിന്‍റെ സുരക്ഷ കണക്കിലെടുക്കുമ്പോൾ അവർ യുഎസിൽ കളിക്കുന്നത് ഉചിതമാകില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം.
2025 മാർച്ച് 25-ന് ഏഷ്യയിൽ നിന്ന് ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ടീമാണ് ഇറാൻ. 48 ടീമുകൾ പങ്കെടുക്കുന്ന വിപുലീകരിച്ച ടൂർണമെന്‍റില്‍ നിലവിലെ ഷെഡ്യൂൾ പ്രകാരം ലോസ് ഏഞ്ചൽസിൽ രണ്ട് മത്സരങ്ങളും സിയാറ്റിലിൽ ഒരു മത്സരവുമാണ് ഇറാൻ കളിക്കേണ്ടത്. എന്നാൽ ഇറാൻ പിന്മാറുന്ന പക്ഷം അത് ആധുനിക ലോകകപ്പ് ചരിത്രത്തിലെ തന്നെ അസാധാരണമായ ഒന്നായി മാറും. ഇറാന് പകരക്കാരെ അവസാന നിമിഷം കണ്ടെത്തുക എന്നത് ഫിഫയെ സംബന്ധിച്ച് വലിയ തലവേദനയാകും.
അതേസമയം, ഇറാൻ ഔദ്യോഗികമായി പിന്മാറുന്നതിനെക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ടൂർണമെന്‍റില്‍ പങ്കെടുക്കാനാണ് ഇറാന്‍റെ ഇപ്പോഴത്തെ തീരുമാനമെന്ന് അവർ വ്യക്തമാക്കുന്നുണ്ടെങ്കിലും, അനുദിനം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ലോകകപ്പിന്‍റെ സുഗമമായ നടത്തിപ്പിന് വലിയ ഭീഷണിയായി തുടരുകയാണ്.