FIFA WORLD CUP2026:ഹാരി കെയ്ൻ രക്ഷകനായി : കോംഗോയെ 2-1ന് തോൽപ്പിച്ച് ഇംഗ്ലണ്ട് പ്രീ-ക്വാർട്ടർ യോഗ്യത നേടി

FIFA WORLD CUP2026:ഹാരി കെയ്ൻ രക്ഷകനായി : കോംഗോയെ 2-1ന് തോൽപ്പിച്ച് ഇംഗ്ലണ്ട് പ്രീ-ക്വാർട്ടർ യോഗ്യത നേടി

അറ്റ്ലാൻ്റ: ഹാരി കെയ്ൻ രണ്ടാം പകുതിയിൽ നേടിയ രണ്ട് തകർപ്പൻ ഗോളുകളുടെ കരുത്തിൽ ലോകകപ്പിൽ കോംഗോയെ 2-1ന് തോൽപ്പിച്ച് ഇംഗ്ലണ്ട് പ്രീ-ക്വാർട്ടർ യോഗ്യത നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്‍റെ തകർപ്പൻ തിരിച്ചുവരവ്.

ഞെട്ടിച്ചുകൊണ്ട് കോംഗോയുടെ തുടക്കം

മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ ബ്രയാൻ സിപെംഗയിലൂടെ കോംഗോ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടിയിരുന്നു. ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് സിപെംഗ പന്ത് വലയിലെത്തിക്കുകയായിരുന്നു. കളിയിലുടനീളം ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു. ചരിത്രത്തിൽ ഇതിനുമുമ്പ് 1966-ലെ വെസ്റ്റ് ജർമ്മനിക്കെതിരായ ഫൈനലിൽ മാത്രമാണ് ആദ്യ ഗോൾ വഴങ്ങിയ ശേഷം ഇംഗ്ലണ്ട് ഒരു ലോകകപ്പ് മത്സരം വിജയിച്ചിട്ടുള്ളത്. കോംഗോയുടെ യോവാൻ വിസ്സയുടെ ഒരു ഷോട്ട് ഒന്നാം പകുതിയിൽ പോസ്റ്റിലിടിച്ച് മടങ്ങിയത് ഇംഗ്ലണ്ടിന് വലിയ ഭാഗ്യമായി.തുടർന്ന് ഗോൾ മടക്കാൻ ഇംഗ്ലണ്ട് കഠിനമായി ശ്രമിച്ചെങ്കിലും കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ മികച്ച പ്രകടനങ്ങൾ യൂറോപ്യൻ വമ്പന്മാർക്ക് വലിയ തടസ്സമായി. ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ മൂന്ന് മികച്ച അവസരങ്ങളാണ് എംപാസി തടുത്തിട്ടത്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഹാരി കെയ്ൻ നടത്തിയ ഒരു പവർഫുൾ ഷോട്ടും എംപാസി തട്ടിയകറ്റി. ഇതിനിടയിൽ ബോക്സിനുള്ളിൽ കെയ്‌നും കീപ്പറും തമ്മിൽ ഉണ്ടായ കൂട്ടിയിടിയെ തുടർന്ന് ഇംഗ്ലണ്ട് പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അദാം മഖാദ്മേ അത് നിരസിക്കുകയായിരുന്നു.

രക്ഷകനായി ഹാരി കെയ്ൻ

എന്നാൽ രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് കളം നിറഞ്ഞു കളിച്ചു. 75-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ആന്‍റണി ഗോർഡൻ ഇടതുഭാഗത്തുനിന്ന് നൽകിയ മനോഹരമായ ക്രോസിൽ തകർപ്പൻ ഹെഡ്ഡറിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. കീപ്പർ എംപാസി പന്ത് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് 86-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഒരു ഷോട്ടിലൂടെ കെയ്ൻ ഇംഗ്ലണ്ടിന്‍റെ വിജയഗോളും സ്വന്തമാക്കി പന്ത് വലയുടെ ടോപ്പ് കോർണറിലേക്ക് എത്തിച്ചു.

ഈ മത്സരത്തോടെ ഹാരി കെയ്ൻ ഈ ലോകകപ്പിലെ തന്‍റെ ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി. ഇതോടെ അന്താരാഷ്ട്ര ടൂർണമെന്‍റുകളില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം (13 ഗോളുകൾ) എന്ന റെക്കോർഡും കെയ്ൻ സ്വന്തമാക്കി. രാജ്യത്തിനായി അദ്ദേഹത്തിന്‍റെ ആകെ ഗോൾ നേട്ടം 84 ആയി ഉയർന്നു.

അടുത്ത പോരാട്ടം

ഞായറാഴ്ച മെക്‌സിക്കോ സിറ്റിയിൽ നടക്കുന്ന ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് സഹ-ആതിഥേയരായ മെക്‌സിക്കോയെ നേരിടും.