FIFA WORLDCUP 2026:ചരിത്രമെഴുതി ഐവറി കോസ്റ്റ്; ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ

FIFA WORLDCUP 2026:ചരിത്രമെഴുതി ഐവറി കോസ്റ്റ്;  ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ

ഫിലഡൽഫിയ: ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് യോഗ്യത നേടി ഐവറി കോസ്റ്റ്. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ കുറസോവോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റ് ചരിത്രനേട്ടം സ്വന്തമാക്കിയത്. നിക്കോളാസ് പെപെ നേടിയ ഇരട്ട ഗോളുകളാണ് ടീമിന് നിർണായക വിജയമൊരുക്കിയത്.വെറും 11 ദിവസം മുൻപ് ഇക്വഡോറിനെ നേരിടാനായി ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ ഐവറി കോസ്റ്റ് കളത്തിലിറങ്ങിയത്, ഒരു ദശാബ്ദത്തിലേറെക്കാലത്തിന് ശേഷമുള്ള ആ രാജ്യത്തിന്റെ ആദ്യ ലോകകപ്പ് പ്രവേശനത്തെയാണ് അടയാളപ്പെടുത്തിയത്.


പെപെയുടെ ഇരട്ട ഗോൾ

വ്യാഴാഴ്ച പ്രാദേശിക സമയം നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ ഐവറി കോസ്റ്റ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പന്ത് കൂടുതൽ സമയം കൈവശം വച്ചും ആക്രമിച്ചു കളിച്ചും അവർ എതിരാളികളെ സമ്മർദത്തിലാക്കി. മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ തന്നെ ഐവറി കോസ്റ്റ് ആദ്യ ഗോൾ നേടി. മധ്യനിരയിൽ നിന്ന് ലഭിച്ച മികച്ചൊരു പാസ് സ്വീകരിച്ച നിക്കോളാസ് പെപെ, കുറക്കാവോ ഗോൾകീപ്പർ എലോയ് റൂമിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കുറസോവോയ്ക്ക് ഐവറി കോസ്റ്റിൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ജൂറിയൻ ഗാരിയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് മാത്രമാണ് കുറക്കാവോയുടെ ഭാഗത്തുനിന്ന് എടുത്തുപറയാവുന്ന മുന്നേറ്റമായി ഉണ്ടായിരുന്നത്. ഉസ്മാൻ ഡിയോമാൻഡെ, ഒഡിലോൺ കൊസ്സൗനൗ എന്നിവർ നയിച്ച ഐവറി കോസ്റ്റ് പ്രതിരോധം വളരെ മികച്ച രീതിയിലാണ് എതിരാളികളെ നേരിട്ടത്.രണ്ടാം പകുതിയിലും ഐവറി കോസ്റ്റ് തന്നെയായിരുന്നു കളി നിയന്ത്രിച്ചത്. കുറക്കാവോയുടെ ആക്രമണങ്ങളെ തടഞ്ഞ അവർ മധ്യനിരയിൽ പൂർണ ആധിപത്യം സ്ഥാപിച്ചു. 64-ാം മിനിറ്റിൽ നിക്കോളാസ് പെപെ തൻ്റെ രണ്ടാമത്തെ ഗോളും നേടി ടീമിൻ്റെ വിജയം ഉറപ്പിച്ചു. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ലഭിച്ച പന്ത് അതിവേഗം വലയിലെത്തിച്ചാണ് പെപെ ഇരട്ട ഗോൾ തികച്ചത്.ഈ നേട്ടത്തോടെ പുരുഷ ലോകകപ്പിൽ ഐവറി കോസ്റ്റിനായി ഒന്നിലധികം ഗോളുകൾ നേടുന്ന അഞ്ചാമത്തെ താരമായി നിക്കോളാസ് പെപെ മാറിയെന്ന് ഒപ്റ്റ അനലിസ്റ്റ് എക്സ് അക്കൗണ്ടിൽ വ്യക്തമാക്കി. തുടർന്ന് പ്രതിരോധത്തിലേക്ക് മാറിയ ഐവറി കോസ്റ്റ് പുതിയ കളിക്കാരെ ഇറക്കി ലീഡ് നിലനിർത്താൻ ശ്രമിച്ചു. അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ കുറസോവോ  ശ്രമിച്ചെങ്കിലും ഐവറി കോസ്റ്റ് പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇതോടെ ലോകകപ്പിലെ കുറസോവോയുടെ കന്നി പോരാട്ടത്തിന് അവസാനമായി.

ചരിത്രനേട്ടവുമായി ഐവറി കോസ്റ്റ്

ഗ്രൂപ്പ് ഇയിൽ ആറ് പോയിൻ്റോടെ രണ്ടാമതായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ഇതേ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇക്വഡോറിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും ജർമനിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.മുൻ ലോകകപ്പുകളിൽ പലതവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ഐവറി കോസ്റ്റിന് ഈ മുന്നേറ്റം വലിയ ആശ്വാസമാണ് നൽകുന്നത്. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഗ്രൂപ്പ് ഐയിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസ് അല്ലെങ്കിൽ നോർവേ ആയിരിക്കും ഐവറി കോസ്റ്റിൻ്റെ എതിരാളികൾ. മികച്ച ഫോമിലുള്ള യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള അടുത്ത മത്സരം ഐവറി കോസ്റ്റിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.