FIFA WORLDCUP2026: പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീലും സ്കോട്ട്ലൻഡും ഏറ്റുമുട്ടുന്നു : ഇന്ത്യൻ സമയം 3:30AM

FIFA WORLDCUP2026:  പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീലും സ്കോട്ട്ലൻഡും ഏറ്റുമുട്ടുന്നു : ഇന്ത്യൻ സമയം 3:30AM

ഫ്ലോറിഡ : ഫിഫ ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ സമയം നാളെപുലർച്ചെ3:30 ന്  ബ്രസീലും സ്കോട്ട്ലൻഡും ഏറ്റുമുട്ടും . മിയാമി സ്റ്റേഡിയത്തിൽ നടക്കുന്ന  ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി ബ്രസീൽ ഒന്നാമതും മൂന്ന് പോയിന്റുമായി സ്കോട്ട്ലൻഡ് മൂന്നാമതുമാണ് . ഇരുടീമുകൾക്കും ഈ മത്സരം നോക്കൗട്ട് സാധ്യതകൾ ഉറപ്പാക്കാൻ വളരെ പ്രധാനമാണ്. ബ്രസീലിനെ സമനിലയിൽ തളച്ചാൽ സ്കോട്ട്ലൻഡിന് ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കും.

സൂപ്പർ താരം നെയ്മർ തിരിച്ചെത്തുന്നു

പരിക്കിനെ തുടർന്ന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ സൂപ്പർ താരം നെയ്മർ തിരിച്ചെത്തുമെന്നതാണ് ആരാധകർക്ക് ആവേശം നൽകുന്ന വാർത്ത. പരിശീലനത്തിൽ സജീവമായ നെയ്മർ ഇന്ന് കളിക്കാനിറങ്ങുമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സൂചന നൽകി. എന്നാൽ, വിംഗർ റാഫിഞ്ഞ ഹാംസ്ട്രിംഗ് പരിക്ക് കാരണം ഇന്ന് കളിക്കുന്നില്ല എന്നത് ബ്രസീലിന് തിരിച്ചടിയാണ്. വിനീഷ്യസ് ജൂനിയർ, മാത്യൂസ് കുൻഹ എന്നിവരിലാകും ബ്രസീലിന്റെ ഗോൾ ദൗത്യം.

സ്കോട്ട്ലൻഡിൻ്റെത് ചരിത്ര ദൗത്യം

പ്രധാന ടൂർണമെന്റുകളിൽ ഗ്രൂപ്പ് ഘട്ടം കടക്കുക എന്നത് സ്കോട്ട്ലൻഡിൻ്റെ  ദീർഘകാല സ്വപ്നമാണ്. ഇന്ന് ഒരു പോയിന്റ് എങ്കിലും നേടിയാൽ അവർക്ക് നോക്കൗട്ട് യോഗ്യത ഉറപ്പിക്കാം. സ്കോട്ട് മക്ടോമിനെ, ആൻഡ്രൂ റോബർട്ട്സൺ, ജോൺ മക്ഗിൻ എന്നിവരുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ടീമിന്റെ ശ്രമം. പരിക്കിനെ തുടർന്ന് വിട്ടുനിന്ന സ്കോട്ട് മക്കെൻന തിരിച്ചെത്തുന്നത് ടീമിന് ആത്മവിശ്വാസം നൽകുന്നു.

മത്സരത്തിന്റെ പ്രാധാന്യം

ബ്രസീലും സ്കോട്ട്ലൻഡും തമ്മിലുള്ള അഞ്ചാമത്തെ ലോകകപ്പ് ഏറ്റുമുട്ടലാണിത്. ഇതുവരെയുള്ള ചരിത്രത്തിൽ സ്കോട്ട്ലൻഡിന് ബ്രസീലിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. 1998-ലെ ലോകകപ്പിലാണ് ഇവർ അവസാനമായി ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയത്. അന്ന് ബ്രസീൽ 2-1 വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ 68 ശതമാനത്തോളം വിജയിക്കാൻ സാധ്യത ബ്രസീലിനാണെന്നാണ് ഒപ്റ്റയുടെ (Opta) പ്രവചനം.

സാധ്യമായ ലൈനപ്പുകൾ:

ബ്രസീൽ: അലിസൺ ബെക്കർ (ഗോൾകീപ്പർ), ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മഗാലയസ്, മാർക്കിഞ്ഞോസ്, ഡാനിലോ, ലൂക്കാസ് പക്വേറ്റ, കാസെമിറോ, ബ്രൂണോ ഗ്വിമാരേസ്, വിനീഷ്യസ് ജൂനിയർ, മാത്യൂസ് കുൻഹ, റയാൻ.

സ്കോട്ട്ലൻഡ്: ആംഗസ് ഗൺ (ഗോൾകീപ്പർ), ആൻഡ്രൂ റോബർട്ട്സൺ, ഗ്രാന്റ് ഹാൻലി, ജാക്ക് ഹെൻഡ്രി, നഥാൻ പാറ്റേഴ്സൺ, ജോൺ മക്ഗിൻ, സ്കോട്ട് മക്ടോമിനെ, ലൂയിസ് ഫെർഗൂസൺ, റയാൻ ക്രിസ്റ്റി, ബെൻ ഗാനൺ-ഡോക്, ചെ ആഡംസ്.