ഹോങ്കോംഗ് തീപ്പിടുത്ത ദുരന്തം :കെട്ടിടത്തിനകത്തെ ചിത്രങ്ങൾ ആദ്യമായി പുറത്തുവിട്ട് ഹോങ്കോംഗ് പോലീസ്

146 പേരുടെ മരണത്തിനിടയാക്കിയ ഹോങ്കോങ്ങിലെ തായ് പോയിലെ ഒരു ഭവന സമുച്ചയമായ വാങ് ഫുക് കോർട്ടിന്റെ  ബഹുനില കെട്ടിടങ്ങളെ വിഴുങ്ങിയതീപ്പിടുത്തത്തിൽ തകർന്ന കെട്ടിടത്തിന്റെ അകത്തെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹോങ്കോങ് പോലീസ് .  തീപിടുത്തത്തിന്റെ കനത്ത ആഘാതം വെളിപ്പെടുത്തുന്നതാണ് ഓരോ ചിത്രങ്ങളും .

തകർന്ന ജനൽ ഫ്രെയിമിനിടയിൽ കത്തിനശിച്ച ഒരു എയർ കണ്ടീഷണർ (എസി) ഇരിക്കുന്നു. ഒരിക്കൽ മഞ്ഞ നിറമായിരുന്ന ചുവരുകൾ, പുകയുടെ പാടുകൾ പേറുന്ന ഭയാനകമായ തീപിടുത്തത്തിന് സാക്ഷികളായി നിൽക്കുന്നു. നിലത്ത് തീയുടെ അവശിഷ്ടങ്ങൾ - അവശിഷ്ടങ്ങൾ, ചാരം, കത്തിയ മരം, ലോഹ വസ്തുക്കൾ എല്ലാം നടക്കമുളവാക്കുന്നതാണ് .

നവംബർ 26ന് ഉച്ചതിരിഞ്ഞ് ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായ ഒരു ചെറിയ തീപിടുത്തം വാങ് ഫുക് കോർട്ടിന്റെ എട്ട് ബഹുനില കെട്ടിടങ്ങളെ വിഴുങ്ങുകയായിരുന്നു.1980 ന് ശേഷമുള്ള ലോകത്തിലെ ഏറ്റവും മാരകമായ റെസിഡൻഷ്യൽ കെട്ടിട തീപിടുത്തമായിരുന്നു ഇത്.

"വൈകുന്നേരം 4:00 (0800 GMT) വരെ, ഏറ്റവും പുതിയ മരണസംഖ്യ 146 ആണ്. കൂടുതൽ മരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല," പോലീസിന്റെ കാഷ്വാലിറ്റി എൻക്വയറി യൂണിറ്റിലെ ചീഫ് സൂപ്രണ്ട് സാങ് ഷുക്-യിൻ കഴിഞ്ഞദിവസം  ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഫ്ലാറ്റുകൾ, പടിക്കെട്ടുകൾ, ഇടനാഴികൾ, മേൽക്കൂരകൾ എന്നിവിടങ്ങളിൽ മൃതദേഹങ്ങൾക്കായി ഹോങ്കോംഗ് പോലീസ് സേന തിരച്ചിൽ തുടരുകയാണ്.. കെട്ടിടത്തിന്റെ ഉൾഭാഗങ്ങൾ തകർന്നത് തിരച്ചിൽ സങ്കീർണ്ണമാക്കിയതായി പോലീസ് പറഞ്ഞു.

നാശത്തിന്റെ വ്യാപ്തി കെട്ടിടത്തിൽ ഉപയോഗിക്കുന്ന നിർമ്മാണ വസ്തുക്കളുടെ പങ്കിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് അനുസരിച്ച്, കേടുപാടുകൾ സംഭവിക്കാത്ത ഒരു ടവറിന്റെ ഓരോ നിലയിലെയും ജനാലകളിൽ നവീകരണപ്രവർത്തനങ്ങൾ ചെയ്യുന്നതിനായുള്ള  മുളകൾ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് ഇത് തീപെട്ടെന്നു പടരുന്നതിന് സഹായകരമായാണ് കണ്ടെത്തൽ .തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ ഒരു ഇന്റർ ഡിപ്പാർട്ട്മെന്റൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. നഗരത്തിലെ അഴിമതി വിരുദ്ധ നിരീക്ഷണ സംഘം തീപിടുത്തവുമായി ബന്ധപ്പെട്ട് 11 പേരെ പിടികൂടിയിട്ടുണ്ട് , ഇതിൽ മൂന്ന് പേരെ നരഹത്യയ്ക്ക് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ടെടുത്ത 146 മൃതദേഹങ്ങളിൽ 54 എണ്ണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 40 ഓളം ആളുകളിലേക്ക് ഉദ്യോഗസ്ഥർ ഇപ്പോഴും എത്തിച്ചേരാൻ ശ്രമിക്കുന്നു.തീപിടുത്തത്തിൽ പരിക്കേറ്റ പതിനാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്.

തീപിടുത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും പൂക്കൾ അർപ്പിക്കാനുംഹോങ്കോങ്ങിലുടനീളം ദുഃഖാർത്തരായ ആളുകൾ ഇന്നലെ ഒത്തുചേർന്നു.ബന്ധുക്കളുടെ അകാല വിയോഗത്തിൽ ഹൃദയംപൊട്ടിക്കരയുന്നവരുടെ ദൃശ്യങ്ങൾ കരളലിയിക്കുന്നതായിരുന്നുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടയിൽ  കെട്ടിടത്തിൽ  തീപിടുത്തമുണ്ടാകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കെട്ടിടത്തിന്റെ പുറം മതിലിനടുത്ത് ഒരു തൊഴിലാളി പുകവലിക്കുന്ന ദൃശ്യം  സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് .തീപ്പിടുത്തതിന് കാരണം ഈ സിഗററ്റാണെന്നും  പറയപ്പെടുന്നുണ്ട്.